|    Jun 25 Mon, 2018 5:36 pm
FLASH NEWS

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം: യുഡിഎഫില്‍ തര്‍ക്കം മുറുകുന്നു

Published : 14th November 2015 | Posted By: SMR

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി യുഡിഎഫില്‍ ലീഗും കോണ്‍ഗ്രസും തര്‍ക്കം തുടരുന്നു. ഇരുപാര്‍ട്ടികള്‍ക്കും ജില്ലാ പഞ്ചായത്തില്‍ നാല് വീതം അംഗങ്ങളാണുള്ളത്. ലീഗ് എട്ട് സീറ്റിലും കോണ്‍ഗ്രസ് ഏഴ് സീറ്റിലും ഘടകകക്ഷികളായ സിഎംപി, ജെഡിയു എന്നിവ ഓരോ സീറ്റിലുമാണ് മല്‍സരിച്ചത്. എന്നാല്‍ ഘടകകക്ഷി പ്രതിനിധികളെ വിജയിപ്പിക്കാനായില്ല.
ലീഗ് മല്‍സരിച്ച എടനീര്‍, ദേലമ്പാടി ഡിവിഷനുകളില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിക്കും എല്‍ഡിഎഫിനും വോട്ട് മറിച്ചുനല്‍കിയെന്ന ആരോപണം ശക്തമായിട്ടുണ്ട്. ദേലമ്പാടി ഡിവിഷനില്‍ മല്‍സരിച്ച ലീഗിലെ നഫീസ ഗഫൂര്‍ നിസാര വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. യുഡിഎഫ് ഒറ്റക്കെട്ടായി നിന്നിരുന്നുവെങ്കില്‍ ദേലമ്പാടി, എടനീര്‍ ഡിവിഷനുകള്‍ പിടിച്ചെടുക്കാമെന്നാണ് ലീഗ് വിലയിരുത്തുന്നത്. കന്നഡ മേഖലയില്‍ സ്വാധീനമുള്ള കോണ്‍ഗ്രസിന്റെ ഒരു നേതാവാണ് രണ്ട് ഡിവിഷനുകളിലും ലീഗ് സ്ഥാനാര്‍ഥികളുടെ പരാജയത്തിന് കാരണമായതെ ന്നും ഇന്നലെ ചേര്‍ന്ന ലീഗ് ജില്ലാ കമ്മിറ്റിയില്‍ ആരോപണം ഉയര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കേണ്ടതില്ലെന്നും ഇതിന് സമ്മര്‍ദ്ദം ചെലുത്തണമെന്നും ലീഗ് യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്തിലേക്ക് കോണ്‍ഗ്രസിലെ പാദൂര്‍ കുഞ്ഞാമുഹാജിയാണ് ചരട് വലിക്കുന്നത്. ബിജെപി അംഗങ്ങളെ വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തി പ്രസിഡന്റാകാനാണ് ഇദ്ദേഹം നീക്കം നടത്തുന്നത്. അതേസമയം എ ജി സി ബഷീറിനെ പ്രസിഡന്റാക്കണമെന്ന് ലീഗ് ജില്ലാ കമ്മിറ്റി ഇന്നലെ തീരുമാനിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ട് കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത ലീഗ്, കോണ്‍ഗ്രസ് കക്ഷികള്‍ തമ്മിലുള്ള സ്ഥാനങ്ങള്‍ വീതിച്ചെടുക്കുന്ന ചര്‍ച്ച നാളത്തേക്ക് മാറ്റി. കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെട്ടവരെ വിവരം അറിയിക്കാത്തതിനെ തുടര്‍ന്നാണ് യോഗം നാളത്തേക്ക് മാറ്റിയത്.
ജില്ലാപഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും മുസ്‌ലിംവിഭാഗത്തില്‍ നിന്ന് വരുന്നതിനാല്‍ ഇത് സാമുദായികമായി ചേരിതിരിവിന് കാരണമാകുമെന്ന് ലീഗ് ജില്ലാ കമ്മിറ്റി വിലയിരുത്തി. കോണ്‍ഗ്രസിലെ പാദൂര്‍ കുഞ്ഞാമു പ്രസിഡന്റായാല്‍ വൈസ് പ്രസിഡന്റ് സ്ഥാനം ലീഗിനാണ് ലഭിക്കുക.
ഇത് സാമൂദായിക സന്തുലിതാവസ്ഥ മാറ്റിമറിക്കുമെന്നാണ് ലീഗ് ഭയക്കുന്നത്. ലീഗില്‍ നിന്ന് എ ജി സി ബഷീര്‍, ഫരീദ സക്കീര്‍ അഹമദ്, മുംതാസ് സമീറ, സുഫൈജ അബൂബക്കര്‍ എന്നിവരാണ് ജില്ലാപഞ്ചാ യ ത്ത് അംഗങ്ങള്‍. കോണ്‍ഗ്രസില്‍ പാദൂര്‍ കുഞ്ഞാമുഹാജി, അലി അര്‍ഷാദ് വോര്‍ക്കാടി, ശാന്തമ്മ ഫിലിപ്പ്, പി പി പത്മജ എന്നിവരാണ് അംഗങ്ങള്‍. സിപിഎമ്മില്‍ വി പി പി മുസ്തഫ, പി സി സുബൈദ, ഇ പത്മാവതി, ജോസ് പതാലില്‍, അഡ്വ. എ പി ഉഷ, എം കെ കേളുപണിക്കര്‍, സിപിഐയിലെ എം നാരായണന്‍, ബിജെപിയിലെ അഡ്വ. ശ്രീകാന്ത്, പുഷ്പ അമേക്കള എന്നിവരാണ് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍.
ലീഗിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചാല്‍ മലയോരത്ത് നിന്നുള്ള കോണ്‍ഗ്രസിലെ ശാന്തമ്മ ഫിലിപ്പ് വൈസ് പ്രസിഡന്റാകും. ഈ സമവാക്യം മാറ്റാനാണ് കോണ്‍ഗ്രസിലെ ചിലര്‍ ശ്രമിക്കുന്നത്. ഇതിന് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരുമുണ്ട്.
പഴയ ഡിഐസിക്കാരനാണ് പാദൂര്‍ കുഞ്ഞാമുഹാജി. പഴയ ഡിഐസിക്കാരനായ ഡിസിസി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരന്‍ പാദൂരിനെ അനുകൂലിക്കുന്നുവെന്നാണ് സൂചന. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തര്‍ക്കം തുടര്‍ന്നാല്‍ യുഡിഎഫ് സംസ്ഥാന കമ്മിറ്റി ഇടപെട്ട് സമവായം ഉണ്ടാക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss