|    Oct 22 Mon, 2018 5:31 am
FLASH NEWS

ജില്ലാപഞ്ചായത്ത് പദ്ധതികള്‍ അനിശ്ചിതത്വത്തില്‍

Published : 16th January 2017 | Posted By: fsq

 

കാസര്‍കോട്: അധികാരം താഴെ തട്ടില്‍ പതിച്ച് നല്‍കിയിട്ടും ഇനിയും നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥ നിയമനം നടക്കാത്തത് ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നില്ല. ജില്ലാ പഞ്ചായത്തില്‍ ലോക്കല്‍ സെല്‍ഫ് വിഭാഗത്തില്‍ 42 അസിസ്റ്റന്റ്് എന്‍ജിനീയര്‍മാര്‍ വേണ്ടിടത്ത് 14 പേര്‍ മാത്രമാണ് ഉള്ളത്. ഇത് പദ്ധതികളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ജില്ലയിലെ സര്‍ക്കാര്‍ നിയമനങ്ങളില്‍ അന്യജില്ലകളില്‍ നിന്നുള്ളവരെ നിയമിക്കുന്നത് മൂലം ഇവര്‍ ജോലിയില്‍ പ്രവേശിച്ച ശേഷം അവധിയെടുക്കുകയാണ്. മറ്റു ചില വകുപ്പുകളില്‍ അന്യജില്ലകളില്‍ നിന്നുള്ളവര്‍ക്ക് അധിക ചുമതല നല്‍കുകയാണ്. ഇതും പദ്ധതികളെ കാര്യമായി ബാധിക്കുകയാണ്. മാര്‍ച്ചില്‍ പൂര്‍ത്തിയാക്കേണ്ട ത്രിതല പഞ്ചായത്തുകളുടെ പദ്ധതികളും ഉദ്യോഗസ്ഥരുടെ അഭാവംമൂലം അനിശ്ചിതത്വത്തിലാണ്. ജില്ലയിലെ 14 പഞ്ചായത്തുകളില്‍ സെക്രട്ടറിമാരെ ഈയിടെ നിയമിച്ചുണ്ടെങ്കിലും ഭൂരിഭാഗം പഞ്ചായത്തുകളിലും സെക്രട്ടറിമാരുടെ തസ്തികകളില്‍ ഇന്‍ചാര്‍ജ് ഭരണമാണുള്ളത്. ജില്ലാ പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലും നഗരസഭകളിലും ജീവനക്കാരുടെ നിരവധി തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നതും. ഹയര്‍ സെക്കന്‍ഡറികളിലും ഹൈസ്‌ക്കൂളുകളിലും പ്രിന്‍സിപ്പല്‍മാരുടെയും ഹെഡ്മാസ്റ്റര്‍മാരുടേയും ഒഴിവുകള്‍ നികത്താത്തതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങളും അവതാളത്തിലാണ്. സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമില്ല. ഉള്ളവര്‍ തന്നെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചവരാണ്. ഒഴിവുകള്‍ യഥാസമയം പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യാത്തത് കാരണം പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാവുന്നു. സിവില്‍ സപ്ലൈസ് വകുപ്പില്‍ ജില്ലയില്‍ നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടപ്പുണ്ട്. കൃഷി വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനം തടസപ്പെടുന്നു. പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, വൈദ്യുതി തുടങ്ങി നിരവധി പ്രധാനപ്പെട്ട വകുപ്പുകളിലെല്ലാം ജീവനക്കാരുടെ കുറവ് മൂലം ഉള്ള ജീവനക്കാര്‍ അധിക ജോലിഭാരം എടുക്കേണ്ടി വരുന്നു. റവന്യു വകുപ്പില്‍ ജീവനക്കാരുടെ കുറവ് സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട പല ആനുകൂല്യങ്ങളും സര്‍ട്ടിഫിക്കറ്റുകളും മുടങ്ങുന്നുണ്ട്. ജില്ലയില്‍ റീ സര്‍വേ പ്രവര്‍ത്തനം നടക്കുന്നതിനിടയില്‍ ഉള്ള ഉദ്യോഗസ്ഥര്‍ക്ക് മറ്റു ചുമതലകള്‍ കൂടി നല്‍കിയതോടെ റീസര്‍വേ പ്രവര്‍ത്തനം താളം തെറ്റുന്നുണ്ട്. നിലവില്‍ കുമ്പള, മഞ്ചേശ്വരം, കാസര്‍കോട് എന്നിവിടങ്ങിലെ സൂപ്രണ്ടിങ് ഓഫിസുകളിലെ ഉദ്യോഗസ്ഥര്‍ക്കാണ് റീ സര്‍വേയുടെ ചുമതല. ഓരോ ഓഫിസുകളിലും 40 വീതം ജീവനക്കാരുണ്ടെങ്കിലും ഇവര്‍ക്ക് മറ്റു ചുമതലകള്‍ നല്‍കിയതിനാല്‍ റീ സര്‍വേ താറുമാറായി. ക്രമസമാധാന പ്രശ്‌നനമുണ്ടാകുന്ന കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള, ആദൂര്‍, ബദിയടുക്ക, ബേഡകം, ബേക്കല്‍, ഹൊസ്ദുര്‍ഗ്, ചന്തേര, നീലേശ്വരം സ്‌റ്റേഷനുകളില്‍ ആവശ്യത്തിന് പോലിസുകാരെ നിയമിച്ചിട്ടില്ല. ട്രാഫിക്ക്, ഫയര്‍ സര്‍വീസ് എന്നീ വകുപ്പുകളിലും ജീവനക്കാര്‍ കുറവാണ്. ട്രാഫിക്ക് നിയന്ത്രിക്കുന്നതാവട്ടെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിച്ച ഹോംഗാര്‍ഡുകളാണ്. പ്രഭാകരന്‍ കമ്മീഷന്‍ റിപോര്‍ട്ട്, എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പാക്കേജ് തുടങ്ങിയവ സമയബന്ധിതമായി നടപ്പിലാക്കേണ്ട അവസരത്തില്‍ ജീവനക്കാര്‍ ഇല്ലാത്തത് പദ്ധതി മുടങ്ങുമെന്ന ആശങ്കയിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss