|    Oct 21 Sun, 2018 2:13 pm
FLASH NEWS

ജില്ലാആശുപത്രിയില്‍ ട്രോമാകെയര്‍; നടപടികള്‍ തുടങ്ങി

Published : 11th September 2017 | Posted By: fsq

 

പാലക്കാട്: ജില്ല ആശുപത്രിയില്‍ ട്രോമാകെയര്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് നടപടിയായി. അത്യാഹിത വിഭാഗം ട്രോമാ കെയര്‍ യൂനിറ്റാക്കി മാറ്റുകയാണ് ചെയ്യുന്നത്. നിലവില്‍ ഏതവസ്ഥയിലുമെത്തുന്ന രോഗിയെയും അത്യാഹിതവിഭാഗത്തിലാണ് ചികില്‍സിക്കുന്നത്. ട്രോമാകെയര്‍ സംവിധാനം നിലവില്‍ വരുന്നതോടെ അപകടനിലയിലുള്ള രോഗിക്ക് പ്രത്യേകശ്രദ്ധ നല്‍കാന്‍ കഴിയും. രണ്ടുദിവസം മുന്‍പ് ചേര്‍ന്ന ജില്ലാശുപത്രി വികസനസമിതി യോഗത്തിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു. യോഗത്തില്‍ പിഡബ്ല്യുഡി ഇലക്ട്രിക്,  ബില്‍ഡിങ് വിഭാഗം അധികൃതര്‍ പങ്കെടുത്തിരുന്നു. പിഡബ്ല്യുഡി അധികൃതര്‍ ട്രോമാകെയറിന്റെ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് ഒരാഴ്ചമുമ്പുതന്നെ  വിവരമറിയിക്കണമെന്ന് ജില്ലാ ശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അത്യാഹിതവിഭാഗത്തില്‍ ട്രോമാകെയര്‍ വരുന്നതിനാല്‍ അത്യാഹിതവിഭാഗം അനുയോജ്യമായ  മറ്റൊരിടത്തേക്ക് മാറ്റുന്നതിനുള്ള പ്രവൃത്തികള്‍ ചെയ്യുന്നതിനാണിത്. ഇതിന്റെ ഭാഗമായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരിയുടെ നേതൃത്വത്തില്‍ യോഗം ചേരുമെന്നും ജില്ലാശുപത്രി സൂപ്രണ്ട് ഡോ.കെ  രമാദേവി അറിയിച്ചു. ട്രോമാകെയര്‍ യൂനിറ്റിന്റെ പണി ആരംഭിച്ചാല്‍  അത്യാഹിതവിഭാഗത്തിന്റെ പ്രവര്‍ത്തനം താല്‍കാലികമായി സൈക്യാട്രി വാര്‍ഡിലേക്ക് മാറ്റാനാണ് തീരുമാനം. സൈക്യാട്രി വാര്‍ഡും അനുയോജ്യമായ  മറ്റൊരിടത്തേക്ക് മാറ്റും. ന്യൂറോസര്‍ജനടക്കം കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കും. ആറുവര്‍ഷങ്ങള്‍ക്കുശേഷമാണ് ജില്ലാ ആശുപത്രിയില്‍ ട്രോമാകെയര്‍ യൂനിറ്റ് പ്രാവര്‍ത്തികമാകുന്നത്. കേന്ദ്രവിഹിതവും മുഴുവന്‍സമയ തീവ്രചികില്‍സയുമൊക്കെ വാഗ്ദാനം ചെയ്താണ് 2011 ഫെബ്രുവരി 26ന് ജില്ലാ ആശുപത്രി ട്രോമാകെയര്‍ യൂനിറ്റ് ഉദ്ഘാടനം ചെയ്തത്. പതിമൂന്നാം ധനകാര്യകമ്മിഷനാണ് ജില്ലആശുപത്രി ട്രോമാകെയര്‍ യൂനിറ്റിനായി 30 ലക്ഷം അനുവദിച്ചത്. പിന്നീട് വൈദ്യുതീകരണത്തിനായി 3.2 ലക്ഷം കൂടി ആവശ്യപ്പെട്ട് പുതുക്കിയ അടങ്കല്‍ ആവശ്യപ്പെട്ടതിതോടെയാണ് ട്രോമാകെയര്‍ പ്രവര്‍ത്തനങ്ങള്‍ നിലച്ചത്. പിന്നീട് 2017 ജനുവരിയില്‍ പിഡബ്ല്യുഡി ആവശ്യപ്പെട്ട പ്രകാരം അടങ്കല്‍ പുതുക്കിനല്‍കിയിരുന്നു. ട്രോമാകെയര്‍ യൂനിറ്റിനായി വീണ്ടും 2.7 കോടിയും അനുവദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss