|    Mar 17 Sat, 2018 10:00 pm
FLASH NEWS

ജില്ലയ്ക്ക് വാരിക്കോരി; മുസിരിസ് മാതൃകയില്‍ ആലപ്പുഴയില്‍ പൈതൃക സംരക്ഷണകേന്ദ്രം

Published : 9th July 2016 | Posted By: SMR

ആലപ്പുഴ: ധനമന്ത്രി ഡോ. തോമസ് ഐസക് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ ജില്ലയ്ക്ക് മുന്തിയ പരിഗണന ലഭിച്ചു. ആലപ്പുഴ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ധനമന്ത്രി സ്വന്തം മണ്ഡലത്തെയും പദ്ധതിപ്രഖ്യാപനത്തില്‍ മറന്നില്ല.
മുസിരിസ് മാതൃകയില്‍ ആലപ്പുഴയില്‍ പൈതൃക സംരക്ഷണ കേന്ദ്രം സ്ഥാപിക്കാനായി 100 കോടി രൂപ നീക്കിവച്ചു. കലവൂര്‍ ഗോപിനാഥന്റെ പേരില്‍ ആലപ്പുഴയില്‍ വോളിബോള്‍ അക്കാദമി സ്ഥാപിക്കാനായി 50 ലക്ഷം രൂപ വകയിരുത്തി.
പ്രതിസന്ധി നേരിടുന്ന ജില്ലയിലെ കയര്‍മേഖലയുടെ പുനരുദ്ധാരണത്തിന് പുതിയ പദ്ധതി പ്രഖ്യാപിച്ചു. ചെറുകിട ഉല്‍പാദകരുടെ ഉല്‍പന്നങ്ങള്‍ പൂര്‍ണമായും ഏറ്റെടുക്കും. കയര്‍മേഖലയ്ക്കായി രണ്ടാം കയര്‍ പുനസ്സംഘടനാ പദ്ധതി നടപ്പാക്കുമെന്നും തോമസ് ഐസക് പ്രഖ്യാപിച്ചു. കയര്‍ പോലുളള മേഖലകളില്‍ സാങ്കേതിക നവീകരണം ഉറപ്പാക്കും. കൈവേല ചെയ്തു ജീവിക്കുന്നവരെ സംരക്ഷിച്ചു കൊണ്ടു തന്നെ കയര്‍ മേഖലയില്‍ ആധുനീകരണം നടപ്പാക്കും.
നെല്ല് കര്‍ഷകര്‍ നിരന്തരം ഉയര്‍ത്തുന്ന നെല്ല് സംഭരണ പ്രശ്‌നത്തിന് പരിഹാരമായി 385 കോടി രൂപ ബജറ്റില്‍ വകയിരുത്തി. നെല്‍കൃഷി പ്രോല്‍സാഹനത്തിന് 50 കോടിയും സബ്‌സിഡി നിരക്ക് വര്‍ധനയും ധനമന്ത്രി വാഗ്ദാനം ചെയ്തു.
മരുന്നുനിര്‍മാണത്തിനായി കലവൂര്‍ കെഎസ്ഡിപിയുടെ നേതൃത്വത്തില്‍ മരുന്ന് ഫാക്ടറി നിര്‍മിക്കും. സംസ്ഥാനത്തിന്റെയും പുറത്തുനിന്ന് വരുന്ന ഓര്‍ഡറുകളുടെയും ആവശ്യകത പൂര്‍ണമായി പരിഹരിക്കാന്‍ ഇതിലൂടെ കഴിയും. കെഎസ്ഡിപിയുടെ നവീകരണത്തിന് 250 കോടി രൂപ ചെലവഴിക്കും.
കടലാക്രമണം രൂക്ഷമായ തീരപ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മാണത്തിന് 300 കോടി രൂപ വകയിരുത്തി. ഇതോടൊപ്പം തീരസംരക്ഷണ പദ്ധതിയുടെ വിലയിരുത്തല്‍ നടത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. മല്‍സ്യബന്ധന മേഖലയില്‍ 50 കോടി രൂപയുടെ കടാശ്വാസപദ്ധതി നടപ്പാക്കുന്നത് ജില്ലയിലെ മല്‍സ്യത്തൊഴിലാളികള്‍ക്കും പ്രയോജനകരമാവും. മറ്റ് ജില്ലകള്‍ക്കൊപ്പം ആലപ്പുഴയിലും മള്‍ട്ടിപര്‍പസ് ഇന്‍ഡോര്‍ സ്റ്റേഡിയം സ്ഥാപിക്കും. ചക്കയുടെ ഗവേഷണത്തിനും പ്രചാരണത്തിനും പദ്ധതി തയ്യാറാക്കാന്‍ പത്തനംതിട്ട, കായംകുളം കാര്‍ഷിക വികസന കേന്ദ്രത്തിന് അഞ്ച് കോടി അനുവദിച്ചു.
പിവിസി കയര്‍ അവശിഷ്ടങ്ങള്‍ സംസ്‌കരിച്ച് ബോര്‍ഡുകളാക്കുന്നതിന് സംയുക്ത സംരംഭം ആലപ്പുഴയില്‍ ആരംഭിക്കും. കയര്‍മേഖലക്ക് 232 കോടി. കഴിഞ്ഞ വര്‍ഷം 116 കോടി വകയിരുത്തിയതില്‍ ചെലവഴിച്ചത് 68 കോടി മാത്രമായിരുന്നു. പുന്നപ്ര-വയലാര്‍ സമര സേനാനികളുടെ 2011 മുതലുള്ള ഡിഎ കുടിശ്ശിക അനുവദിക്കും.
പി കൃഷ്ണപിള്ളയുടെ പേരില്‍ 40 കോടിയുടെ സാംസ്‌കാരിക സമുഛയം സ്ഥാപിക്കും. വലിയ ചുടുകാട് പുന്നപ്ര വയലാര്‍ സ്മാരകത്തിന് 50 ലക്ഷവും ഇരയിമ്മന്‍തമ്പി മെമ്മോറിയല്‍ 25 ലക്ഷവും എ ആര്‍ ആന്റ് നരേന്ദ്രപ്രസാദ് മെമ്മോറിയല്‍ മാവേലിക്കര 25 ലക്ഷവും അനുവദിച്ചു.
ആലപ്പുഴ- കുട്ടനാട്- ചങ്ങനാശേരി- കോട്ടയം മേഖലയില്‍ ജലഗതാഗതം നവീകരിക്കുന്നതിന് കൊച്ചിയിലെ മെട്രോറെയില്‍ കോര്‍പറേഷന്‍ പദ്ധതി മാതൃകയില്‍ ഇന്‍ലാന്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് വഴി പദ്ധതിക്ക് രൂപം നല്‍കും. ഇതിനായി 400 കോടി വകയിരുത്തി. ആലപ്പുഴ ബോട്ട് ജെട്ടി, ബസ് സ്റ്റാന്റ് എന്നിവയെ സംയോജിപ്പിച്ച് ആലപ്പുഴ മൊബിലിറ്റി ഹബ്ബ് സ്ഥാപിക്കാന്‍ 50 കോടി വകയിരുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss