|    Apr 22 Sun, 2018 4:56 am
FLASH NEWS

ജില്ലയ്ക്ക് ബജറ്റില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് വിമര്‍ശനം

Published : 18th February 2016 | Posted By: SMR

പത്തനംതിട്ട: ജില്ലയ്ക്ക് സംസ്ഥാന ബജറ്റില്‍ അര്‍ഹിക്കുന്ന യാതൊരു പരിഗണനയും ലഭിച്ചതായി തോന്നുന്നില്ലെന്ന് വിമര്‍ശനം. പത്തനംതിട്ട പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച സംവാദത്തില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ഡോ. വര്‍ഗീസ് ജോര്‍ജ്, ആസുത്രണ കമ്മീഷന്‍ മുന്‍ അംഗം അഡ്വ. പിലീപ്പോസ് തോമസ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്‍ നായര്‍ എന്നിവരാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിനെ വിശകലനം ചെയ്തത്.
രാവിലെ നിയമസഭയിലെത്തി ജനങ്ങളുടെ പ്രശ്‌നങ്ങളും നാടിന്റെ വിഷയങ്ങളും അവതരിപ്പിക്കേണ്ട ജനപ്രതിനിധികള്‍ പ്രതിഷേധം നടത്തി മടങ്ങുന്നതുമൂലമുണ്ടായ അലംഭാവവും വിമര്‍ശന വിഷയമായി. കാര്‍ഷീകം, പ്രവാസി പുനരധിവാസം, വ്യവസായ പദ്ധതികളുടെ കാര്യത്തില്‍ ജില്ലയോട് കാട്ടിയ അവഗണന തുടങ്ങിയ വിഷയങ്ങളിലെല്ലാം ചൂണ്ടിക്കാട്ടിയാണ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചത്. പ്രസ് ക്ലബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍ മോഡറേറ്ററായിരുന്നു.
ഡോ. വര്‍ഗീസ് ജോര്‍ജ്
പത്തനംതിട്ട സംസ്ഥാനത്ത് വികസനകാര്യത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന മേഖലയാണെന്നും സംസ്ഥാനത്തിന്റെ വികസനം അഞ്ച് ശതമാനമാണെങ്കില്‍ പത്തനംതിട്ടയുടെ വികസനം കേവലം 2.5 ശതമാനം മാത്രം. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയാണ് ഇതിനുകാരണമെന്നും ഡോ. വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
കേരളത്തിലെ ഇതര ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ മൈനസ് നാലു ശതമാനമാണ് പത്തനംതിട്ടയുടെ വളര്‍ച്ച. റബര്‍ കൃഷിയില്‍ ഉണ്ടായ ശോഷണമാണ് ഇതിനുകാരണം.
യഥാര്‍ഥത്തില്‍ റബറിന്റെ വിപണി വില 80 രൂപാ മാത്രമാണ്. സംസ്ഥാന സര്‍ക്കാര്‍ 70 രൂപാ സബ്‌സിഡികൂടി നല്‍കുന്നതുകൊണ്ടുമാത്രമാണ് 150 രൂപയില്‍ എത്തിയിരിക്കുന്നത്. ഇപ്പോള്‍ പലരും റബര്‍ കൃഷിയില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഫെബ്രുവരി മാസം വരെയുള്ള കണക്ക് അനുസരിച്ച് 4.40 ലക്ഷം ടണ്‍ റബറാണ് ഇറക്കുമതി ചെയ്തിട്ടുള്ളത്. 2020വരെ ആവശ്യത്തിനുള്ള റബര്‍ ടയര്‍ കമ്പനികള്‍ സംഭരിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ വില തകര്‍ച്ചയില്‍ നിന്നു കര്‍ഷകരെ രക്ഷിക്കാന്‍ റബറധിഷ്ടിത വ്യവസായങ്ങള്‍ ആരംഭിക്കുകയാണ് വേണ്ടത്. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു പദ്ധതിയും ബജറ്റില്‍ കാണുന്നില്ല.
കേരളത്തിന്റെ കണക്കെടുത്താല്‍ ആറില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് ഗള്‍ഫിലൊ മറ്റ് വിദേശരാജ്യങ്ങളിലൊ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലോ ജോലി ചെയ്യുന്നവരാണ്. പ്രവാസികളുടെ ജില്ലയിലെ നിക്ഷേപം ഉദ്ദേശ്യം 26,800 കോടിരൂപയാണ്.
എന്നാല്‍ ഈ തുക ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നതിനാല്‍ യഥാര്‍ഥ പ്രയോജനം ജലങ്ങളില്‍ എത്തുന്നില്ല. വ്യവസായ മേഖലയിലേക്ക് പണം മുടക്കാന്‍ ആളുകളെ പ്രാപ്തമാക്കുന്ന രീതിയില്‍ യാതൊരു പദ്ധതികളും ആവിഷ്‌ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
വിനോദ സഞ്ചാരം
ജില്ലയ്ക്ക് ഏറെ സാധ്യതയുള്ള വിനോദസഞ്ചാരമേഖലയിലും തളര്‍ച്ച വ്യക്തമാണ്. കഴിഞ്ഞ വര്‍ഷം കേവലം 1100 വിദേശികള്‍ മാത്രമാണ് ജില്ലയില്‍ എത്തിയത്. ആഭ്യന്തര വിനോദസഞ്ചാരികളുടെ സംഖ്യ 1,13,000 എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ടൂറിസം പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിയാത്തതാണ് ഇതുനുകാരണം. കേരളത്തിന്റെ വിദ്യാഭ്യാസ മേഖല വളരേണ്ടത് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയിലൂടെയാണെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ വളര്‍ച്ചയിലൂടെയാണ് വിദ്യാഭ്യാസരംഗം വളരേണ്ടത്. എന്നാല്‍ മാത്രമേ ദളിതര്‍ക്കും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്കും മറ്റ് ജനവിഭാഗങ്ങളെപ്പോലെ വിദ്യാഭ്യാസം പ്രാപ്യമാകൂ. ഇത്തരം പദ്ധതികളാണ് ബജറ്റിലൂടെ സര്‍ക്കാര്‍ നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് മെഡിക്കല്‍ കോളജുകള്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തണം. ജനങ്ങള്‍ക്ക് സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കാര്യക്ഷമമല്ലാത്തതിനാലാണ്.
അഡ്വ. പീലിപ്പോസ് തോമസ്
സമീപ ജില്ലയായ കോട്ടയത്തിന് ശതകോടികള്‍ വിവിധ പദ്ധതിക്കായി അനുവദിച്ചപ്പോള്‍ പത്തനംതിട്ടയെ മനപൂര്‍വം മറന്നതായി പീലിപ്പോസ് തോമസ് പറഞ്ഞു. ആറന്‍മുള വിമാനത്താവള പദ്ധതി നടക്കാതെപോയതിന്റെ പ്രതികാരമായിട്ടുമാത്രമെ ഇതിനെ കാണാന്‍ കഴിയു. മോഹന പദ്ധതി ഇല്ലെങ്കില്‍ പിന്നെ ഒന്നും വേണ്ടന്ന വാശിയാണ് ഇതിനുകാരണം. പ്രവാസിവരുമാനം ഏറെയുള്ള ജില്ലയില്‍ ഇവരുടെ തിരിച്ചുവരവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇവരുടെ പുനരധിവാസത്തിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടില്ല. ടൂറിസം മേഖലയിലൂടെ വരുമാനമുണ്ടാക്കാന്‍ സാധ്യത ഏറെയുണ്ടെങ്കിലും അതിനായി ജില്ലയെ പരിഗണിച്ചിട്ടുപോലുമില്ല.
ജില്ലയ്ക്ക് ഒന്നുംതന്നെ അനുവദിച്ചിട്ടില്ലെങ്കിലും സംസ്ഥാന ബജറ്റ് കണ്ടാല്‍ യുഡിഎഫിന്റെ പ്രകടന പത്രികയാണെന്നെ തോന്നുകളയുള്ളൂ. ഒരുപാട് പദ്ധതികള്‍ ചൂണ്ടിക്കാട്ടുന്ന ബജറ്റിലെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ട ഉത്തരവാദിത്വം ആര്‍ക്കാണെന്നുള്ളതാണ് പ്രധാന ചോദ്യം.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ ബജറ്റ് അവതരണത്തിലൂടെ പയറ്റിയത്. സാമ്പത്തീക സര്‍വേ പരിശോധിച്ചാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക് 6.67 ശതമാനമായി കുറഞ്ഞെന്ന് മനസ്സിലാക്കാം. ഇന്ത്യയുടെ ശരാശരി സാമ്പത്തീക വളര്‍ച്ചാ നിരക്കിനേക്കാള്‍ കുറവാണിത്. പണ്ട് കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് ശരാശരിയിലും മുകളിലായിരുന്നു എന്ന കാര്യം ശ്രദ്ധേയമാണ്. 22 ശതമാനം വളര്‍ച്ചാ നിരക്ക് കൂടിയ ഒരേ ഒരു മേഖല ക്വാറി ഖനനം മാത്രമാണ്. ഇതിന് പിന്നിലുള്ളതെന്താണെന്ന് എല്ലാവര്‍ക്കും അറിയാം.
കാര്‍ഷീക രംഗത്തുള്ള തളര്‍ച്ച കണ്ടില്ലെന്ന് നടിച്ച് ഒരു ബജറ്റും അവതരിപ്പിക്കാന്‍ കഴിയില്ല. റബറിന് 500 കോടി കൊടുത്തു എന്നാണ് സര്‍ക്കാരിന്റെ വാദം. നെല്‍കൃഷിയുടെ കാര്യത്തിലും സംസ്ഥാനത്തിന്റെ നയം ശ്രദ്ധേയമാണ്. നെല്ല് സംഭരിച്ചാല്‍ പണം കര്‍ഷകന് നല്‍കാന്‍ തയ്യാറാകുന്നില്ല. കുട്ടനാട് പാക്കേജിനെ പൂര്‍ണമായും കുഴിച്ചുമൂടി. അപ്പര്‍കുട്ടനാടന്‍ മേഖല തകര്‍ന്നു. സര്‍ക്കാരിന്റെ മുതല്‍മുടക്ക് ജില്ലയില്‍ പ്രകടമാകുന്നത് കോന്നിയില്‍ മാത്രം.
തൊഴിലില്ലായ്മയുടെ കാര്യത്തില്‍ അഖിലേന്ത്യ ശരാശരിയുടെ മൂന്നിരട്ടിയാണ് സംസ്ഥാനത്തിന്റെ സ്ഥിതി. ഇതിന് യാതൊരു പരിഹാരവും ബജറ്റ് നിര്‍ദേശിച്ചിട്ടില്ല. ടൂറിസം മേഖലയെ പൂര്‍ണമായും അവഗണിച്ചു. എറണാകുളം, തിരുവനന്തപുരം, കോട്ടയം, വയനാട് ജില്ലകളില്‍ മാത്രമെ ടൂറിസം പദ്ധതികള്‍ നടപ്പാകുന്നുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
ഷാജി ആര്‍ നായര്‍
തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രയോഗിച്ച ഒരു പൊടിക്കൈ ആയി മാത്രമേ ഈ ബജറ്റിനെ കാണാനാവൂ എന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്‍ നായര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് അടക്കം ചില മോഹനവാഗ്ദാനങ്ങള്‍ നല്‍കിയതല്ലാതെ പുതിയ പദ്ധതികളൊന്നും ജില്ലക്കായി ആവിഷ്‌കരിക്കാന്‍ ബജറ്റിനായട്ടില്ല.
തരിശുഭൂമി കൃഷിക്കുള്ള പദ്ധതി ആവിഷ്‌കരിച്ചാല്‍ മാത്രമേ ജില്ലയിലെ നെല്‍ക്കര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണാനാവൂ. വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാം നേരിടുന്ന ജില്ലയിലെ പ്രദേശങ്ങളില്‍ കുടിവെള്ള പദ്ധതിള്‍ നടപ്പാക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ക്കൊന്നും ഫണ്ട് വകയിരുത്താന്‍ ബജറ്റിനായിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss