|    May 26 Fri, 2017 10:12 pm
FLASH NEWS

ജില്ലയെ സമ്പൂര്‍ണ ഒഡിഎഫ് ആയി പ്രഖ്യാപിച്ചു

Published : 20th October 2016 | Posted By: SMR

തിരുവനന്തപുരം: തലസ്ഥാന ജില്ലയെ സമ്പൂര്‍ണ ശൗചാലയ ജില്ലയായി പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി വേഗത്തില്‍ ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയാറായതും ഗ്രാമ പഞ്ചായത്തുകളുടെയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും കൂട്ടായ പരിശ്രമവുമാണ് തിരുവനന്തപുരം ജില്ല സമ്പൂര്‍ണ ഒഡിഎഫ് ആയതിനു പിന്നിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമ്പൂര്‍ണ ഒഡിഎഫ് പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ മേനി നടിക്കുമ്പോഴും ജില്ലയില്‍ 14,211 വീടുകളില്‍ ശൗചാലയമില്ലായിരുന്നുവെന്ന സത്യം ദുഖിപ്പിക്കുന്നതാണ്. ഈ പ്രശ്‌നം ഇപ്പോള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞത് ജനകീയ പങ്കാളിത്തത്തോടെയാണ്. സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി ഇനിയും വൈദ്യുതിയെത്തിയിട്ടില്ലാത്ത കേരളത്തിലെ ഒരു ലക്ഷത്തി പതിനാറായിരം വീടുകളില്‍ 2017 മാര്‍ച്ചോടെ വൈദ്യുതി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അനധികൃത നിര്‍മാണമെന്ന് പറഞ്ഞ് ഇനി ഒരു കുടുംബത്തിനും വൈദ്യുതി നിഷേധിക്കപ്പെടാതിരിക്കാനുള്ള മുന്‍കരുതലും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞു. ഓലപ്പുരയോ ഷീറ്റ് കെട്ടിമറച്ചതോ എന്ന വ്യത്യാസമില്ലാതെ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കും വൈദ്യുതി ബോര്‍ഡിനും ഉത്തരവ് നല്‍കിയതായും മന്ത്രി വ്യക്തമാക്കി. ജില്ലാ ശുചിത്വ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  വി കെ മധു അധ്യക്ഷനായി. ജില്ലയില്‍ ബേസ് ലൈന്‍ സര്‍വേ പ്രകാരവും ഗ്രാമസഭകളിലൂടെയും തിരഞ്ഞെടുത്ത 14,211 കുടുംബങ്ങള്‍ക്ക് ഒഡിഎഫ് കാംപയിനിന്റെ ഭാഗമായി ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിന് ധനസഹായം നല്‍കിയിട്ടുണ്ടെന്ന് റിപോര്‍ട്ട് അവതരിപ്പിച്ച ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി പറഞ്ഞു. സ്വച്ഛ് ഭാരത് മിഷന്‍ വിഹിതമായി 12000 രൂപയും ഗ്രാമപ്പഞ്ചായത്ത് വിഹിതമായി 3400 രൂപയുമാണ് ഓരോ ഗുണഭോക്താവിനും നല്‍കിയത്. ജില്ലയിലെ 11 ബ്ലോക്കുകളിലുള്ള 73 ഗ്രാമ പഞ്ചായത്തുകളാണ് കാമ്പയിന്റെ ഭാഗമായതെന്നും കലക്ടര്‍ വ്യക്തമാക്കി.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ ദേവദാസ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രഞ്ജിത്, വിഴിഞ്ഞം പോര്‍ട്ട് സിഇഒ സന്തോഷ് കുമാര്‍ മൊഹാപത്ര, ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബി അനീഷ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day