|    Apr 27 Fri, 2018 8:42 am
FLASH NEWS

ജില്ലയെ പുനര്‍നിര്‍മിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി

Published : 2nd July 2016 | Posted By: SMR

ആലപ്പുഴ: ജില്ലയെ പുനര്‍നിര്‍മിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഓടകളും നടപ്പാതകളും നിര്‍മിച്ച് ജില്ലയിലെ പ്രധാന റോഡുകള്‍ ശാസ്ത്രീയമായി നവീകരിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കാന്‍ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. ആലപ്പുഴ നഗര റോഡ് വികസന പദ്ധതി തയാറാക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ കൂടിയ ഉദ്യോഗസ്ഥതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ നഗരത്തിന്റെ സമഗ്ര വികസനത്തിനായി ‘ആലപ്പുഴ നഗര റോഡ് വികസന പദ്ധതി’ നടപ്പാക്കുമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. നഗരത്തിലെ 16 റോഡുകള്‍ വീതികൂട്ടി ശാസ്ത്രീയമായി നവീകരിച്ച് സൗന്ദര്യവല്‍ക്കരിക്കും. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ നടപ്പാക്കിയ നഗര റോഡ് വികസന പദ്ധതിയുടെ മാതൃകയില്‍ ആലപ്പുഴ നഗരത്തെ മാറ്റിയെടുക്കും. ഓടകള്‍, വഴിവിളക്കുകള്‍, നടപ്പാത എന്നിവയോടു കൂടി റോഡുകളും ജങ്ഷനുകളും ബസ് ബേകളും ബസ് കാത്തിരുപ്പു കേന്ദ്രങ്ങളും പുനര്‍നിര്‍മിക്കും. പൈതൃകം സംരക്ഷിച്ചുകൊണ്ട് ജനസൗഹൃദമായി നഗരത്തെ സൗന്ദര്യവല്‍ക്കരിക്കും. മീഡിയനുകളും പൂന്തോട്ടങ്ങളും നിര്‍മിക്കും. റോഡ് മുറിച്ചുകടക്കുന്നതിന് ടേബിള്‍ടോപ്പ് സംവിധാനം, ജങ്ഷനുകളില്‍ ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം എന്നിവ സ്ഥാപിക്കും. നടപ്പാതപോലെ സൈക്കിളുകള്‍ക്കായി മാത്രം പാത നിര്‍മിക്കുന്ന കാര്യം പരിഗണിക്കും.
ദേശീയ ഗതാഗത ആസൂത്രണ-ഗവേഷണ കേന്ദ്രത്തിന്റെ (നാറ്റ്പാക്) സഹായത്തോടെ കേരള റോഡ് ഫണ്ട് ബോര്‍ഡാണ് (കെആര്‍എഫ്ബി) പദ്ധതി തയാറാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രണ്ടു മാസത്തിനുള്ളില്‍ വിശദമായ പദ്ധതി റിപോര്‍ട്ട് തയാറാക്കാന്‍ കെആര്‍ എഫ്ബിക്കും പഠനങ്ങള്‍ നടത്താന്‍ നാറ്റ്പാകിനും മന്ത്രി നിര്‍ദേശം നല്‍കി. ഒരു മാസത്തിനുള്ളില്‍ പദ്ധതി രൂപരേഖയുടെ കരട് തയാറാക്കും. വിദഗ്ധരുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങള്‍ ആരായും. ഈ വര്‍ഷം തന്നെ പദ്ധതി ആരംഭിക്കും. രണ്ടു ഘട്ടമായാണ് പദ്ധതി പൂര്‍ത്തീകരിക്കുക. ബജറ്റിനു പുറത്തുനിന്നാണ് പണം കണ്ടെത്തുക. ഈടുനില്‍ക്കുന്ന റോഡുകളാണ് നിര്‍മിക്കുക. 15 വര്‍ഷത്തേക്ക് റോഡിന്റെ ഗുണമേന്മ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിര്‍മാണ കമ്പനിക്കുണ്ടാകും.
നഗരത്തിലെ പൈതൃകകേന്ദ്രങ്ങളും കനാലുകളും സംരക്ഷിക്കാനുള്ള പദ്ധതികളും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ടൂറിസം വികസനം കൂടി ലക്ഷ്യമിട്ടാണ് പദ്ധതി തയാറാക്കുക. നഗരത്തിലെ 51.41 കിലോമീറ്റര്‍ റോഡ് ശാസ്ത്രീയമായി നവീകരിക്കുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. കനാലുകളുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ദീര്‍ഘകാല പദ്ധതിയിലാണ് ഉള്‍പ്പെടുത്തുക. നഗരത്തിലെ 104 കനാലുകളുടെ സ്ഥിതി പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കനാലുകളുടെ പഴയ ഭൂപടങ്ങള്‍ പഠനത്തിന് ഉപയോഗിക്കും. തിരുവമ്പാടി ജങ്ഷനിലെ ബസ് സ്റ്റോപ്പ് നിലവിലുള്ള സ്ഥലത്തുനിന്ന് തെക്കോട്ടു മാറ്റി സ്ഥാപിക്കാന്‍ മന്ത്രി പോലിസിനും കെഎസ്ആര്‍ടിസിക്കും നിര്‍ദേശം നല്‍കി. ജങ്ഷനില്‍ പാകിയ ടൈലുകള്‍ക്കു പുറത്ത് ബസുകള്‍ നിര്‍ത്തുന്നതു മൂലം അവ തകരുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശം. തിരക്കേറിയ കളര്‍കോട് ജങ്ഷനില്‍ ഗതാഗത നിയന്ത്രണത്തിന് സ്ഥിരമായി പോലിസിനെ നിയോഗിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസ്, പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയര്‍ കെ പി പ്രഭാകരന്‍, കെആര്‍എഫ്ബി സിഇഒ പി സി ഹരികേഷ്, ജില്ലാ പോലിസ് മേധാവി എ അക്ബര്‍, എഡിഎം. എം കെ കബീര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss