|    Dec 12 Wed, 2018 5:56 am
FLASH NEWS

ജില്ലയെ പച്ചപ്പണിയിക്കാന്‍ സര്‍ക്കാര്‍ ചെലവിട്ടത് അര കോടിയോളം രൂപ

Published : 7th June 2017 | Posted By: fsq

 

മാനന്താവാടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ വനംവകുപ്പ് സൗജന്യമായി വിതരണം ചെയ്തത് 40 ലക്ഷത്തോളം രൂപയുടെ വൃക്ഷത്തൈകള്‍. ആകെ വിതരണം ചെയ്ത രണ്ടര ലക്ഷത്തോളം തൈകളില്‍ 1,642 തൈകള്‍ മാത്രമാണ് പണം നല്‍കി നടാന്‍ വേണ്ടി പൊതുജനം കൊണ്ടുപോയത്. സംരക്ഷണത്തിനായി പ്രായോഗിക നടപടികളൊന്നുമില്ലാതെയാണ് ഈ വര്‍ഷവും തൈകള്‍ സര്‍ക്കാര്‍ സൗജന്യ നിരക്കില്‍ നല്‍കിയതെന്ന് ആക്ഷേപമുണ്ട്. വനംവകുപ്പ് സൗജന്യമായി നല്‍കിയ തൈകള്‍ക്ക് ഒരെണ്ണത്തിന് ശരാശരി 16 രൂപയോളമാണ് ചെലവ്. വനംവകുപ്പിന് കീഴിലുള്ള നഴ്‌സറികളില്‍ വച്ചാണ് കൂലിക്ക് തൊഴിലാളികളെ നിര്‍ത്തി തൈകള്‍ വച്ചുപിടിപ്പിച്ചത്. ടെന്‍ഡര്‍ നടത്തി വിത്തുകള്‍ ശേഖരിച്ചും വനത്തിനുള്ളില്‍ നിന്നു വാച്ചര്‍മാര്‍ ശേഖരിച്ച വിത്തുകളുമാണ് തൈ നിര്‍മാണത്തിനായി ഉപയോഗിച്ചത്. ഇത്തരത്തില്‍ 2,43,000 തൈകളാണ് ഈ വര്‍ഷം സോഷ്യല്‍ ഫോറസ്ട്രി വഴി നല്‍കിയത്. കഴിഞ്ഞ വര്‍ഷമിത് 2,90,000 ആയിരുന്നു. ഈ വര്‍ഷം 76,337 തൈകള്‍ വിദ്യാര്‍ഥികള്‍ക്കും 58,922 തൈകള്‍ ഗ്രാമപ്പഞ്ചായത്തുകള്‍ വഴിയുമാണ് വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി 1,05,000 തൈകള്‍ വിതരണം ചെയ്തിരുന്നു. ആവശ്യമുള്ള തൈകള്‍ വിദ്യാലയങ്ങളിലെത്തിക്കുകയായിരുന്നു ചെയത്ത്. ഈ വര്‍ഷം സ്വന്തം വാഹനമെത്തിച്ച് തൈകള്‍ കൊണ്ടുപോവണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. 62,403 തൈകള്‍ സന്നദ്ധസംഘടനകള്‍ വഴി നല്‍കിയപ്പോള്‍ 11,987 എണ്ണം വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വഴിയും 13,187 എണ്ണം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വഴിയും വിതരണം ചെയ്തു. മാധ്യമസ്ഥാപനങ്ങള്‍ വഴി ഈ വര്‍ഷം 4,060 തൈകളാണ് വിതരണം ചെയ്തത്. സര്‍ക്കാര്‍ നിശ്ചയിച്ച 17 രൂപ വില നല്‍കി 1,642 ചെടികള്‍ മാത്രമാണ് വില്‍പന നടത്തിയത്. പരിസ്ഥിതി ദിനത്തില്‍ നട്ടുപിടിപ്പിക്കാനായി നല്‍കിയ തൈകളില്‍ ഭൂരിഭാഗവും ഇപ്പോഴും പലിടങ്ങളിലായി അവശേഷിക്കുന്നുണ്ട്. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജില്ലയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വച്ചുപിടിപ്പിക്കുന്ന തൈകളില്‍ മഹാഭൂരിഭാഗവും നശിച്ചുപോവുന്നതായി പരാതികള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. തുടര്‍പരിചരണങ്ങളില്ലാത്തതു കൊണ്ടാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ലക്ഷക്കണക്കിന് രൂപ ഇത്തരത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. കത്തിയമര്‍ന്ന തിരുനെല്ലി കാട്ടില്‍ മുന്‍വര്‍ഷം തുടര്‍പരിചരണമുള്‍പ്പെടെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ആഘോഷപൂര്‍വം കുടുംബശ്രീയും വിവധ കോളജുകളുമെല്ലാം തൈകള്‍ നട്ടത്. എന്നാല്‍, തുടര്‍ പ്രവൃത്തികളൊന്നുമുണ്ടായില്ല. മുന്‍വര്‍ഷത്തെ തൈകള്‍, കൂട്ടിയിട്ട നിലയില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് പടിഞ്ഞാറത്തറ കുപ്പാടിത്തറയില്‍ കണ്ടെത്തിയിരുന്നു. ഇതു നീക്കം ചെയ്യുകയാണുണ്ടായത്. ഈ വര്‍ഷം പഞ്ചായത്തുകള്‍ വഴി നല്‍കുന്ന തൈകള്‍ കൃത്യമായി മോണിറ്ററിങ് നടത്തി സംരക്ഷിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും മിക്കയിടങ്ങളിലും ഇതിനാവശ്യമായ കമ്മിറ്റികള്‍ പോലും രൂപീകരിച്ചിട്ടില്ല. പതിനായിരം രൂപ വരെ പഞ്ചായത്തുകള്‍ക്ക് തനതു ഫണ്ടില്‍ നിന്നു വനവല്‍ക്കരണത്തിനായി ചെലവഴിക്കാന്‍ അനുമതിയും നല്‍കിയിരുന്നു. പ്രായോഗിക നിര്‍ദേശങ്ങളൊന്നും തന്നെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാവാത്തതിനാല്‍ പരസ്യത്തിനുള്‍പ്പെടെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നടത്തിയ ഈ വര്‍ഷത്തെ തൈ നടലും ഫലം കാണാതെ ചടങ്ങുകളിലൊതുങ്ങുമെന്നാണ് സൂചന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss