|    Dec 11 Tue, 2018 2:18 pm
FLASH NEWS

ജില്ലയെ ദുരിതത്തിലാഴ്ത്തിയ മിന്നല്‍പ്രളയം: വിദഗ്ധസമിതി അന്വേഷിക്കണം

Published : 25th August 2018 | Posted By: kasim kzm

കല്‍പ്പറ്റ: ബാണാസുര അണയുടെ ഇപ്പോഴത്തെ സ്ഥിതി, കഴിഞ്ഞ എട്ടിനു അര്‍ധരാത്രിയുണ്ടായ മിന്നല്‍ പ്രളയം തുടര്‍ന്നുണ്ടായ ദുരന്തങ്ങള്‍, അണയുടെ സുരക്ഷ എന്നിവയെക്കുറിച്ചു പഠിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍ ബാദുഷ, ബാണാസുര സംരക്ഷണ സമിതി ഭാരവാഹികളായ യു സി മൊയ്തീന്‍, കെ പി മൊയ്തീന്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍, ഡാം സുരക്ഷ, റുര്‍ക്കി എഎടി ഹൈഡ്രോ ഡിവിഷന്‍, സിഡബ്യുആര്‍ഡിഎം, സെസ്, കേരള വനം ഗവേഷണ കേന്ദ്രം എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധരും ജനപ്രതിനിധികളും സ്വതന്ത്ര വിദഗ്ധരും ഉള്‍പ്പെടുന്നതാകണം സമിതി. റിപ്പോര്‍ട്ട് തയാറാക്കുന്നതിനു മുന്‍പ് സമിതി ജനകീയ തെളിവെടുപ്പ് നടത്തണം.
വേനല്‍ക്കാലത്ത് കൊടുംവരള്‍ച്ചയും വര്‍ഷക്കാലത്ത് പ്രളയവും സൃഷ്ടിക്കുന്ന ബാണാസുരസാഗര്‍ ഒന്നരലക്ഷത്തോളം ജനങ്ങള്‍ക്ക് തീരാദുരിതം മാത്രമാണ് നല്‍കിയത്. അണക്കെട്ടിലെ മുപ്പതുശതമാനം വെള്ളം കൃഷിക്കും കുടിവെള്ളത്തിനും നല്‍കണമെന്ന വ്യവസ്ഥയോടെയാണ് കേന്ദ്രസര്‍ക്കാരില്‍നിന്നും അനുമതിയും ലോകബാങ്കില്‍നിന്നും വായ്പയും നേടിയെടുത്തത്.
കമ്മീഷന്‍ ചെയ്ത് 16 വര്‍ഷമായിട്ടും ഒരുതുള്ളി വെള്ളം പോലും നല്‍കിയിട്ടില്ല. ഇത്തരമൊരു ഡാം വയനാട്ടില്‍ ഇനിയും നിലനില്‍ക്കേണ്ടതുണ്ടോ എന്ന് വയനാട്ടിലെ പൊതുസമൂഹം ഗൗരവ—തരമായി ചിന്തിക്കണം. ഈ മാസം എട്ടിനു അര്‍ധരാത്രി നാലുഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെയും ജില്ലാഭരണകൂടത്തിന്റെ സമ്മതമില്ലാതെയും തുറന്നുവിട്ടതിനെത്തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയം കേരളം കണ്ട ഏറ്റവും വലുതും നീചവുമായ മനുഷ്യനിര്‍മ്മിതദുരന്തമാണ്.
പ്രളയത്തില്‍ ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം കെഎസ്ഇബി നല്‍കുകയും ഉത്തരവാദികള്‍ക്കെതിരെ ക്രിമിനല്‍കേസെടുക്കുകയും വേണം. ഇത് കേരളത്തിലുടനീളമുണ്ടായ പ്രകൃതിദുരന്തത്തിന്റെ ഭാഗമായിക്കണ്ട് ദുരിതാശ്വാസം നല്‍കി എല്ലാം അവസാനിപ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ ഇരകളായവര്‍ ഒറ്റക്കെട്ടായി ചെറുക്കണം.
പ്രദേശത്തുള്ളവരെ സ്ഥിരമായി പുനരധിവസിപ്പിക്കാന്‍ നടപടികള്‍ ഉണ്ടാകണം. 1987-ലെയും 2012-ലെയും ജലനയത്തിന്റെ നഗ്നമായ ലംഘനമാണ് ബാണാസുരസാഗറിന്റെ കാര്യത്തില്‍ നടക്കുന്നത്. കാര്‍ഷിക-കുടിവെള്ള ആവശ്യത്തിനല്ലാതെ വ്യാപാരാവശ്യങ്ങള്‍ക്ക് നദികളെ ദിശമാറ്റി തിരിച്ചുവിടാന്‍ ജലനയം അനുവദിക്കുന്നില്ല.
പശ്ചിമഘട്ടത്തിന്റെ കിഴക്കുഭാഗത്തേയ്ക്ക് ഒഴുകുന്ന നദിയെ പടിഞ്ഞാറുഭാഗത്തേയ്ക്ക് തിരിച്ചുവിട്ടിരിക്കുകയാണ്. വയനാടിന്റെ ശിരസില്‍ സ്ഥാപിക്കപ്പെട്ട ജലബോംബാണ് ബാണാസുരസാഗര്‍. ഡാം ഓപ്പറേഷന്‍ മാനേജ്‌മെന്റ് കെഎസ്ഇബിയ്ക്ക് അന്യമാണ്.
ഡാം ഓപ്പറേഷനുള്ള വിദഗ്ധരോ വൈദഗ്ധ്യമോ അവര്‍ക്കില്ല. 65 സ്‌ക്വയര്‍കിലോമീറ്റര്‍ വൃഷ്ടിപ്രദേശത്ത് രണ്ടു മഴമാപിനികള്‍ മാത്രമാണുള്ളത്. ജനങ്ങളുടെ സുരക്ഷ തങ്ങളുടെ ബാധ്യതയല്ലെന്നുള്ള ധിക്കാരപരമായ നിലപാടിലാണ് കെഎസ്ഇബിയിക്ക്.
കര്‍ക്കശമായി പാലിക്കേണ്ട ഓപ്പറേഷന്‍ പ്രോട്ടോക്കോള്‍ ബാണാസുരസാഗറില്‍ പാലിച്ചിരുന്നെങ്കില്‍ വയനാട്ടില്‍ വെള്ളപ്പൊക്കത്തില്‍ ദുരന്തം ഉണ്ടാകുമായിരുന്നില്ല. പ്രളയ പ്രവചനത്തിനുള്ള വൈദഗ്ധ്യം കെഎസ്ഇബിയ്ക്ക് മാത്രമാണ് ഇല്ലാത്തത്.
മഴമേഘങ്ങള്‍ രൂപപ്പെട്ടുതുടങ്ങുമ്പേള്‍ തന്നെ മഴയുടെ സാന്ദ്രതയും അളവും ജലാശയത്തിലേക്കുള്ള നീരൊഴുക്കും കൃത്യമായി പ്രവചിക്കുന്ന സാങ്കേതിക വിദ്യയാണ് ഫഌഡ് പ്രഡിക്ഷന്‍ ടെക്‌നോളജി.
ഡാമിന്റെ സുരക്ഷനിലനിര്‍ത്താനും മിന്നല്‍പേമാരിമൂലം ഉണ്ടായേക്കാവുന്ന നീരൊഴുക്കിനെ 48 മണിക്കൂര്‍ നേരത്തേക്കെങ്കിലും ഉള്‍ക്കൊള്ളാനും സാധ്യമാംവിധം ജലസംഭരണിയുടെ ജലവിതാനം എഫ്ആര്‍ലൈനില്‍നിന്നും അഞ്ച് മീറ്റര്‍ താഴെ മാത്രമേ നിര്‍ത്താവൂ. 48 മണിക്കൂര്‍ മുന്‍പെങ്കിലും മുന്നറിയിപ്പുനല്‍കി മാത്രമേ ഷട്ടറുകള്‍ ഉയര്‍ത്താവൂ.
പുഴയില്‍ ഒതുങ്ങുന്നതില്‍ കവിഞ്ഞ നീരൊഴുക്ക് ഉണ്ടാകരുത്. തുലാവര്‍ഷക്കാലത്തല്ലാതെ കാലവര്‍ഷക്കാലത്ത് ഡാം പൂര്‍ണ്ണമായി നിറക്കുന്നത് അവസാനിപ്പിക്കണം. വേനല്‍ക്കാലത്ത് പുഴയുടെ നീരൊഴുക്ക് ഉറപ്പാക്കണം.
ഭയരഹിതമായും അന്തസായും ജീവിക്കാനുള്ള മൗലികാവകാശത്തിനും ജീവന്റെ സുരക്ഷയ്ക്കുമായി ബാണാസുരസാഗര്‍ പ്രദേശത്തെ ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കാളികളാകും. ഇക്കാര്യങ്ങളില്‍ നടപടി ഉണ്ടാകാത്തപക്ഷം സുപ്രീം കോടതിയെ സമീപിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss