|    May 24 Thu, 2018 12:03 pm

ജില്ലയെ അപകടമുക്തമാക്കാന്‍ കര്‍മപദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കും

Published : 9th November 2016 | Posted By: SMR

മലപ്പുറം: ജില്ലയിലെ പൊതുനിരത്തുകളെ അപകടരഹിതമാക്കുന്നതിനുള്ള വിശദമായ പ്രൊപ്പോസല്‍ സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ അറിയിച്ചു. ജില്ലയില്‍ കൂടുതല്‍ അപകടസാധ്യതയുള്ള 15 ബ്ലാക്ക് സ്‌പോട്ടുകളില്‍ അടിയന്തരമായി നടപ്പാക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍ പോലിസ് സബ്ഡിവിഷനുകളിലായി 15 ബ്ലാക്ക് സ്‌പോട്ടുകളില്‍ നടപ്പാക്കേണ്ട സുരക്ഷാ സംവിധാനങ്ങളെ കുറിച്ച്  പൊലിസ്- മോട്ടോര്‍വാഹന വകുപ്പ്- പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തിയിരുന്നു. ഇതു കൂടാതെ അപകടസാധ്യതയുള്ള 19 സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി മൊത്തം 34 കേന്ദ്രങ്ങളില്‍ അപകടങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള വിശദമായ പദ്ധതിരേഖയാണ് സര്‍ക്കാറിന്റെ പരിഗണനയ്ക്ക് നല്‍കുക. പുതുതായി കണ്ടെത്തുന്ന 19 സ്‌പോട്ടുകളില്‍ 18 നകം പരിശോധന പൂര്‍ത്തിയാക്കും. തിരൂര്‍ സബ്ഡിവിഷനു കീഴില്‍ ദേശീയപാത 17 ലെ വട്ടപ്പാറ, പാലച്ചിറമാട്, മൂടാല്‍, ചങ്ങരംകുളം ചിയ്യാനൂര്‍, സംസ്ഥാനപാതയിലെ കണ്ണംകുളം, മലപ്പുറം സബ്ഡിവിഷനിലെ വാറങ്കോട്, അത്താണിക്കല്‍, കാക്കഞ്ചേരി, വെന്നിയൂര്‍, മഞ്ചേരി നറുകര, അഴിഞ്ഞിലം ബൈപ്പാസ്, പെരിന്തല്‍മണ്ണ സബ്ഡിവിഷനിലെ അരിപ്ര വളവ്, പാണ്ടിക്കാട് ടൗണ്‍ ജങ്ക്ഷന്‍, ചെറുകോട് താടിവളവ്, മമ്പാട് പൊങ്ങല്ലൂര്‍, എടക്കര പൂച്ചക്കുത്ത് എന്നിവയാണ് ആദ്യഘട്ട പരിശോധനയ്ക്ക് തിരഞ്ഞെടുത്ത 15 ബ്ലാക്ക് സ്‌പോട്ടുകള്‍. ഇവിടങ്ങളില്‍ വലിയ പണച്ചെലവില്ലാതെ അടിയന്തരമായി ചെയ്യാവുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം, ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഓരോ സ്ഥലത്തും താല്‍ക്കാലികമായി ചെയ്യാവുന്നതും സ്ഥരമായി നടപ്പാക്കാവുന്നതുമായ പദ്ധതികളുടെ വിശദമായ റിപോര്‍ട്ട് ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കണം. ഇവ ക്രോഡീകരിച്ചാണ് സര്‍ക്കാറിന് പ്രൊപ്പോസല്‍ നല്‍കുക. ശബരിമല സീസണ്‍ പ്രമാണിച്ച് ദേശീയപാതയോരത്തെ അനധികൃത കച്ചവടങ്ങളും കയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. ദേശീയപാത 17 ല്‍ യൂനിവേഴ്‌സിറ്റി മുതല്‍ ഇടിമുഴിക്കല്‍ വരെ റോഡില്‍ താല്‍ക്കാലിക മീഡിയനുകള്‍ സ്ഥാപിക്കും. യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ അബ്ദുറഷീദ്, ആര്‍ടിഒ കെഎം ഷാജി, അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി അബ്ദുല്‍ഖാദര്‍, പൊതുമരാമത്ത് റോഡ്‌സ്- ദേശീയപാത വിഭാഗം എഞ്ചിനീയര്‍മാര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss