|    Oct 23 Tue, 2018 11:16 am
FLASH NEWS

ജില്ലയുടെ 43ാം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പടിയിറങ്ങി

Published : 5th December 2015 | Posted By: SMR

ടിപി ജലാല്‍

മഞ്ചേരി: ജില്ലയുടെ 43ാമത്തെയും മഞ്ചേരിയില്‍ കോടതി ആരംഭിച്ചതിനു ശേഷമുള്ള 40ാമത്തേതുമായ ജില്ലാ ജഡ്ജി എന്‍ ജെ ജോസ് കോടതിയില്‍ നിന്നു പടിയിറങ്ങി. കഴിഞ്ഞ 30ാം തിയ്യതിയോടെയാണ് തൊടുപുഴ നിന്നു ജൂഡീഷ്യല്‍ സേവനം ആരംഭിച്ച ജോസ് വിരമിച്ചത്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ സ്വദേശിയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് പകരം വയനാട് ജില്ലാ ജഡ്ജി കെ അനിതയാണ് ചാര്‍ജ്ജെടുക്കുക. 2014 ജനുവരി 27ന് മഞ്ചേരിയിലെത്തിയ ജോസ് 2000 ഓളം കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഈ കോടതിയില്‍ ആദ്യമായി യുഎപിഎ പ്രകാരം ചാര്‍ജ്ജ് ചെയ്ത കേസില്‍ പ്രതികളെ റിമാന്റ് ചെയ്തതും പിന്നീട് ജാമ്യം നല്‍കാനവസരം ലഭിച്ചതും ജോസിനായിരുന്നു. 1970 മെയ് 25നാണ് ജില്ലയുടെ നീതി പീഠം ആരംഭിക്കുന്നത്. മലബാറിന്റെ ഭാഗമായിരുന്നതിനാല്‍ പാലക്കാട്, മലപ്പുറം ജില്ലകള്‍ക്കായി കോഴിക്കോടായിരുന്നു ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്. കെ എം മുഹമ്മദലിയാണ് ആദ്യത്തെ ജില്ലാ ജഡ്ജി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 1973ലും കെ എം മുഹമ്മദലി മലപ്പുറത്തിന്റെ അമരക്കാരനായിട്ടുണ്ട്. ഓഫിസ് പ്രവര്‍ത്തനം കോഴിക്കോട് നിന്നു 1974 ഫെബ്രുവരി ഒന്നിന് ഓഫിസ് മഞ്ചേരിയിലേക്ക് മാറിയതിനു ശേഷം എ വാസുദേവനാണ് ആദ്യ ജഡ്ജി. 1970 ജൂണ്‍ 26 മുതല്‍ 1973 ആഗസ്ത് 13 വരെ മൂന്നു വര്‍ഷം ജൂഡീഷ്യല്‍ പ്രവര്‍ത്തനം കാഴ്ചവച്ച പി ജാനകിയമ്മയാണ് ഏറ്റവും കുടുതല്‍ കാലം ജില്ലയുടെ ചുമതല വഹിച്ചത്.  എം സി ഹരിറാണി, ടി എം ഹസന്‍പിള്ള, കെ എ മുഹമ്മദ് ഷാഫി, എന്‍ ഹരിദാസ് എന്നിവരും മുന്നു വര്‍ഷം മഞ്ചേരിയില്‍ കുറ്റവാളികളെ ശിക്ഷിച്ചിട്ടുണ്ട്. 2001 ഡിസംബര്‍ 10നെത്തിയ തോമസ് പി ജോസഫ് മൂന്ന് വര്‍ഷം പൂര്‍ത്തിയാവും മുമ്പാണ് മഞ്ചേരിയോട് വിടപറഞ്ഞത്. മുന്നു തവണ മഞ്ചേരിയിലെ ജഡ്ജിന്റെ കോട്ടണിഞ്ഞ വി കൃഷ്ണനാണ് ഏറ്റവും കൂടുതല്‍ സമയം ജില്ലയിലെത്തിയത്. പി കെ ലക്ഷ്മണന്‍(1976, 1977)ലും സി ഖാലിദ് (1994,1998)ലും എം രാമചന്ദ്രന്‍ 1980ലും പി കെ ലക്ഷമണ നും (1977,1977) രണ്ട് തവണ വീതം ജില്ലാ ജഡ്ജിയായിട്ടുണ്ട്. 2011 നവംബര്‍ 19 മുതല്‍ 30വരെ 11 ദിവസം ജില്ലാ ജഡ്ജിയായിരുന്ന പി ഉഷയാണ് ഏറ്റവും കുറച്ചു കാലം നീതി പീഠത്തെ കാത്തത്. 24 ദിവസം മാത്രം ജോലിചെയ്ത എം രാമചന്ദ്രനും വി കൃഷ്ണനുമാണ് തൊട്ടുപിന്നിലുളളത്. 10ാമത്തെ ജഡ്ജി കെ കെ ഗോവിന്ദനും(1977-79) 20ാമത്തേത് പി ആര്‍ ബാലചന്ദ്രനും 30ാമത്തെത് ആര്‍ ഗോപാലകൃഷ്ണന്‍ പിള്ളയും 40ാമത്തേത് പി ഉഷയുമാണ്. ഉഷക്ക് ശേഷം വി ഷര്‍സിയും പി കെ ഹനീഫ(2012-14)യും ജില്ലയുടെ ന്യായാധിപന്മാരായിട്ടുണ്ട്. പി മീനാക്ഷിയമ്മ, പി ദിവാകരമേനോന്‍, കെ ശ്രീധരവാരിയര്‍, കെ ടി തോമസ്, എ ആന്റണി, എസ് പത്മനാഭന്‍, എം എ അബുബക്കര്‍, ഹാജി പി എ ഷാഹുല്‍ ഹമീദ്, എല്‍ മനോഹരന്‍, സി രാഘവന്‍, പിആര്‍ ബാലചന്ദ്രന്‍, എംകെബി നമ്പൂതിരിപ്പാട്, എ ഹരിദാസന്‍, എന്‍ ഹരിദാസ്, കെഎന്‍ ബാലകൃഷ്ണപണിക്കര്‍, എ ഡെന്നിസണ്‍, പി തങ്കപ്പന്‍, എം ഐ ജോസഫ് ഫ്രാന്‍സിസ്, ബാബൂ മാത്യു പി ജോസഫ് എന്നിവരും ജില്ലയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി, മുന്‍സിഫ് കോടതി, സബ് കോടതി, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, എംഎസിടി കോടതി എസ്‌സി/എസ്ടി കോടതി, 1,2,3 അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതികളുമാണ് മഞ്ചേരിയില്‍  പ്രവര്‍ത്തിക്കുന്നത്. മഞ്ചേരി ജുഡീഷ്യല്‍ ഡിസ്ട്രിക്ടിന്റെ പരിധിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 24 കോടതികളാണുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss