|    Jan 20 Fri, 2017 7:42 pm
FLASH NEWS

ജില്ലയുടെ സമഗ്ര വികസനം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു; പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്റെ നേതൃത്വത്തില്‍ യോഗം

Published : 19th August 2016 | Posted By: SMR

കാസര്‍കോട്: ജില്ലയുടെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രഫ. വി കെ രാമചന്ദ്രന്റെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്. ജില്ലയുടെ വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി പുരോഗതി കൈവരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു.
തരിശ് നിലങ്ങളില്‍ കൃഷി ചെയ്യുന്നതിനുള്ള പദ്ധതികള്‍, മൃഗ സംരക്ഷണ മേഖലയില്‍ കാസര്‍കോട് കുള്ളന്‍ പശുക്കളുടെ സംരക്ഷണത്തിനുള്ള നടപടികള്‍, ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതികള്‍, പട്ടികജാതി-പട്ടികവര്‍ഗ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍, ജലസേചന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, ഫിഷറീസ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, നബാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍, വിനോദ സഞ്ചാര വികസനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
അതിവേഗ റെയില്‍പാത കാസര്‍കോട്ടേക്ക് നീട്ടണമെന്നും ജില്ലയിലെ ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലയുടെ മുന്‍ഗണനാ പട്ടിക അദ്ദേഹം അവതരിപ്പിച്ചു. വിവിധ വികസന ആവശ്യങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഭൂമി ലഭ്യമാണെന്നത് ജില്ലയുടെ നേട്ടമാണെന്നും ജില്ലയുടെ പ്രകൃതിഭംഗി വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണെന്നും കലക്ടര്‍ പറഞ്ഞു.
ഏറ്റവും കൂടുതല്‍ പുഴകളുള്ള ജില്ലയില്‍ മല്‍സ്യോല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നവീന പദ്ധതികള്‍ക്ക് സാധ്യതയുണ്ട്. നാളികേരം, അടക്ക, കശുവണ്ടി തുടങ്ങിയവയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും സാധിക്കും.
വ്യവസായ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പദ്ധതികള്‍ നടപ്പാക്കാനാകും. ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച വിവിധ പദ്ധതികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സമഗ്രപുനരധിവാസ ഗ്രാമം സ്ഥാപിക്കുന്നതിനുമുള്ള നടപടികളും ചര്‍ച്ചചെയ്തു. ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ എന്‍ സുരേഷ്, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ സാബു മാത്യൂസ് സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക