|    Apr 23 Mon, 2018 2:30 pm
FLASH NEWS

ജില്ലയുടെ ഭൂവിഭവ വിജ്ഞാനം ഇനി വിരല്‍ത്തുമ്പില്‍

Published : 6th October 2016 | Posted By: Abbasali tf

കോഴിക്കോട്: ജില്ലയിലെ പ്രകൃതി വിഭവങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കാന്‍ പദ്ധതി. ഭൂവിഭവ വിവര സംവിധാനം (ലാന്‍ഡ് റിസോഴ്‌സസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) നിലവില്‍ വരുന്നതോടെ ജില്ലയുടെ ഭൂവിഭവ വിജ്ഞാനം തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ കൃഷി, ഭൂപ്രകൃതി, പ്രകൃതിവിഭവങ്ങള്‍, മണ്‍ തരങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിവരങ്ങളടക്കം ഇന്റര്‍നെറ്റില്‍ ലഭ്യമാകും. ഉപഗ്രഹ സാങ്കേതിക വിദ്യയും മനുഷ്യ വിഭവ ശേഷിയും ഒരുപോലെ പ്രയോജനപ്പെടുത്തിയാണ് വിപുലമായ വിജ്ഞാനശേഖരം ഒരുക്കിയിരിക്കുന്നത്. കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ഐഐഐടിഎംകെയുടെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്ത ഈ സംവിധാനം പ്രാദേശികാസൂത്രണത്തിന് സഹായകമായ രീതിയിലാണ് തയ്യാറാക്കിട്ടുള്ളത്. എറണാകുളം, പാലക്കാട്, വയനാട്, കോട്ടയം, കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം, ഇടുക്കി, കൊല്ലം ജില്ലകളുടെ സമ്പൂര്‍ണ്ണ ഭൂവിഭവ വിജ്ഞാനം ഇതിനോടകം ഇന്റര്‍നെറ്റില്‍ ലഭ്യമാവുന്നുണ്ട്. 15ാം തിയ്യതി മുതല്‍ കോഴിക്കോട് ജില്ലയിലും ഈ സംവിധാനം നിലവില്‍ വരുന്നതാണ്. ഈ വെബ്‌സൈറ്റിന് 2011-13 വര്‍ഷത്തെ സംസ്ഥാന ഇ-ഗവേണന്‍സ് അവാര്‍ഡ് ലഭിച്ചിട്ടുള്ളതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വികസന വകുപ്പുകള്‍ക്കും ആസൂത്രകര്‍ക്കും ഗവേഷകര്‍ക്കും പ്രകൃതി വിഭവങ്ങളെക്കുറിച്ച് അറിയുന്നതിനും വിശകലനം നടത്തുന്നതിനും സ്ഥിതി വിവരകണക്ക് ലഭ്യമാക്കുന്നതിനും ഭൂപടങ്ങള്‍ തയ്യാറാക്കി കോപ്പിയെടുക്കുന്നതിനും കഴിയുന്നതാണ്.2015ലെ സര്‍വേ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. ആവശ്യാനുസരണം ഇതില്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും സൗകര്യമുണ്ട്. ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെ ഭൂപ്രദേശങ്ങളുടെ ത്രിമാന ദൃശ്യങ്ങളും ലഭ്യമാകുന്നതാണ്. ത്രിതല പഞ്ചായത്തുകള്‍ക്കും മറ്റു സര്‍ക്കാര്‍- സര്‍ക്കാരിതര ഏജന്‍സികള്‍ക്കും പദ്ധതി ആസൂത്രണത്തിന് ഈ സംവിധാനത്തെ ഉപയോഗിക്കാം. റോഡുകള്‍, പാലങ്ങള്‍, ആശുപത്രികള്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍, കൃഷിയിടങ്ങള്‍, വനം, കുന്നുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ ഓരോ പ്രദേശത്തിന്റെയും സമഗ്രഘടന ഉള്‍പ്പെടുത്തിയ ദ്വിമാന മാപ്പുകളാണ് സൈറ്റിലുള്ളത്. അഞ്ചുദിവസത്തെ കാലാവസ്ഥാ പ്രവചനവും സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഉദ്്ഘാടനത്തോടനുബന്ധിച്ച് ആസൂത്രകര്‍, ഭരണകര്‍ത്താക്കള്‍, തദ്ദേശ ഭരണമേധാവികള്‍, ശാസ്ത്രജ്ഞര്‍, വികസന വകുപ്പുകളിലെ സാങ്കേതിക വിദഗ്ദ്ധര്‍ എന്നിവര്‍ക്ക് സ്ഥലമാന സങ്കേതങ്ങള്‍ ഉപയോഗിച്ച് ഭൂവിനിയോഗാസൂത്രണം ചെയ്യുന്നതിലെ പുതിയ സാധ്യതകളെ കുറിച്ച് ഉള്‍കാഴ്ച്ച നല്‍കുന്നതിനായി ശില്‍പശാലയും സംഘടിപ്പിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss