|    Mar 2 Thu, 2017 12:15 am
FLASH NEWS

ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കൃഷിക്ക് ഭീഷണിയായി വന്യമൃഗ ശല്യം

Published : 28th October 2016 | Posted By: SMR

കഞ്ചിക്കോട്: ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലാകെ വന്യജീവികള്‍ കൃഷിഭൂമിയെ ആക്രമിക്കുന്നത് പതിവാകുന്നു. പാലക്കാട് നഗരത്തില്‍നിന്ന്് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുളള കൊട്ടേക്കാടിലാണ് കാട്ടാനയുടെ ആക്രമണം രൂക്ഷമാവുന്നത്. കൊട്ടേക്കാടിനടുത്ത ആറങ്ങോട്ടുപറമ്പില്‍ കൃഷിഭൂമിയും വനഭൂമിയും അടുത്തടുത്താണ്. ഇവിടെ റെയില്‍പാതക്കുമപ്പുറം പന്നിമടയിലൂടെ കടന്നുവരുന്ന കാട്ടാനകള്‍ കൃഷിക്ക് വരുത്തുന്ന നാശം ചില്ലറയല്ല. നൂറു കണക്കിന് ഏക്കറിലെ വാഴ, നെല്ല്, തെങ്ങ്, കവുങ്ങ് ഒക്കെ ആന പിഴുതെറിയുന്നു. കഴിഞ്ഞ ആറു വര്‍ഷമായാണ് ഇവിടെ ആനയുടെ ആക്രമണം കൂടിയതെന്ന് ആറങ്ങോട്ടുപറമ്പിലെ കര്‍ഷകനായ മാണിച്ചന്‍ പറയുന്നു. പടക്കം പൊട്ടിച്ചും വേലി കെട്ടിയും ആനയെ അകറ്റാനുള്ള ശ്രമം നടത്തുന്നു. കാടുകള്‍ വെട്ടിക്കളഞ്ഞാല്‍ ആനയെ ദൂരെനിന്ന് കാണാമെന്നും ഇവയെ അകറ്റാന്‍ കഴിയുമെന്നും കര്‍ഷകര്‍ പറഞ്ഞതിനോട് വനംവകുപ്പിന്റെ വനം സംരക്ഷണനിയമങ്ങള്‍ ഒത്തുപോകുന്നില്ല. മയക്കുവെടി വെച്ച് ആനയെ പിടികൂടി ഉള്‍ക്കാട്ടില്‍ കൊണ്ടുവിടുകയെന്ന നിര്‍ദേശവും വനംവകുപ്പിന് സ്വീകാര്യമല്ല. കോച്ച് ഫാക്ടറിക്കായി കഞ്ചിക്കോട് മേഖലയില്‍ ഏറ്റെടുത്ത 250 ഏക്കറോളം സ്ഥലം കാടുപിടിച്ചു കിടക്കുന്നതും ആനയ്ക്ക് പുതിയ താവളമാവുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. പെറ്റുപെരുകുന്ന പന്നിക്കൂട്ടങ്ങളും കര്‍ഷകര്‍ക്ക് ഭീഷണിതന്നെ. ആനകളുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചു. കാട്ടിലെ വന്യമൃഗസാന്ദ്രത വര്‍ധിച്ചത് വന്യജീവികളുടെ ഭക്ഷ്യവ്യവസ്ഥയുടെ സന്തുലനത്തെ തകിടം മറിയ്ക്കുകയാണ്. കാര്‍ഷിക വിഭവങ്ങള്‍ രുചിച്ചുനോക്കുന്ന പ്രവണത തന്നെ വര്‍ധിച്ചു വരികയാണ്.കൃഷിയിടങ്ങളിലെയും പാര്‍പ്പിട സ്ഥാനങ്ങളിലെയും വന്യമൃഗശല്യം നിയന്ത്രിക്കാനുള്ള പ്രാഥമിക നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. എം ബി രാജേഷ് എംപി വിളിച്ചുചേര്‍ത്ത വിവിധ വകുപ്പുകളുടെ യോഗത്തില്‍ വാളയാര്‍ മുതല്‍ മണ്ണാര്‍ക്കാട് മേഖല വരെ 79 കിലോമീറ്റര്‍ വൈദ്യുതവേലി സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.കൃഷിയിടങ്ങളില്‍ നടത്തുന്ന ശല്യത്തിന് പുറമെ റെയില്‍പാതകളിലും പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് ആനകള്‍. കഴിഞ്ഞമാസം വാളയാറിനപ്പുറം എട്ടിമടയ്ക്കടുത്ത് തമിഴ്‌നാട് അതിര്‍ത്തിയില്‍ കാട്ടാന ട്രെയിനിടിച്ച് ചെരിഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിരവധി ആനകള്‍ ഈ മേഖലയില്‍ ട്രെയിനിടിച്ച്് ചെരിഞ്ഞു. ഇത് നേരിടാന്‍ കോയമ്പത്തൂരിനടുത്ത മധുക്കര മുതല്‍ വാളയാര്‍വരെ പദ്ധതി ആസൂത്രണം ചെയ്തു വരുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day