കൊല്ലം: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഏഴിന് ആരംഭിക്കും. 95,592 വിദ്യാര്‍ഥികളാണ് ജില്ലയില്‍ ഇക്കുറി പൊതുപരീക്ഷ എഴുതാന്‍ പോകുന്നത്. 32,622 പേരാണ് പ്ലസ്ടു പരീക്ഷ എഴുതുന്നത്. ഇതില്‍ കൂടുതലും പെണ്‍കുട്ടികളാണ്. 16,724 പേര്. ആണ്‍കുട്ടികളില്‍ 15898 പേര് പരീക്ഷയെഴുതും. പ്ലസ് വണ്‍ വിഭാഗത്തില്‍ 15,490 പെണ്‍കുട്ടികളും 14,939 ആണ്‍കുട്ടികളും ഉള്‍പ്പടെ 30,429 പേര് പരീക്ഷയെഴുതും. 136 പരീക്ഷാ സെന്ററുകളാണ് ജില്ലയില്‍ അനുവദിച്ചിട്ടുള്ളത്. 1,629 പേരെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഡ്യൂട്ടിക്കായി ജില്ലയില്‍ നിയോഗിച്ചിട്ടുള്ളത്. കൊല്ലം വിദ്യാഭ്യാസ ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി വകുപ്പില്‍ നിന്നുള്ള 1,174 അധ്യാപകരും ഡിഇഓയില് നിന്നുള്ള 158 പേരും ഉള്‍പ്പടെ 1,332 പേര് പരീക്ഷാ ഡ്യൂട്ടിക്കുണ്ടാകും. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി വകുപ്പില്‍ നിന്നും 228 പേരും ഡിഇഓയില് നിന്നും 26 പേരും പുനലൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി വകുപ്പില്‍ നിന്നും 272 പേരും ഡിഇഓയില് നിന്നും 25 പേരേയും പരീക്ഷാ ഡ്യൂട്ടിക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓപണ്‍ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചതാണ് ഹയര്‍സെക്കന്‍ഡറി വകുപ്പിന് പുറത്തുള്ള അധ്യാപകരെ പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ കാരണം. ചോദ്യ പേപ്പറുകളുടേയും ഉത്തരകടലാസുകളുടേയും വിതരണം ശനിയാഴ്ച രാത്രിയോടെ പൂര്‍ത്തിയായതായി ജില്ലാ ഹയര്‍സെക്കന്‍ഡറി കോര്‍ഡിനേറ്റര്‍ പി രാജേശ്വരിയമ്മ തേജസിനോട് പറഞ്ഞു.
ഇത്തവണ 32541 വിദ്യാര്‍ഥികളാണ് ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഇതില്‍ 16725 ആണ്‍കുട്ടികളും 15816 പെണ്‍കുട്ടികളുമാണ്.
കൊല്ലം വിമലഹൃദയ എച്ച്എസ്എസിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത്. 848പേര്. പേരയം എന്എസ്എസ്എച്ച്എസ്എസിലാണ് കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. ഒമ്പതുപേര്‍. ആകെ 231 പരീക്ഷാ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. കൊല്ലം വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് 17685 പേര്.
കൊല്ലം വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷയെഴുതുന്ന 17,685 പേരില്‍ ആണ്‍കുട്ടികള്‍ 9094 പേരും പെണ്‍കുട്ടികള്‍ 8,591 പേരുമാണ്.
കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയില്‍ 8,287 പേരാണ് പരീക്ഷയെഴുതുന്നത്. ഇതില്‍ ആണ്‍കുട്ടികള്‍ 4101 പേരും പെണ്‍കുട്ടികള്‍ 4186 പേരുമാണ്. പുനലൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷയെഴുതുന്ന 6144 പേരില്‍ ആണ്‍കുട്ടികള്‍ 3105 പേരും പെണ്‍കുട്ടികള്‍ 3039 പേരുമാണ്.
പരീക്ഷാ ചോദ്യ പേപ്പറുകള്‍ കഴിഞ്ഞ 26ന് ജില്ലയിലെത്തി. കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ ചോദ്യ പേപ്പറുകള്‍ ക്രിസ്തുരാജ് എച്ച്എസ്എസിലും കൊട്ടാരക്കരയിലേത് കൊട്ടാരക്കര ഗവ. ബോയ്സ് എച്ച്എസ്എസിലും പുനലൂരിലേത് പുനലൂര്‍ ഡിഇഒ ഓഫിസിലും തരംതിരിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ചയോടെ ട്രഷറികളിലേയും ബാങ്കുകളിലേയും ലോക്കറുകളിലേക്ക് മാറ്റി. പരീക്ഷാകേന്ദ്രങ്ങളുടെ ചുമതലയുള്ള അധ്യാപകരുടെ സാന്നിധ്യത്തിലാണു ചോദ്യക്കടലാസുകള്‍ തരംതിരിച്ചത്. ഇവ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ കെട്ടുകളാക്കിയാണു ലോക്കറുകളിലേക്കു മാറ്റിയത്.
കൊല്ലം ജില്ലാ ട്രഷറിയില്‍ മൂന്നു ക്ലസ്റ്ററുകളിലെയും കരുനാഗപ്പള്ളി എസ്ബിഐ, ചവറ എസ്ബിഐ, കൊല്ലം പെന്ഷന് ട്രഷറി, കുണ്ടറ സബ് ട്രഷറി, ചാത്തന്നൂര്‍ സബ് ട്രഷറി എന്നിവിടങ്ങളില്‍ രണ്ടു ക്ലസ്റ്ററുകളിലെ വീതവും കരുനാഗപ്പള്ളി സബ് ട്രഷറി, പരവൂര്‍ സബ് ട്രഷറി, മണ്‍റോത്തുരുത്ത്, കാനറ ബാങ്ക് എന്നിവിടങ്ങളില്‍ ഓരോ ക്ലസ്റ്ററുകളിലെയും ചോദ്യപേപ്പര്‍ സൂക്ഷിക്കും. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പോലിസ് സംരക്ഷണയില്‍ പരീക്ഷാ ദിവസം രാവിലെ അതത് വിഷയങ്ങളുടെ ചോദ്യക്കടലാസുകള്‍ സ്കൂളുകളില്‍ എത്തിക്കും.
കൊട്ടാരക്കരയില്‍ 715ഉം, പുനലൂരില്‍ 346ഉം കൊല്ലത്ത് 1350 ഇന്‍വിജലേറ്റര്‍മാരെ പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചു. ഓരോ സ്കൂളിന്റെയും മേല്‍നോട്ടത്തിനായി കൊല്ലത്ത് 111ഉം കൊട്ടാരക്കരയില്‍ 67ഉം പുനലൂരില്‍ 53ഉം ചീഫ് സൂപ്രണ്ടുമാരുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.