|    Oct 20 Sat, 2018 6:28 pm
FLASH NEWS

ജില്ലയില്‍ 83.11 കി മീ നീളത്തില്‍ ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കും

Published : 8th December 2017 | Posted By: kasim kzm

കാസര്‍കോട്: ജില്ലയില്‍ 35 വില്ലേജുകളിലായി 83.11 കി മീ നീളത്തിലാണ് ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതെന്ന് ഗെയില്‍ അധികൃതര്‍ അറിയിച്ചു. പുതുവൈപ്പിനില്‍ നിന്നാരംഭിച്ച പൈപ്പ്‌ലൈന്‍ നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. രണ്ടാംഘട്ടം അടുത്തവര്‍ഷം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 3263 കോടി രൂപയുടേതാണ് പദ്ധതി. 20 മീറ്ററാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കിലും പൈപ്പ്‌ലൈനിന്റെ ഇരുവശങ്ങളിലുമായി അഞ്ച് മീറ്റര്‍ വീതം ആകെ 10 മീറ്ററാണ് പദ്ധതിക്ക് വേണ്ടി ഉപയോഗിക്കുനനത്. നാലടിയിലേറെ താഴ്ചയിലൂടെയാണ് പൈപ്പ്‌ലൈന്‍ സ്ഥാപി—ക്കുന്നത്.
ജില്ലയില്‍ ആശാവഹമായ പുരോഗതിയാണ് പദ്ധതി നടത്തിപ്പിലുള്ളതെന്ന് ഗെയ്ല്‍ പ്രതിനിധികള്‍ പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു അധ്യക്ഷത വഹിച്ചു. പാര്‍പ്പിടമേഖലകളെ ഒഴിവാക്കി കാര്‍ഷികാനുബന്ധ മേഖലയിലൂടെയാണ് പൈപ്പ്‌ലൈന്‍ കടന്നു പോകുന്നത്. വിളകള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കുന്നുണ്ട്. ജനപ്രതിനിധികളേയും തദ്ദേശവാസികളേയും വിശ്വാസത്തിലെടുത്തായിരിക്കും പദ്ധതി പൂര്‍ത്തീകരിക്കുകയെന്ന് ഗെയ്ല്‍ പ്രതിനിധികള്‍ പറഞ്ഞു.
കൊച്ചി-കൂറ്റനാട്-മംഗളൂരു ഗ്യാസ് പൈപ്പ്‌ലൈന്‍ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ഭൂവുടമകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്ന നടപടികള്‍ ത്വരിതപ്പെടുത്താനും യോഗം തീരുമാനിച്ചു. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
കാര്‍ഷികവിളകളും മറ്റും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്ന—തിനും നടപടി വേണമെന്ന് എം രാജഗോപാലന്‍ എംഎല്‍എ പറഞ്ഞു. ജില്ലയില്‍ ഇതുവരെ നഷ്ടപരിഹാരമായി അഞ്ച് കോടി രൂപയോളം വിതരണം ചെയ്തിട്ടുണ്ടെന്ന് ഗെയ്ല്‍ പ്രതിനിധികള്‍ അറിയിച്ചു. ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) ജയലക്ഷ്മി കാസര്‍കോട്, എല്‍എ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പ്രതാപന്‍, ഗെയ്ല്‍ പ്രതിനിധികള്‍ സംബന്ധിച്ചു.
കിണര്‍, കുഴല്‍ കിണര്‍, ആഴത്തിലുളള ഖനനം എന്നിവ പാടില്ല. ആഴത്തില്‍ വേരുകള്‍ വളരുന്ന വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ പാടില്ല. എന്നാല്‍ പഴയപടി കൃഷി ചെയ്യുന്നതിന് തടസ്സമില്ല. 2012 മുതലുളള വിലയാണ് നാണ്യവിളകള്‍ക്ക് കണക്കാക്കുന്നതെങ്കിലും ഉല്‍പന്നത്തിന്റെ കൂടിയ വിലയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. ഇതിന്റെ ഭാഗമായി മതിലുകള്‍ നീക്കിയിട്ടുണ്ടെങ്കില്‍ അതിനും നഷ്ടപരിഹാരം നല്‍കും. ഇതുവരെ ഒരു വീടുപോലും ഈ ആവശ്യത്തിന് പൊളിച്ചുനീക്കേണ്ടിവന്നിട്ടില്ലെന്ന് ഗെയ്ല്‍ പ്രതിനിധികള്‍ പറഞ്ഞു. നെല്‍ വയലുകളില്‍ ഒരു സെന്റിന് 3761 രൂപയാണ് നഷ്ടപരിഹാരം നല്‍കിയത്. ഇതിനു പുറമെ ഭൂമിയുടെ പുതുക്കിയ ഭൂവിലയനുസരിച്ച് നഷ്ടപരിഹാരം നല്‍കും.
മരങ്ങള്‍ മുറിച്ചുമാറ്റിയാല്‍ ഭൂവുടമകള്‍ക്കുതന്നെ മരം ഉപയോഗിക്കം. അതിനുളള നഷ്ടപരിഹാരം ഗെയ്ല്‍ നല്‍കും. ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് അംഗം, വില്ലേജ് ഓഫിസര്‍ എന്നിവരുമായി ബന്ധപ്പെട്ട് ഭൂവുടമകള്‍ക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കിയാണ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കേണ്ടതെന്ന് ജില്ലാകലക്ടറും എംഎല്‍എമാരും നിര്‍ദ്ദേശിച്ചു. ഭൂനികുതി അടച്ച രസീതിയും ആധാരത്തിന്റെ കോപ്പിയും ഹാജരാക്കണം.
പൊതുജനങ്ങള്‍ക്ക് കൂടി പാചകവാതകം ലഭ്യമാക്കുന്നതിന്  ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. വാഹനങ്ങളിലും ഇതുപയോഗിക്കാന്‍ സാധിക്കും. ഇതിനു വേണ്ടി പ്രത്യേകം പൈപ്പ് ലൈന്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss