|    Sep 24 Mon, 2018 10:40 pm
FLASH NEWS

ജില്ലയില്‍ 50,962 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി

Published : 30th January 2017 | Posted By: fsq

 

മാനന്തവാടി: ദേശീയ പള്‍സ് പോളിയോ ദിനാചരണത്തിന്റെ ഭാഗമായി അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് രണ്ടു ഡോസ് വീതം തുള്ളിമരുന്നുകള്‍ വിതരണം ചെയ്തു. പിഎച്ച്‌സി, സിഎച്ച്‌സി, ആശുപത്രികള്‍, അങ്കണവാടികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലായി പോളിയോ തുള്ളിമരുന്നു നല്‍കാനായി ജില്ലയിലാകെ 886 ബൂത്തുകളാണ് സജ്ജീകരിച്ചത്. ഇവിടങ്ങളില്‍ 50,962 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി. ഇതര സംസ്ഥാന തൊഴിലാളികളായ 151 കുട്ടികള്‍ക്കും തുള്ളിമരുന്ന് വിതരണം ചെയ്തു. 66,932 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാനാണ് ഉദ്ദേശിച്ചിരുന്നത്. ഇതില്‍ 76 ശതമാനം പേര്‍ക്കാണ് നല്‍കിയത്. ബാക്കിയുള്ള 15,970 കുട്ടികള്‍ക്ക് പരിശീലനം ലഭിച്ച വോളന്റിയര്‍മാര്‍ ഇന്നും നാളെയുമായി തുള്ളിമരുന്ന് നല്‍കും. പള്‍സ് പോളിയോ ഇമ്മ്യുണൈസേഷനുമായി ബന്ധപ്പെട്ട് ജില്ലയിലാകെ 2,560 വോളന്റിയര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്. ഇതില്‍ 1,974 പേര്‍ ബൂത്ത് വോളന്റിയര്‍മാരായി പ്രവര്‍ത്തിച്ചു. ഇന്നും നാളെയും മുഴുവന്‍ വോളന്റിയര്‍മാരും ജില്ലയിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് വിട്ടുപോയ കുട്ടികളെ കണ്ടെത്തും. ഇവര്‍ മൂന്നു ദിവസവും ബൂത്തുകളിലും വീടുകളിലും സൂപ്പര്‍വിഷന്‍ നടത്തും. ജില്ലാ അതിര്‍ത്തിയിലും ബസ്സ്റ്റാന്റിലും തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കും. യാത്രയിലുള്ള കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാന്‍ 15 മൊബൈല്‍ യൂനിറ്റുകളും സജ്ജമാക്കി. കൂടാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വനത്തിനുള്ളിലുള്ള കോളനികള്‍, വനാതിര്‍ത്തിയിലുള്ള ജനവാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാന്‍ വനംവകുപ്പ്, ട്രൈബല്‍വകുപ്പ്, സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ പ്രത്യേക സംഘം പ്രവര്‍ത്തിക്കും. തുള്ളിമരുന്ന് വിതരണത്തിന്റ ജില്ലാതല ഉദ്ഘാടനം റിപ്പണ്‍ ഗവ. ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss