|    Oct 20 Sat, 2018 2:24 am
FLASH NEWS

ജില്ലയില്‍ 4.36 ലക്ഷം കുട്ടികള്‍ക്ക് നാളെ വിരയ്‌ക്കെതിരേ ഗുളിക നല്‍കും

Published : 7th February 2018 | Posted By: kasim kzm

കോട്ടയം: ദേശീയ വിരമുക്തി ദിനത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്‌കൂളുകളും അങ്കണവാടികളും വഴി 1 മുതല്‍ 19 വരെ വയസുള്ള കുട്ടികള്‍ക്ക് നാളെ   വിരക്കെതിരെ ഗുളിക നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജേക്കബ് വര്‍ഗീസ് അറിയിച്ചു.  പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം ലൂര്‍ദ്ദ് പബ്ലിക് സ്‌കൂളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പ്രസിദ്ധ സിനിമ ബാലതാരം മീനാക്ഷി അനൂപിന് ഗുളിക നല്‍കി നിര്‍വഹിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അധ്യക്ഷത വഹിക്കും.  കലക്ടര്‍  ഡോ.ബി എസ് തിരുമേനി, മുനിസിപാലിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ.പി ആര്‍ സോന, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജേക്കബ് വര്‍ഗ്ഗീസ്, ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്‍ അഡ്വ.സണ്ണി പാമ്പാടി തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലയില്‍ 4,36,160 കുട്ടികള്‍ക്ക് നാളെ വിരഗുളിക നല്‍കും.   ജില്ലയിലെ 926 സ്‌കൂളുകള്‍, 279 പ്രീ-പ്രൈമറി സ്‌കൂളുകള്‍, 2050 അങ്കണവാടികള്‍, 56 ഡേകെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ വച്ച് അധ്യാപകരുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ഗുളിക നല്‍കും.  അങ്കണവാടിയില്‍ പോവാത്ത കുഞ്ഞുങ്ങളും മറ്റ് സ്വകാര്യ നഴ്‌സറികളില്‍ പഠിക്കുന്ന കുട്ടികളും ഉച്ചസമയം അങ്കണവാടികളിലെത്തി മരുന്ന് കഴിക്കേണ്ടതാണ്.ഉച്ച ഭക്ഷണത്തിന് ശേഷം ചവച്ചരച്ച് വെള്ളത്തോടൊപ്പമാണ്  ഗുളിക കഴിക്കേണ്ടത്.  സാധാരണ വിരയിളക്കുന്നതിന് നല്‍കിവരുന്ന ആല്‍ബന്‍ഡസോള്‍ എന്ന ഗുളികയാണ് ഇതിന് ഉപയോഗിക്കുന്നത്.  പനിയോ, ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്ന തരം മറ്റ് അസുഖങ്ങളോ ഇല്ലാത്ത എല്ലാ കുട്ടികളും ഗുളിക കഴിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അഭ്യര്‍ഥിച്ചു.  ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വിരക്കെതിരെ ഗുളിക കഴിച്ച കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ എല്ലാ കുട്ടികളും ഗുളിക കഴിക്കേണ്ടതാണ്. ഈ ഗുളികയ്ക്ക് യാതൊരുതര പാര്‍ശ്വഫലങ്ങളും പ്രതീക്ഷിക്കുന്നില്ല.  മണ്ണിലൂടെ ആഹാരത്തില്‍ പ്രവേശിക്കുന്ന വിരകള്‍ കുട്ടികളുടെ ശരീരത്തിലെ പോഷണമൂല്യം വലിയൊരളവുവരെ ചോര്‍ത്തിയെടുക്കുന്നതുമൂലം കുട്ടികളിലുണ്ടാവുന്ന വിളര്‍ച്ച, വളര്‍ച്ച മുരടിപ്പ്, പ്രസരിപ്പ് ഇല്ലായ്മ, അയണ്‍കുറവ്, മറ്റ് വിവിധ പ്രശ്‌നങ്ങള്‍ക്ക് ഗുളിക കഴിക്കുന്നത് മൂലം പരിഹാരമുണ്ടാവുമെന്നും രാജ്യത്തിന്റെ വികസനത്തിന് എല്ലാ കുട്ടികളും ഗുളിക കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഡിഎംഒ അറിയിച്ചു. കുട്ടികളിലെ വിരസാന്ദ്രത കുറയ്ക്കുന്നതിലൂടെ സമൂഹത്തിലും മണ്ണിലും ധാരാളമായി നിലനില്‍ക്കുന്ന വിരകളെ നശിപ്പിക്കുന്നതിനാണ് ഒറ്റ ദിവസം ഗുളിക വിതരണം.  കേരളത്തില്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് തുല്യ അളവില്‍ തന്നെ മണ്ണില്‍ 48 ശതമാനത്തോളം വിര സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ പരിപാടി കേരളത്തിലും നടപ്പാക്കുന്നത്.  ഇതിന്റെ ആദ്യ 3 ഘട്ടങ്ങള്‍ 2016 ആഗസ്ത്, 2017 ഫെബ്രുവരി, ആഗസ്ത്് മാസങ്ങളില്‍ നടന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss