|    Nov 22 Thu, 2018 1:25 am
FLASH NEWS

ജില്ലയില്‍ 33 ക്യാംപുകള്‍ കൂടി; ദുരിതബാധിതര്‍ക്കായി കൈകോര്‍ത്ത് നാട്

Published : 19th August 2018 | Posted By: kasim kzm

കൊല്ലം: മഴയ്ക്ക് ശമനമുണ്ടായെങ്കിലും ജില്ലയില്‍ കെടുതികള്‍ തുടരുന്നു. ജില്ലയില്‍ ഇന്നലെ വൈകുന്നേരം വരെ 33 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ഇതോടെ ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം 100ആയി. 4529 കുടുംബങ്ങളിലെ 15751 പേരാണ് ഈ ക്യാംപുകളില്‍ കഴിയുന്നത്.
ഇതില്‍ 6170 പുരുഷന്‍മാരും 7146 സ്ത്രീകളുമുണ്ട്. 2496 കുട്ടികളും ക്യാംപില്‍ കഴിയുന്നുണ്ട്. പത്തനാപുരം താലൂക്കില്‍-14, പുനലൂര്‍-18, കൊല്ലം-32, കുന്നത്തൂര്‍-15, കൊട്ടാരക്കര-11, കരുനാഗപ്പള്ളി-10 എന്നിങ്ങനെയാണ് ജില്ലയിലെ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്.ചില ക്യാംപുകള്‍ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. കൊട്ടാരക്കര താലൂക്കിലെ ദുരിതാശ്വാസ ക്യാംപുകളില്‍ ടോയ്‌ലെറ്റ് സൗകര്യത്തിന്റെ അപര്യാപ്തത പരിഹരിക്കാന്‍ നടപടികള്‍ ആരംഭിക്കാന്‍ കൊട്ടാരക്കര എം എല്‍ എ പി ഐഷാ പോറ്റി ദുരിതാശ്വാസ ചുമതലയുള്ള കൊട്ടാരക്കര തഹസീല്‍ദാര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കി. സമീപ സ്ഥലങ്ങളിലെ ഓഡിറ്റോറിയങ്ങളിലും കല്യാണ മണ്ഡപങ്ങളിലും സൗകര്യമൊരുക്കാനാണ് നിര്‍ദേശം.
കുളക്കട പഞ്ചായത്തിലടക്കം കൊട്ടാരക്കര താലൂക്കില്‍ 10 ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. സ്‌കൂളുകളാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത് . പ്രൈമറി സ്‌കൂളുകളും അപ്പര്‍ പ്രൈമറി സ്‌കൂളുകളുമാണ് ഇതില്‍ ഭൂരിപക്ഷം.ഇവിടങ്ങളില്‍ ഒന്നോ രണ്ടോ ടോയ് ലെറ്റുകള്‍ മാത്രമാണുള്ളത്. അതേസമയം, സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും യുവജന മഹിളാ സംഘടനകളുമെല്ലാം ദുരിതാശ്വാസ ക്യാംപുകളില്‍ സഹായമെത്തിക്കുന്നുണ്ട്. വ്യാപാര വ്യവസായ സ്ഥാപനങ്ങളും വ്യക്തികളും സഹായങ്ങള്‍ സഹായങ്ങള്‍ എത്തിച്ചു കൊണ്ടിരിക്കുന്നു. ഇതര ജില്ലകളിലേക്കും ഇവിടെ നിന്നും സഹായം എത്തിക്കുന്നുണ്ട്.പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന ദുരിത ബാധിതര്‍ക്കായി കൊല്ലം സിറ്റി പോലിസ് ഇന്നലെ സഹായങ്ങള്‍ എത്തിച്ചു. പൊതുജനങ്ങളുടെ പങ്കാളിത്വത്തോടെയാണ് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മറ്റ് നിത്യോപയോഗസാധനങ്ങളും പോലിസ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചത്. കൊല്ലം സിറ്റി പരിധിയിലെ എല്ലാ പോലിസ് സ്റ്റേഷനുകളിലും കൗണ്ടറുകള്‍ ആരംഭിച്ച് പൊതുജനങ്ങളില്‍ നിന്നുമുള്ള സഹായങ്ങള്‍ സ്വീകരിച്ചും പോലിസ് സേനാംഗങ്ങളുടെ ശ്രമഫലമായും ശേഖരിച്ച സഹായ വസ്തുക്കള്‍ കൊല്ലം എആര്‍ ക്യാംപില്‍ നിന്നും ടോറസ്സുകളിലും മറ്റ് പോലിസ് വാഹനങ്ങളിലുമായാണ് പ്രളയബാധിത പ്രദേശങ്ങളില്‍ എത്തിച്ചത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അരുള്‍ ആര്‍ ബി കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് സഹായങ്ങള്‍ എത്തിച്ചത്. നിലവില്‍ കൊല്ലം സിറ്റിയിലെ എല്ലാ പോലിസ് സ്റ്റേഷനുകളിലേയും സഹായ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സഹായങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന പൊതുജനങ്ങളും സംഘടനകളും ഈ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.
കൊല്ലം വെസ്റ്റ് പോലിസ് സ്‌റ്റേഷന്‍, പൂയപ്പള്ളി പോലിസ് സ്റ്റേഷന്‍, കൊട്ടറ സ്‌നേഹാലയം, ഓടനാവട്ടം വൈസ്‌മെന്‍സ് ക്ലബ്ബ്, വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ തുടങ്ങിയവര്‍ സമാഹരിച്ച ഭക്ഷണസാധനങ്ങള്‍ വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ എത്തിച്ചു. ഓടനാവട്ടം വൈസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് സമാഹരിച്ച് പുനലൂര്‍, നെല്ലിപ്പള്ളി തുടങ്ങിയ ദുരിതാശ്വാസ ക്യാംപിലെത്തിച്ചത്. പൂയപ്പള്ളി കൃഷ്ണതുളസി റിസര്‍ച്ച് ലാബില്‍നിന്നും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മരുന്നുകളും കുടിവെള്ളവും ഭക്ഷണസാധനങ്ങളും ക്യാംപുകളിലേക്ക് എത്തിക്കുന്നുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss