|    Oct 24 Wed, 2018 4:16 am
FLASH NEWS

ജില്ലയില്‍ 1,209 ബൂത്തുകളിലൂടെ 1,41,563 കുട്ടികള്‍ക്ക് മരുന്ന് നല്‍കി

Published : 30th January 2017 | Posted By: fsq

 

അമ്പലപ്പുഴ: പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ആദ്യഘട്ടം സമാപിച്ചു. ജില്ലയില്‍ 12 09 ബൂത്തുകളിലൂടെ 1,41,563 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കിയത്. റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍, ബസ്സ്‌റ്റോപ്പുകള്‍ തുടങ്ങി ജനത്തിരക്കേറിയ എല്ലാ കേന്ദ്രങ്ങളിലും മരുന്ന് നല്‍കാനായി ബൂത്തുകള്‍ സജീകരിച്ചിരുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ മക്കള്‍ക്കും തുള്ളിമരുന്ന് നല്‍കി. രണ്ടുഘട്ടങ്ങളായുള്ള പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ ആദ്യഘട്ടം ജില്ലാതല ഉദ്ഘാടനം അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയ്‌നിങ് സെന്ററില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ നിര്‍വഹിച്ചു. ആര്‍ദ്രം ഉള്‍പ്പടെയുള്ള പുതിയ പദ്ധതികള്‍ വഴി കേരള സര്‍ക്കാര്‍ ആരോഗ്യരംഗത്ത് പുതിയ ഇടപെടല്‍ നടത്താന്‍ തയ്യാറെടുക്കുകയാണെന്നും എല്ലാവര്‍ക്കും ആരോഗ്യം എന്ന ലക്ഷ്യത്തിലേക്ക് ചുവടുവയ്ക്കാന്‍ ഇത്തരം നടപടികളിലൂടെ കഴിയുമെന്നും  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍ ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍  അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി വേണുലാല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി വസന്തദാസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. കെ ടി മാത്യു, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ രതീഷ്, ഗീതാബാബു, ബിന്ദുബൈജു, മായാദേവി, രമാദേവി, ഡോ.ഇ കെ ആന്റണി, ഡോ. സംഗീത, മാസ് മീഡിയ ഓഫിസര്‍ ജി ശ്രീകല, ഡോ.എം കാര്‍ത്തിക, പി ഒ തോമസ് സംസാരിച്ചു.  ദേശീയ പോളിയോ നിര്‍മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി ചേര്‍ത്തല നഗരത്തില്‍ നടന്ന പോളിയോ തുള്ളിമരുന്നുവിതരണം ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി പിതിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല താലൂക്ക് ആശുപത്രിയും ചേര്‍ത്തല നഗരസഭയും ചേര്‍ന്ന് ശിശുക്ഷേമവകുപ്പ്, റോട്ടറി ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ചേര്‍ത്തല നഗരത്തിലെ 25 കേന്ദ്രങ്ങളില്‍ തുള്ളിമരുന്ന് വിതരണം ചെയ്തു. താലൂക്ക് ആശുപത്രിയില്‍ നടന്ന യോഗത്തില്‍ ചേര്‍ത്തല നഗരസഭാചെയര്‍മാന്‍ ഐസക് മാടവന അധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ഡോ.ഡിഎസ് ശബ്‌ന, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ വി ടി ജോസഫ്, ഡോ.അനില്‍ വിന്‍സെന്റ്, ഡോ.ജോസഫ് ജോസഫ്, സി ബി സുധീഷ് സംസാരിച്ചു.ചെങ്ങന്നൂരില്‍  ഗവണ്‍മെന്റ് ആശുപത്രിയില്‍ ആര്‍ രാമചന്ദ്രന്‍ നായര്‍ എംഎല്‍എ തുള്ളിമരുന്ന് വിതരണം  ഉദ്ഘാടനം ചെയ്തു.   മാവേലിക്കര ജില്ലാ ആശുപത്രിയില്‍ മാവേലിക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ ലീലാ അഭിലാഷും  ഹരിപ്പാട്ട് നഗരസഭാ ചെയര്‍മാന്‍ പ്രഫ.സുധാ സുശീലനും  തുള്ളിമരുന്ന് വിതരണം ഉദ്ഘാടനം ചെയ്തു. അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഒരേ ദിവസം തുളളിമരുന്നു നല്‍കുന്ന പദ്ധതി ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരം രാജ്യത്തൊട്ടാകെ ഇന്നലെ സംഘടിപ്പിക്കുകയായിരുന്നു. നവജാത ശിശുക്കള്‍ക്കും പോളിയോ മരുന്നു നല്‍കി. എല്ലാ ബൂത്തുകളിലും രാവിലെ എട്ടുമണിമുതല്‍ വൈകിട്ട് അഞ്ചു വരെ തുള്ളിമരുന്ന് വിതരണം ചെയ്തു.  സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍, അംഗന്‍ വാടികള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍, മറ്റ് തെരഞ്ഞെടുത്ത കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും വാക്‌സിനേഷനുള്ള സൗകര്യം ഒരുക്കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss