|    Apr 25 Tue, 2017 5:51 pm
FLASH NEWS

ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികം ; നോട്ട് അസാധുവാക്കല്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നു

Published : 29th November 2016 | Posted By: SMR

പത്തനംതിട്ട: നോട്ട് പിന്‍വലിച്ച് രാജ്യത്തെ അരാജകത്വത്തിലാഴ്ത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗീകം. അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. പൊതുവെ സമാധാപരമായിരുന്നു. ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് റാന്നി താലൂക്ക്, ചിറ്റാര്‍, സീതത്തോട് ഗ്രാമപ്പഞ്ചായത്തുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങിയില്ലെങ്കിലും കെഎസ്ആര്‍ടിസിയുടെ ശബരിമല സര്‍വീസുകള്‍ മുടക്കമില്ലാതെ നടന്നു. സ്വകാര്യ കാറുകളും ഇരുചക്ര വാഹനങ്ങളും അങ്ങിങ്ങായി നിരത്തിലിറങ്ങി. റാന്നി താലൂക്ക് ഒഴികെയുള്ള പ്രദേശങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. റാന്നിയിലും പരിസര പ്രദേശങ്ങളിലും ചില സ്വകാര്യ സ്‌കൂളുകളടക്കം പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ ഓഫിസുകളിലെ ഹാജര്‍ നില ദുര്‍ബലമായിരുന്നു. അതിനാല്‍ തന്നെ പൊതുജനങ്ങള്‍ക്ക് സേവനം ഒന്നും ലഭിച്ചില്ല. ബാങ്കുകള്‍, എടിഎമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടില്ല. എങ്കിലും തുറന്ന് കിടന്ന എടിഎമ്മുകളില്‍ പണം ഇല്ലാതിരുന്നതും ഉള്ളവയില്‍ 2000 രൂപ നോട്ട് പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായതും ജനത്തെ ഏറെ ദുരിതത്തിലാക്കി. ദീര്‍ഘദൂര ശബരിമല തീര്‍ഥാടക വാഹനങ്ങള്‍ പലതും ഇന്ധനം ലഭ്യമാവാതിരുന്നതിനെ തുടര്‍ന്ന് വിവിധ ഇടത്താവളങ്ങളില്‍ പാര്‍ക്ക് ചെയ്ത ശേഷം വൈകീട്ട് ഹര്‍ത്താല്‍ അവസാനിച്ച ശേഷമാണ് യാത്ര തുടര്‍ന്നത്. ഹര്‍ത്താലിനെ എസ്ഡിപിഐയും പിന്തുണച്ചിരുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗങ്ങളും നടത്തി. പത്തനംതിട്ടയില്‍ നടന്ന പ്രകടനവും യോഗവും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ടികെജി നായര്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കമ്മിറ്റി അംഗം ബെന്‍സി തോമസ് അധ്യക്ഷത വഹിച്ചു. വി കെ പുരുഷോത്തമന്‍ പിള്ള, കെ അനില്‍കുമാര്‍, ഷാഹുല്‍ ഹമീദ്, നൗഷാദ് കണ്ണങ്കര, ബി ഹരിദാസ്, റോയി മാടപ്പള്ളി, പി എന്‍ ശശി, സുഹാസ് എം ഹനീഫ്, സുമേഷ്, ഗോകുലേന്ദ്രന്‍, അന്‍സാരി സംസാരിച്ചു. റഫീക്ക്, കുമാര്‍ അഴൂര്‍, എസ് പ്രകാശ്, നവീന്‍, പ്രസാദ്, നജീബ് ഇളയനില, ടി ടി മനാഫ് പ്രകടനത്തിന് നേതൃത്വം നല്‍കി. തിരുവല്ല: തിരുവല്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ബാങ്കുകളൊഴിച്ച് മറ്റ് സ്ഥാപനങ്ങളൊന്നും തുറന്നില്ല. കെഎസ്ആര്‍ടിസി ബസ്സുകളും സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ഇതോടെ ബന്ദിന്റെ പ്രതീതിയാണുണ്ടായത്. ഹര്‍ത്താലിനോടനുബന്ധിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ രാവിലെ പ്രകടനം നടത്തി. സിപിഎം ഏരിയാ കമ്മിറ്റി ഓഫിസില്‍നിന്ന് ആരംഭിച്ച പ്രകടനം തിരുവല്ല ടൗണില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. ആര്‍ സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കൗണ്‍സിലംഗം സി ടി തോമസ് അധ്യക്ഷനായി. സിപിഎം ഏരിയാ സെക്രട്ടറി അഡ്വ. ഫ്രാന്‍സിസ് വി ആന്റണി, ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ പ്രകാശ്ബാബു, ബാബു പറയത്തുകാട്ടില്‍, ജിജി വട്ടശേരില്‍, എം ബി നൈനാന്‍, റെയ്‌ന ജോണ്‍സ്ബര്‍ഗ്, അനില്‍കുമാര്‍, രവിപ്രസാദ്  സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day