|    Jun 23 Sat, 2018 3:51 pm
FLASH NEWS

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

Published : 29th November 2016 | Posted By: SMR

മലപ്പുറം: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് പൊതുജനം പ്രതിസന്ധിയിലായ സഹചര്യത്തില്‍ കേന്ദ്ര നയത്തിനെതിരേ ഇടതു സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. ജനജീവിതത്തെ സാരമായി ബാധിച്ചു. പ്രധാന നഗരങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തിയില്ല. ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രമേ നിരത്തിയിലിറങ്ങിയുള്ളു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജീവനക്കാരെത്തിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ അവധി നല്‍കിയിരുന്നു. പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ രാവിലെ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. പൊന്നാനിയില്‍ വാഹനങ്ങള്‍ തടയുന്നതിന്റെ ചിത്രം പകര്‍ത്തിയ രണ്ടു പ്രാദേശിക ചാനല്‍ കാമറാമാന്‍മാരെ സമരാനുകൂലികള്‍ തടഞ്ഞുവച്ച് കൈയേറ്റം ചെയ്തു. മറ്റൊരു ചാനല്‍ കാമറമാന്റെ കൈയില്‍ നിന്നു കാമറ പിടിച്ച് വാങ്ങി സമരാനുകൂലികള്‍ തകര്‍ത്തു. പൊന്നാനിയില്‍ ഇന്നലെ രാവിലെ പതിനൊന്നിനാണ് സംഭവം. എന്‍സിവി റിപോര്‍ട്ടര്‍മാരായ നൗഷാദ്, പേജ് ടിവി റിപോര്‍ട്ടറായ ദനേഷ് എന്നിവരെയാണ് േൈകയറ്റം ചെയ്തത്. കിങ്ങ് ടിവിയുടെ കാമറമാനായ മുഷ്താഖിന്റെ കാമറയാണ് സമരക്കാര്‍ പിടിച്ചുവാങ്ങി തകര്‍ത്തത്. ചമ്രവട്ടത്ത് സമരാനുകൂലികള്‍ ലോറി തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ പകര്‍ത്തിയതോടെയാണ് സമരക്കാരില്‍ ചിലര്‍ ഭീഷണിയുമായി റിപോര്‍ട്ടര്‍മാര്‍ക്കുനേരേ പാഞ്ഞടുത്തത്. ചിലര്‍ റിപോര്‍ട്ടര്‍മാരെ ഉപദ്രവിക്കാന്‍ ശ്രമിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ഒടുവില്‍ നേതാക്കന്മാരുടെ നിര്‍ബന്ധത്തിന് വഴങ്ങി പ്രവര്‍ത്തകര്‍ മാപ്പ് പറയുകയും ചെയ്തു. ഈ സംഭവത്തിന് ശേഷമാണ്, സമരക്കാര്‍ വീണ്ടും വാഹനം തടയുന്നത് കാമറയില്‍ പകര്‍ത്തിയ കിങ്ങ് ടിവിയുടെ ജീവനക്കാരന്റെ കാമറ പിടിച്ച് വാങ്ങി തകര്‍ത്തത്. ചാനല്‍ റിപോര്‍ട്ടര്‍മാരെ കൈയേറ്റം ചെയ്ത നടപടിയെ പൊന്നാനി മീഡിയാ സെന്റര്‍ അപലപിച്ചു. വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ബഷീര്‍ അണ്ണക്കമ്പാട്, നദീര്‍, പ്രദീപ്, അഷറഫ് എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ രാഷ്ട്രിയ പ്രവര്‍ത്തകരും ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. ഹര്‍ത്താല്‍ മഞ്ചേരി നഗരത്തില്‍ പൂര്‍ണമായിരുന്നു. കടകളെല്ലാം രാവിലെ മുതല്‍ അടഞ്ഞുകിടന്നു. മഞ്ചേരി നിത്യ മാര്‍ക്കറ്റ് ഉള്‍പ്പെടെ വ്യാപാര സ്ഥാപനങ്ങളൊന്നും തുറന്നില്ല. ഇരുചക്രവാഹനങ്ങള്‍ ഒഴികെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. സ്വകാര്യ ബസ്സുകളെ പോലെതന്നെ കെഎസ്ആര്‍ടിസി ബസ്സുകളും സര്‍വീസ് നടത്തിയില്ല. എന്നാല്‍, മെഡിക്കല്‍ കോളജ്, കോടതികളും മറ്റു ഓഫിസുകളും  പ്രവര്‍ത്തിച്ചു. ഹര്‍ത്താലില്‍ നിന്നു ഒഴിവാക്കിയതിനാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചില്ല. സാധാരണപോലെ ബാങ്കുകളിലേക്കായി ഇരു ചക്രവാഹനങ്ങളില്‍ പലരും ഇന്നലെയും എത്തി. ജില്ലയിലെ മിക്കയിടങ്ങളിലെയും എടിഎമ്മുകള്‍ക്കു മുമ്പില്‍ രാവിലെ മുതല്‍തന്നെ വലിയ വരിയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss