|    Apr 30 Sun, 2017 4:56 am
FLASH NEWS

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

Published : 29th November 2016 | Posted By: SMR

തൃശൂര്‍: സംസ്ഥാന വ്യാപകമായി എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. ഇരുചക്രവാഹനങ്ങളും സ്വകാര്യവാഹനങ്ങളുമൊഴികെ മറ്റു വാഹനങ്ങളുമൊന്നും നിരത്തിലിറങ്ങിയിട്ടില്ല. കടകള്‍ എല്ലാം അടഞ്ഞു കിടന്നു. എന്നാല്‍ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് ബാങ്കുകള്‍ എല്ലാം തന്നെ സാധാരണ രീതിയില്‍ പ്രവര്‍ത്തിച്ചു. ബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാണെങ്കിലും തിരക്ക് കുറവാണ്. എടിഎമ്മുകള്‍ മുഴുവനായും പ്രവര്‍ത്തന സജ്ജമല്ലെങ്കിലും ചുരുക്കം ചില എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നെങ്കിലും സര്‍വ്വീസ് നടത്തിയില്ല. ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസ് പതിവുപോലെ നടത്തണമെന്ന മാനേജിങ് ഡയറക്ടര്‍ രാജമാണിക്യത്തിന്റെ നിര്‍ദ്ദേശം പ്രാവര്‍ത്തികമായില്ല. തൊഴിലാളികളുടെ എതിര്‍പ്പു മൂലമാണ് കെഎസ്ആര്‍ടിസിയുടെ സര്‍വീസ് മുടങ്ങിയത്. വൈകീട്ട് ആറിന് ശേഷം ചില സര്‍വീസുകള്‍ നടന്നു. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന പ്രതീക്ഷയില്‍ നിരവധി പേര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിലെത്തിയിരുന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. എല്‍ഡിഎഫ് പഴയന്നൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴയന്നൂര്‍ ടൗണില്‍ പ്രകടനം നടത്തി. സിപിഎം പഴയന്നൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍ എം ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. എം പത്മകുമാര്‍ അധ്യക്ഷനായിരുന്നു. ഇരിങ്ങാലക്കുടയില്‍ നടന്ന പ്രകടനത്തിന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ആര്‍ വിജയ, ഉല്ലാസ് കളക്കാട്ട്, പി മണി നേതൃത്വം നല്‍കി. കാഞ്ഞാണിയില്‍ നടന്ന പ്രകടനത്തിന് പ്രവര്‍ത്തകരായ വി എം സുര്‍ജിത്ത്, കെ വി വിനോദന്‍, എം ആര്‍ മോഹനന്‍ നേതൃത്വം നല്‍കി. കൊടകര ടൗണില്‍ നടത്തിയ പ്രകടനത്തിന് പി ആര്‍ പ്രസാദന്‍, പി ജി വാസുദേവന്‍നായര്‍, കെ സി ജെയിംസ് നേതൃത്വം നല്‍കി. കോടാലിയില്‍ കെ വേണുഗോപാല്‍, സി യു പ്രിയന്‍, കെ പി വിനോദ് നേതൃത്വം നല്‍കി. ഹര്‍ത്താലിനോടനുബന്ധിച്ച്  വടക്കാഞ്ചേരിയില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടന്നു. സിപിഎം ജില്ലാ സെക്രേട്ടറിയറ്റംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി യോഗം ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം ആര്‍ സോമനാരായണന്‍, സിപിഎം ഏരിയാ സെക്രട്ടറി പി എന്‍ സുരേന്ദ്രന്‍, കെ എം മൊയ്തു സംസാരിച്ചു. കുന്നംകുളത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനത്തിന്  ഏരിയാ സെക്രട്ടറി ടി കെ വാസു, സി കെ രവി,  പി എം സുരേഷ് നേതൃത്വം നല്‍കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day