|    Nov 13 Tue, 2018 1:42 am
FLASH NEWS

ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികം; പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു

Published : 10th April 2018 | Posted By: kasim kzm

കാസര്‍കോട്: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികം. പലയിടങ്ങളിലും ജനങ്ങളെ ദുരിതത്തിലാക്കി വഴിതടയല്‍. ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതിയും പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷനും നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഹര്‍ത്താല്‍ അനുകൂലികളുടെ എതിര്‍പ്പുകാരണം മലയോരമേഖലയിലടക്കും ഭൂരിപക്ഷം ബസ് സര്‍വീസുകളും മുടങ്ങി. പലയിടത്തും വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. അനിഷ്ടസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ദേശീയപാതയില്‍ പെരിയ ടൗണില്‍ രാവിലെ 6.30 മുതല്‍ വാഹനങ്ങള്‍ തടഞ്ഞു.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരാനുകൂലികള്‍ റോഡില്‍ കുത്തിയിരുന്ന് ബിജെപി വിരുദ്ധ മുദ്രാവാക്യം മുഴക്കി ഉപരോധസമരം നടത്തി. വ്യാപാരികള്‍ക്കും സ്വകാര്യബസുടമകള്‍ക്കുമെതിരേ സമരത്തില്‍ പ്രതിഷേധമിരമ്പി. ഇരുചക്രവാഹനയാത്രക്കാരെ പോലും കടത്തിവിട്ടില്ല. കെഎസ്ആര്‍ടിസി ബസുകളും നാഷണല്‍ പെര്‍മിറ്റ് ലോറികളും മംഗളുരു ആശുപത്രിയിലും സര്‍ക്കാര്‍-സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിക്കു പോകേണ്ടുന്നവരും ഇതോടെ ദുരിതത്തിലായി. വിവാഹപാര്‍ട്ടി സഞ്ചരിച്ച വാഹനങ്ങളും തടഞ്ഞു. പോലിസ് സ്ഥലത്തെത്തിയെങ്കിലും വാഹനങ്ങള്‍ കടത്തിവിടാന്‍ യാതൊരു നടപടിയുമുണ്ടായില്ല.
തുറന്ന കച്ചവടസ്ഥാപനങ്ങള്‍ ഇവര്‍ അടപ്പിച്ചു. പിന്നീട് 8.30യോടെയാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. പിന്നീട് നിരവധിതവണ വാഹനങ്ങള്‍ തടഞ്ഞപ്പോള്‍ പോലിസ് ഇടപെട്ട് വാഹനങ്ങളെ പോകാന്‍ അനുവദിക്കുകയായിരുന്നു. കല്യോട്ട് വാഹനങ്ങള്‍ തടയുകയും വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിക്കുകയും ചെയ്തു. കാഞ്ഞിരടുക്കത്തും വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിച്ചു.  മലയോരമേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. മലയോര ടൗണുകളായ ചിറ്റാരിക്കാല്‍, പാലാവയല്‍, കടുമേനി, വെള്ളരിക്കുണ്ട്, നര്‍ക്കിലക്കാട്, ഭീമനടി, ബളാല്‍, പരപ്പ, ഒടയഞ്ചാല്‍, ചുള്ളിക്കര, രാജപുരം, മാലക്കല്ല്, കള്ളാര്‍, കോളിച്ചാല്‍, പാണത്തൂര്‍, ബന്തടുക്ക, പടുപ്പ്, കരിവേടകം ടൗണുകള്‍ ഹര്‍ത്താലില്‍ സ്തംഭിച്ചു. സ്വകാര്യ-കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തിയില്ല. കടകമ്പോളങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. സ്വകാര്യവാഹനങ്ങള്‍ തടഞ്ഞു. വരക്കാട് ബംഗളുരുവില്‍ നിന്നും വന്ന കെഎസ്ആര്‍ടിസി ബസ് സ്ത്രീകള്‍ അടക്കമുള്ള ഹര്‍ത്താല്‍ അനുകൂലികള്‍ റോഡില്‍ കിടന്നുകൊണ്ട് തടഞ്ഞു. ഭീമനടിയില്‍ വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസ് തടഞ്ഞു. ബന്തടുക്കയില്‍ കുറ്റിക്കോല്‍ പഞ്ചായത്തംഗം ജോസ് പാറത്തട്ടേലിനെ ഹര്‍ത്താല്‍ അനുകൂലികള്‍ നാലുമണിക്കൂറിലധികം തടഞ്ഞുവച്ചു.
കഞ്ഞിക്കലവും അരിയും പയറുമായെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ മലയോരത്തെ റോഡരികുകളില്‍ അടപ്പുകൂട്ടി ഭക്ഷണം പാകം ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിനുപേര്‍ ഇതില്‍ പങ്കാളികളായി.  ജില്ലയില്‍ സ്വകാര്യബസുകള്‍ സര്‍വീസ് നടത്തിയത് ചില മേഖലകളിലേയ്ക്ക് മാത്രം. മധൂര്‍, തലപ്പാടി, സീതാംഗോളി എന്നിവിടങ്ങളില്‍ മാത്രമാണ് തടസമില്ലാതെ സര്‍വീസ് നടത്തിയത്. കാഞ്ഞങ്ങാട്-കാസര്‍കോട് ദേശീയപാതയിലും കാഞ്ഞങ്ങാട്-പാണത്തൂര്‍ പാണത്തൂര്‍ സംസ്ഥാനപാതയിലും നീലേശ്വരം-ഭീമനടി റൂട്ടിലും ബസ് സര്‍വീസ് മുടങ്ങി. ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച്  ബദിയടുക്കയില്‍ ദലിത് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി.
പിന്നീട് മുകളിലെ ബസാറില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് ഇവരെ ബദിയടുക്ക പോലിസ് അറസ്റ്റു ചെയ്തു നീക്കി. ദലിത് നേതക്കളായ ആനന്ദ കെ മൗവ്വാര്‍, ഗംഗാധര ഗോളിയടുക്ക, ഐത്തപ്പ പട്ടാജെ, ഡി ഗോപാല, വിനോദ് ബേപ്പ്, ഗോപാലന്‍ എടനീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കാസര്‍കോട്് നിന്നും പെര്‍ള, പുത്തൂര്‍ ഭാഗത്തേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തിയെങ്കിലും സ്വകാര്യ ബസുകള്‍ ഓടിയില്ല. മുള്ളേരിയ-ബദിയടുക്ക-കുമ്പള റൂട്ടില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയെങ്കിലും കാസര്‍കോട് നിന്ന് അഡൂര്‍, മുള്ളേരിയ റൂട്ടുകളില്‍ ബസ് സര്‍വീസ് നടത്തിയില്ല. അതേ സമയം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss