|    Jan 24 Tue, 2017 12:21 am

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം; അങ്ങിങ്ങ് അക്രമം, വാഹനം തടയല്‍

Published : 14th October 2016 | Posted By: Abbasali tf

തൊടുപുഴ: ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ പൂര്‍ണം. അങ്ങിങ്ങ് അക്രമങ്ങളും പരക്കെ വാഹനം തടയലുമൊക്കെ നടന്നു.കട്ടപ്പനയില്‍ സിഐടിയു തൊഴിലാളികളുടെ വിശ്രമ കേന്ദ്രം നശിപ്പിച്ചു.ജില്ലാ ആസ്ഥാന മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.കട്ടപ്പനയില്‍ ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു. ഏതാനും ചില ഇരുചക്ര വാഹനങ്ങളൊഴികെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു ഗ്രാമീണ മേഖലകളിലെ തുറന്നു പ്രവര്‍ത്തിച്ച വ്യാപാര സ്ഥാപനങ്ങള്‍ ഹര്‍ത്താലനുകൂലികള്‍ അടപ്പിച്ചു. രാവിലെ ബിജെപി പ്രവര്‍ത്തകര്‍ കട്ടപ്പനയില്‍ പ്രകടനം നടത്തി. ചേന്നാട്ടുമറ്റം ജംക്ഷനില്‍ സിഐടിയു തൊഴിലാളികള്‍ നിര്‍മിച്ചിരുന്ന വിശ്രമ കേന്ദ്രമാണ് നശിപ്പിച്ചത്. ഇതിനു സമീപത്തുണ്ടായിരുന്ന കൊടിമരം പിഴുതെടുക്കാനും ശ്രമം നടന്നു. പ്രകടനമായി എത്തിയ പ്രവര്‍ത്തകരാണ് വിശ്രമ കേന്ദ്രം നശിപ്പിച്ചത്. അശോക ജങ്ഷനില്‍ പാര്‍ട്ടി പത്രത്തിന്റെ പ്രചാരണാര്‍ഥം സ്ഥാപിച്ചിരുന്ന ഫഌക്‌സും നശിപ്പിച്ചിട്ടുണ്ട്.കുമളി, പീരുമേട്, ഏലപ്പാറ, വണ്ടിപ്പെരിയാര്‍ മേഖലകളില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. പലയിടത്തും ബിജെപി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു.ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കാതിരുന്നതു വിനോദസഞ്ചാരികള്‍ അടക്കമുള്ളവരെ വലച്ചു. അതേസമയം തേയിലത്തോട്ടങ്ങളിലെ   പ്രവര്‍ത്തനങ്ങളെ  ഹര്‍ത്താല്‍ ബാധിച്ചില്ല. നെടുങ്കണ്ടം, തൂക്കുപാലം, ഉടുമ്പന്‍ചോല മേഖലകളില്‍ വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടന്നു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണു നിരത്തിലിറങ്ങിയത്. രാജാക്കാട്, രാജകുമാരി മേഖലകളില്‍ ഹര്‍ത്താല്‍ പൂര്‍ണവും സമാധാനപരവുമായിരുന്നു. കച്ചവട സ്ഥാപനങ്ങളൊന്നും തുറന്നില്ല. മിക്കയിടങ്ങളിലും  ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. അടിമാലിയിലും ചുരുക്കം ചില ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രമാണു നിരത്തിലിറങ്ങിയത്. അതേസമയം മാങ്കുളം, ആനക്കുളം  മേഖലയില്‍ ചില വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു. മാങ്കുളത്തു ഒരു സ്‌കൂളും പ്രവര്‍ത്തിച്ചു. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. തുറന്നു പ്രവര്‍ത്തിച്ച കടകള്‍ ബിജെപി പ്രവര്‍ത്തകര്‍ അടപ്പിച്ചു. സഞ്ചാരികളുടെ വാഹനങ്ങള്‍ അല്‍പനേരം തടഞ്ഞിട്ട ശേഷമാണ് കടത്തിവിട്ടത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ബസുകളും ഇവിടേയ്ക്കു എത്തിയില്ല. അതേസമയം ഹര്‍ത്താല്‍ തോട്ടം മേഖലയെ ബാധിച്ചില്ല. മറയൂര്‍, കോവില്‍ക്കടവ്, കാന്തല്ലൂര്‍ മേഖലകളിലും ഹര്‍ത്താല്‍. പൂര്‍ണമായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍  മറയൂര്‍ ബാബുനഗര്‍ ജങ്ഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക