|    Jul 18 Wed, 2018 10:07 pm
FLASH NEWS

ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികം; പരക്കെ അക്രമം

Published : 14th October 2016 | Posted By: Abbasali tf

മലപ്പുറം: കണ്ണൂരില്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ല്‍ ജില്ലയില്‍ ഭാഗികം. പുളിക്കലില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഇനോവാ കാര്‍ എറിഞ്ഞു തകര്‍ത്തു. പ്രധാന നഗരങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നെങ്കിലും ചെറുപട്ടണങ്ങളില്‍ ഹര്‍ത്താല്‍ ഏശിയില്ല. സ്വകാര്യ ബസ്സുകളും കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തിയില്ല. തിരൂര്‍- താനൂര്‍ റെയില്‍വേ സ്‌റ്റേഷനുകളിലെത്തിയ ദീര്‍ഘദൂര യാത്രക്കാര്‍ ഹര്‍ത്താലില്‍ വലഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നില്ല. ചിലയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടപ്പിച്ചു. ബുധനാഴ്ച വെകീട്ട് നഗരങ്ങളിലെ കടകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ചെന്ന് ഹര്‍ത്താലിനോട് സഹകരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ജനങ്ങളില്‍ ഭീതിയുണ്ടാക്കും വിധമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ ബുധനാഴ്ച്ച മൈക്ക് അനൗണ്‍സ്‌മെന്റും പ്രകടനവും നടത്തിയിരുന്നത്. ഇന്നലെ വാഹനങ്ങള്‍ തടയാനെത്തിയ സംഘപരിവാര പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി കവലകളില്‍ കുത്തിയിരിപ്പു നടത്തിയത് സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്തവര്‍ക്ക് പ്രയാസമായി.തിരൂര്‍: ഹര്‍ത്താലില്‍ തിരൂരില്‍ പരക്കെ അക്രമം നടന്നു. തിരൂര്‍ ബിപി അങ്ങാടി കണ്ണംകുളത്ത് പുഴവക്കത്ത് മുസ്തഫയുടെ ഉടമസ്ഥതയിലുള്ള മുബാറക് ഹോട്ടലും തൊട്ടടുത്ത പലചരക്കു കടയും തകര്‍ത്തു. ബിപി അങ്ങാടി ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ റോഡില്‍ കെ ടി ഹംസ ഹാജിയുടെ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടന്ന കെ ടി ഇന്‍ഡസ്ട്രിയല്‍സിന്റെ പൂട്ട് തകര്‍ത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ ഗേറ്റ് എടുത്ത് തൊട്ടരികിലെ കുളത്തിലിട്ടു. വാളുകളും ഇരുമ്പുകളുമായി നാല് ബൈക്കിലെത്തിയ 10 പേരടങ്ങിയ മുഖം മൂടി ധരിച്ച സംഘമാണ് ഈ അക്രമങ്ങള്‍ നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തിരൂര്‍ വടക്കന്‍ മുത്തൂരിലെ തുമ്പേരി ബഷീറിന്റെ ഉടമസ്ഥതയിലുള്ള തുമ്പേരി ഹോട്ടല്‍ ആന്റ് സ്റ്റോര്‍, ഏഴൂര്‍ പി സി പടിയില്‍ കരിമ്പനക്കല്‍ സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള ഫാത്തിമ ചിക്കന്‍ സ്റ്റാള്‍, വെട്ടം പരിയാപുരത്ത് സുല്‍ഫിക്കറിന്റെ ഓള്‍ട്ടോ കാര്‍, തിരൂര്‍ പൂങ്ങോട്ടുകുളത്ത് മല്‍സ്യ കച്ചവക്കാരന്റെ ഗുഡ്‌സ് ആട്ടോ, മംഗലം കളൂരിലെ ചായക്കട എന്നിവ സമരാനുകൂലികള്‍ അടിച്ചുതകര്‍ത്തു. പരിയാപുരം കെഎസ്ഇബി ഓഫിസ് അടപ്പിച്ചു. തിരൂര്‍ നഗരത്തില്‍ കടകമ്പോളങ്ങല്‍ അടഞ്ഞുകിടന്നു. പരിസര പ്രദേശങ്ങളില്‍ കടകള്‍ തുറന്ന് സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു. പവയിടത്തും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. ടാക്‌സി, ഓട്ടോറിക്ഷകള്‍ ഓടി. എന്നാല്‍, ബസ്സുകള്‍ നിരത്തിലിറങ്ങിയില്ല. നഗരത്തിലെ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിച്ചില്ല. ഗ്രാമപ്രദേശങ്ങളിലെ പല വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചു. എന്നാല്‍, ഹാജര്‍ നില കുറവായിരുന്നു.മഞ്ചേരി: മഞ്ചേരിയില്‍ മിക്ക കടകളും അടഞ്ഞു കിടന്നു. സ്‌കൂളുകളും ഓഫിസുകളും പ്രവര്‍ത്തിച്ചില്ല. ഇരുചക്ര വാഹനങ്ങള്‍ നിരത്തിലിറങ്ങി. രാവിലെ ചില വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞു. കോടതികള്‍ പ്രവര്‍ത്തിച്ചില്ല. ഓഫിസുകളില്‍ പൊതുവെ ഹാജര്‍ കുറഞ്ഞു. രാവിലെ തുറന്ന ചില ധനകാര്യ സ്ഥാപനങ്ങളും എല്‍ഐസി ഓഫിസും സമരക്കാര്‍ അടപ്പിച്ചു. ബസ്്സ്റ്റാന്റുകളില്‍ പൊതുവെ ആളുകളുണ്ടായില്ല. മെഡിക്കല്‍ കോളജ് ഒപിയില്‍ രോഗികള്‍ കുറവായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss