|    Jul 26 Wed, 2017 12:16 am
FLASH NEWS

ജില്ലയില്‍ ഹര്‍ത്താലിനിടെ വ്യാപക അക്രമം

Published : 14th October 2016 | Posted By: Abbasali tf

തൃശൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജില്ലയില്‍ വ്യാപക ആക്രമണം. മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത ബിജെപി പ്രവര്‍ത്തകര്‍ വിവിധ മാധ്യമ സ്ഥാപനങ്ങള്‍ ബലംപ്രയോഗിച്ച് അടപ്പിക്കാനും ശ്രമിച്ചു. ബിജെപിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് മാധ്യമ പ്രവര്‍ത്തകരടക്കമുള്ളവരെ ആക്രമിച്ചത്. നഗരത്തിലെ സിപിഎമ്മിന്റെയും അനുബന്ധ സംഘടനകളുടെയും ഫഌക്‌സുകളും കൊടിതോരണങ്ങളും നശിപ്പിച്ചു. ചെട്ടിയങ്ങാടിയിലെ അഴിക്കോടന്‍ രക്തസാക്ഷി സ്തൂപവും തകര്‍ത്തു. ബൈക്കിലെത്തിയ സംഘമാണ് സ്തൂപം തകര്‍ത്തത്. റോഡിലെ ട്രാഫിക് ബാരിക്കേഡുകളും പ്രവര്‍ത്തകര്‍ നശിപ്പിച്ചു. പ്രകടനത്തിനിടെ സര്‍ക്കാര്‍ ഓഫിസികളും എടിഎം കൗണ്ടറുകളും പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വരാജ് റൗണ്ട് കേന്ദ്രീകരിച്ച് ഇന്നലെ രാവിലെ 10.30 ഓടെയാണ് പ്രതിഷേധ പ്രകടനം നടുവിലാലില്‍ നിന്ന് ആരംഭിച്ചത്. പ്രകടനത്തിന്റെ ആരംഭത്തില്‍ തന്നെ പ്രവര്‍ത്തകര്‍ പ്രകോപിതരായി ബോര്‍ഡുകളും ഫഌക്‌സുകളും നശിപ്പിക്കുകയായിരുന്നു. നായ്ക്കനാല്‍, ബിനി ജംക്ഷന്‍, സ്വപ്‌ന തിയ്യറ്റര്‍, ജനറല്‍ ആശുപത്രി തുടങ്ങിയവയുടെ സമീപത്തെ കൂറ്റന്‍ ഫഌക്‌സുകളാണ് നശിപ്പിച്ചത്. പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ മാധ്യമങ്ങള്‍ക്കു നേരെ തിരിഞ്ഞത്. ഏഷ്യാനെറ്റ് ചീഫ് കാമറാമാന്‍ മധുമേനോന്‍, ജീവന്‍ ടിവി കാാമറാമാന്‍ ജിതിന്‍, ടിസിവി കാമറാമാന്‍ ബിജു ആമക്കോട് എന്നിവരെയാണ് പ്രവര്‍ത്തകര്‍ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. നഗരത്തില്‍ പൊലിസ് ഉണ്ടായിട്ടുപോലും മാധ്യമപ്രവര്‍ത്തകര്‍ അക്രമത്തിനിരയാകുകയായിരുന്നു. കൊടികെട്ടിയ പൈപ്പും പട്ടികയുമായാണ് പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ അക്രമിക്കാനായി വന്നത്. കാമറാ ഓഫ് ചെയ്തു. അതിനിടെയാണ് മധുമേനോനെ പ്രവര്‍ത്തകര്‍ പട്ടിക കൊണ്ട് അടിച്ചത്. പരുക്കേറ്റയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് എ നാഗേഷ്, സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍, കൗ ണ്‍സിലര്‍മാരായ എ മഹേഷ്, വി രാവുണ്ണി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.ഹര്‍ത്താലില്‍ ടൗണുകളിലെ കടകള്‍ അടഞ്ഞുകിടന്നെങ്കിലും നാട്ടിന്‍ പുറങ്ങളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. ചില സ്വകാര്യവാഹനങ്ങളും ഇരുചക്രവാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. കെഎസ്ആ ര്‍ടിസി ബസ്സിയിലും റെയില്‍വേ സ്റ്റേഷനിലുമെത്തിയ ദീര്‍ഘദൂര യാത്രക്കാര്‍ ദുരിതത്തിലായി. തൃശൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ലോ ഫ്‌ളോര്‍ അടക്കമുള്ള ബസ്സുകള്‍ സര്‍വീസ് നടത്തിയില്ല. മറ്റ് ജില്ലകളില്‍ കെഎസ്ആര്‍ടിസി ബസ്സിനു നേരെ കല്ലേറും അക്രമവുമുണ്ടായ സാഹചര്യത്തിലാണ് സര്‍വീസ് നടത്താതിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക