|    Jul 22 Sun, 2018 8:14 pm
FLASH NEWS

ജില്ലയില്‍ സാമൂഹിക വിരുദ്ധരെ തടയാന്‍ ഓപറേഷന്‍ തണ്ടര്‍

Published : 14th September 2017 | Posted By: fsq

 

ആലപ്പുഴ: ജില്ലയില്‍ വര്‍ധിച്ചു വരുന്ന അക്രമങ്ങളെയും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളെയും തടയാന്‍ ജില്ലാ പോലിസിന്റെ നേതൃത്വത്തില്‍ പദ്ധതി വരുന്നു.  ജനങ്ങളുടെ സ്വസ്ഥതയും സമാധാനവും കെടുത്തുന്ന സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യുക, ശക്തമായ നിയമനടപടി സ്വീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെ ഓപറേഷന്‍ തണ്ടര്‍ എന്ന പേരില്‍  ദ്രുതകര്‍മ പദ്ധതിക്കാണ് ജില്ലാ പോലിസ് രൂപം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് ജില്ലയിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരും ഒന്നില്‍കൂടുതല്‍ ക്രമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരുമായ എല്ലാ ആളുകളുടെയും വിശദവിവരം ശേഖരിക്കുന്നു. ഇവരില്‍ സ്ഥിരം അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, അനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളവര്‍, അവസരം കിട്ടുമ്പോള്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ എന്നിങ്ങനെ തരം തിരിക്കും. ഇവര്‍ ഉള്‍പ്പെട്ടിട്ടുള്ള ക്രമിനല്‍ കേസുകളുടെ വിവരങ്ങള്‍, കൂട്ടുപ്രതികള്‍ ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ എന്നിവയും ശേഖരിക്കും. ക്രിമിനല്‍ സ്വഭാവമുള്ളവരുടെ സാധാരണ ഒത്തുകൂടല്‍ സ്ഥലങ്ങളെക്കുറിച്ചും കൂട്ടത്തിലുള്ളവരെക്കുറിച്ചും രഹസ്യാന്വേഷണം നടത്തി നിരീക്ഷണം ഏര്‍പ്പെടുത്തും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല ടിമിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തനങ്ങള്‍. പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വാഹനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ 24 മണിക്കൂറും പട്രോള്ിങ്ങുണ്ടാവും.   പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. അക്രമങ്ങളില്‍ നിന്നു പിന്തിരിപ്പിക്കുന്നതിനുള്ള മുന്‍കരുതല്‍ അറസ്റ്റും മറ്റ്  നടപടികളും സ്വീകരിക്കും. ഗുണ്ടാ നിയമപ്രകാരം തടവിലാക്കുകയോ, നാടുകടത്തുകയോ ചെയ്യുന്നതിനുള്ള നടപടിയായിരി്ക്കും സ്വീകരിക്കുക. ഇത്തരത്തിലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുന്നതിന് ജില്ലയിലെ എല്ലാ പോലിസ് സ്‌റ്റേഷനുകളിലെയും പോലിസ് ഉദ്യേഗസ്ഥരും ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകം രൂപീകരിച്ച ആന്റി ഗുണ്ടാ സ്‌ക്വഡിനെയും രഹസ്യാന്വേഷണ വിഭാഗത്തേയും ഉപയോഗിച്ച് നിരീക്ഷിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ അപ്പപ്പോള്‍ ജില്ലാ തലത്തില്‍ അറിയിക്കുന്നതിനും സംവിധാനങ്ങള്‍ ഉണ്ടാവും. അനധികൃതമായി പണം ലഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തടയും. അക്രമസംഭവങ്ങള്‍ ഉണ്ടായാല്‍ അക്രമികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെ കര്‍ശന നടപടിയാണെടുക്കുക.് മുമ്പത്തെ അക്രമകേസുകളില്‍ അറസ്റ്റ് ചെയ്യാനുള്ള പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും. കൊലപാത കേസുകള്‍, വധശ്രമകേസുകള്‍ തുടങ്ങിയവയുടെ വിചാരണ നേരത്തെ നടത്തുന്നതിന് കോടതിയുമായി ആലോചിച്ച് നടപടി സ്വീകരിക്കും. ഗുരുതരമായ കേസുകളില്‍ മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനും ശിക്ഷലഭിക്കാതെ വിട്ടുപോയിട്ടുള്ള കേസുകളില്‍ അപ്പീല്‍ പോവുന്നതിനും നടപടി സ്വീകരിക്കും. സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ജനങ്ങളുടെ സഹകരണം നേടുന്നതിനുവേണ്ടി  റസിഡന്‍സ് അസോസിയേഷനുകളുമായി കൂടിയാലോചന നടത്തുന്നത് ഉള്‍പ്പെടെ പദ്ധതി ആവിഷ്‌ക്കരിക്കും. ക്രിമിനല്‍ സ്വഭാവമില്ലാത്ത പുതുതലമുറയെ വാര്‍ത്ത് എടുക്കുന്നതിന് 10ാം ക്ലാസ് തോറ്റവരെ പ്രത്യേക ട്യൂഷന്‍ നല്‍കി പഠനം പൂര്‍ത്തീകരിക്കുന്നതിനും സൗജന്യ പിഎസ്‌സി കോച്ചിങ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കും. ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെയായിരിക്കും പദ്ധതികള്‍ നടപ്പാക്കുക.  പൊതുജനങ്ങള്‍ക്ക് ഏതുസമയവും രഹസ്യമായി വിവരങ്ങള്‍ നല്‍കുന്നതിന് ജില്ലാ പോലിസ് മേധാവിയുടെ 9497996982, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ 9497990037, 1090 (ക്രൈം സ്‌റ്റോപ്പര്‍), 100 (കണ്‍ട്രോള്‍ റൂം) എന്നീ നമ്പരുകളിലും വിളിച്ച് അറിയിക്കാം.  രഹസ്യവിവരം നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും 24 മണിക്കൂറിനകം നടപടി സ്വീകരിക്കുകയും ചെയ്യും. പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്ന എല്ലാത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും ജനങ്ങളെ സ്വതന്ത്രമാക്കി അവരുടെ സമാധാന ജീവിതം ഉറപ്പുവരുത്തുക എന്നതാണ് ഓപറേഷന്‍ തണ്ടറിന്റെ മുഖ്യലക്ഷ്യമെന്ന് ജില്ലാ പോലിസ് മേധാവി എസ് സുരേന്ദ്രന്‍ ഐപിഎസ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss