|    Dec 13 Wed, 2017 2:57 pm
FLASH NEWS

ജില്ലയില്‍ ശൗചാലയമില്ലാത്ത വീടുകള്‍ നിരവധി

Published : 6th October 2016 | Posted By: Abbasali tf

ക്രാസര്‍കോട്: സംസ്ഥാനത്തെ പരസ്യവിസര്‍ജ്ജന വിമുക്ത നാലാമത്തെ ജില്ലയായി കാസര്‍കോടിനെ ഇന്ന് പ്രഖ്യാപ്പിക്കുമ്പോഴും ജില്ലയില്‍ സ്വന്തമായി ശൗചാലയം ഇല്ലാത്ത വീടുകള്‍ ഇനിയും നിരവധി. ഔദ്യോഗിക കണക്ക് അനുസരിച്ച് 12689 പേര്‍ക്കാണ് ശൗചാലയം നിര്‍മിക്കേണ്ടത്. എന്നാല്‍ പട്ടയം ലഭിക്കാത്തതും വീട്ടു നമ്പര്‍ ഇല്ലാത്തതുമായ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ ഈ പട്ടികയ്ക്ക് പുറമേയാണ്. ജില്ലയില്‍ സെപ്തംബര്‍ 30നകം ശൗചാലയം നിര്‍മിക്കുമെന്നാണ് ജില്ലാ പഞ്ചായത്ത് അറിയിച്ചിരുന്നത്. എന്നാല്‍ പലയിടങ്ങളും ശൗചാലയം നിര്‍മാണം ആരംഭിച്ചിട്ടില്ല. ആരംഭിച്ചവയില്‍ തന്നെ പലയിടത്തും നിര്‍മാണം പാതിവഴിയിലാണ്. ചെങ്കള പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഗുരുനഗറില്‍ ആറ് ഇക്കോസാന്‍ ശൗചാലയം നിര്‍മാണം ഇന്നലെ ആരംഭിച്ചിട്ടുണ്ട്. ഇവിടെ ശൗചാലയമില്ലാത്ത 300 ഓളം വീടുകളില്‍ 38 എണ്ണത്തിന് മാത്രമാണ് ഇതുവരെ നിര്‍മാണം ആരംഭിച്ചത്. ഇവിടെയുള്ള ചെറിയ കോളനികളില്‍ പലതിലും ഇനിയും ശൗചാലയം നിര്‍മാണം ആരംഭിച്ചിട്ടില്ല. ചില പഞ്ചായത്തില്‍ പാറക്കെട്ടുള്ള ദുര്‍ഘട മേഖലകളില്‍ അധിവസിക്കുന്ന 15 ഗുണഭോക്താക്കള്‍ക്കാണ് എക്കോസാന്‍ മാതൃക ശൗചാലയങ്ങകള്‍ നിര്‍മിച്ചു നല്‍കുമെന്നാണ് അറിയിച്ചത്. ഇത്തരത്തിലുള്ള ഇക്കോസാന്‍ ശൗചാലയം നിര്‍മാണം ചെങ്കള പഞ്ചായത്തില്‍ ഇന്നലെ ആരംഭിച്ചതേയുള്ളു. ഭാവിയിലേക്ക് ഒരു മുതല്‍കൂട്ടായി കണ്ടു കൊണ്ടാണ് ഇത്തരം ശൗചാലയങ്ങള്‍ നിര്‍മിക്കാനായി ജില്ലാ ശുചിത്വ മിഷനും ചെങ്കള പഞ്ചായത്തും കൈകോര്‍ത്തത്. പാരിസ്ഥിതിക സൗഹൃദമായ ഇത്തരം എക്കോസാന്‍ ശൗചാലയങ്ങള്‍ മണ്ണ് പുന:സൃഷ്ടിക്കുകയും മൂത്രം വേര്‍തിരിച്ച് വളമാക്കി മാറ്റുകയും ചെയ്യുന്നതോടൊപ്പം വളരെക്കുറച്ച് ജലം മാത്രമേ ഉപയോഗിക്കുന്നുവെന്നുള്ളതും ഇവയുടെ സവിശേഷതയാണ്. എന്നാല്‍ ഇത് എത്രകണ്ട് പ്രായോഗികമാവുമെന്നും ഇവിടുത്തെ ജനങ്ങള്‍ ആരായുന്നുണ്ട്. പദ്ധതി തുടങ്ങിയത് മുതല്‍ ഓരോ പഞ്ചായത്തും സമ്പൂര്‍ണ്ണ ശൗചാലയ പഞ്ചായത്ത് ആയി പ്രഖ്യാപിക്കാന്‍ മല്‍സരിക്കുകയായിരുന്നു. ജില്ലയിലെ 38 പഞ്ചായത്തുകളും മൂന്ന് നഗരസഭകളും ഇങ്ങനെ പ്രഖ്യാപിച്ചു കഴിഞ്ഞതിനെ തുടര്‍ന്നാണ് ജില്ല സമ്പൂര്‍ണ്ണ പരസ്യ വിസര്‍ജ്ജന വിമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതെന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതരുടെയും ശുചിത്വമിഷന്റെയും അവകാശവാദം. എന്നാല്‍ ഇവിടങ്ങളിലെല്ലാം പകുതിയലധികം ശൗചാലയ നിര്‍മാണവും പൂര്‍ത്തിയായിട്ടില്ല. ഒരു ശൗചാലയത്തിന് 15400 രൂപയാണ് നല്‍കിയിരുന്നത്. കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ എത്തുന്ന യാത്രക്കാരില്‍ ഏറെയും റോഡരികിലാണ് മൂത്രമൊഴിക്കുന്നത്. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ശൗചാലയങ്ങളൊന്നുമില്ല. പുതിയ ബസ് സ്റ്റാന്റില്‍ പേ ആന്റ് യൂസ് ശൗചാലയങ്ങളുണ്ട്. കടലോര മേഖലയിലും ആവശ്യത്തിന് ശൗചാലയങ്ങളില്ല. പ്രഖ്യാപിച്ച പദ്ധതി എളുപ്പത്തില്‍ തട്ടിമുട്ടി ഉദ്ഘാടനം ചെയ്യുന്നതോടെ ആസൂത്രണം പാളുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക