|    Oct 17 Wed, 2018 11:57 pm
FLASH NEWS

ജില്ലയില്‍ വീണ്ടും മണല്‍ വാരലിന് കളമൊരുങ്ങുന്നു; അംഗീകൃത കടവുകള്‍ക്ക് പാരിസ്ഥിതികാനുമതി നല്‍കും

Published : 26th January 2017 | Posted By: fsq

 

കണ്ണൂര്‍: ജില്ലയില്‍ നിരോധനം നിലനില്‍ക്കുന്ന വിവിധ അംഗീകൃത കടവുകളില്‍ വീണ്ടും മണല്‍വാരലിന് കളമൊരുങ്ങുന്നു. ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാതല പാരിസ്ഥിതികാഘാത നിര്‍ണയ സമിതി(ഡിഇഐഎഎ) നിരോധനം നീക്കിയേക്കും. തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതി ഇതിനകം സര്‍ക്കാരില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. വിവിധ വകുപ്പുകള്‍ ഇക്കാര്യത്തില്‍ പച്ചക്കൊടി കാട്ടിയെന്നാണ് സൂചന. ഈമാസം 30നു ചേരുന്ന ഡിഇഐഎഎ യോഗം ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുക്കും. ജില്ലയിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് മണലെടുപ്പിനായി പ്രത്യേക ചട്ടങ്ങള്‍ രൂപീകരിക്കുമെന്നാണ് സൂചന. 2016 ജൂണ്‍ 16നാണ് ജില്ലയിലെ വിവിധ കടവുകളില്‍ മണല്‍ ഖനനം നിരോധിച്ചത്. പാരിസ്ഥിതികാനുമതിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. ജില്ലയിലെ മുഴുവന്‍ അംഗീകൃത കടവുകളും ഏഴുമാസമായി അടഞ്ഞുകിടക്കുകയാണ്. ഇതു നിര്‍മാണ മേഖല പാടെ സ്തംഭിക്കാന്‍ കാരണമായി. മണല്‍വാരല്‍ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ നിരവധി സമരപരിപാടികള്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. തുടര്‍ന്നാണ് ഇടത് ട്രേഡ് യൂനിയന്‍ സംഘടനകളുടെ പിന്‍ബലത്തില്‍ സര്‍ക്കാരിനെ സമീപിച്ചത്. ഇതുവരെ മണല്‍ ലഭ്യതയെകുറിച്ച് പഠനം നടത്തിയിരുന്നത് ജില്ലാ ഭരണകൂടമായിരുന്നു. ഇവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ സമിതിയായിരുന്നു മണല്‍ വാരാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മണല്‍വാരല്‍ ഉള്‍പ്പെടെ മുഴുവ ന്‍ ഖനനങ്ങള്‍ക്കും അനുമതി ന ല്‍കുന്നതിന് രണ്ടുസമിതികള്‍ നിലവില്‍വരികയുണ്ടായി. ജില്ലാ കലക്ടര്‍ ചെയര്‍മാനും സബ്കലക്ടര്‍ മെംബര്‍ സെക്രട്ടറിയുമായ ഡിസ്ട്രിക്ട് എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസെസ്‌മെന്റ് അതോറിറ്റിയും (ഡിഇഐഎഎ), ഇറിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ചെയര്‍മാനും ജില്ലാ ജിയോളജിസ്റ്റ് മെംബര്‍ സെക്രട്ടറിയുമായ ഡിസ്ട്രിക്ട് എക്‌സ്‌പേര്‍ട്ട് അപ്രൈസല്‍ കമ്മിറ്റിയും (ഡിഇഎസി). പുഴകളിലെ മണല്‍ഖനനത്തിന് പുതിയ പഠനം നടത്താന്‍ ജില്ലാ കലക്ടര്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം ഡിസ്ട്രിക്ട് എക്‌സ്‌പേര്‍ട്ട് അപ്രൈസല്‍ കമ്മിറ്റിക്ക് പഞ്ചായത്തുകള്‍ സാന്‍ഡ് ഓഡിറ്റ് ഓണ്‍ലൈനായി സമര്‍പ്പിച്ചിട്ടുണ്ട്. ഇവരുടെ ശുപാര്‍ശയില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി പാരിസ്ഥിതികാനുമതി നല്‍കും. അനുമതി ലഭിക്കുന്ന പഞ്ചായത്തുകള്‍ക്ക് ഇ-മണല്‍ വിഭാഗം പാസ് അനുവദിക്കും. 25 ഹെക്റ്റര്‍ വരെയുള്ള ക്ലസ്റ്റര്‍ ഖനനങ്ങള്‍ക്ക് ഈ സമിതിക്ക് അനുമതി നല്‍കാം. ഇതില്‍ കൂടുതലാണെങ്കില്‍ പ്രത്യേകം ഹിയറിങ് നടത്തി മാത്രമേ അനുമതി നല്‍കാന്‍ സാധിക്കുകയുള്ളൂ. ഇങ്ങനെ ലഭിക്കുന്ന അപേക്ഷ പരിശോധിച്ച് ഓരോ പഞ്ചായത്തുകള്‍ക്കും മണല്‍ വാരുന്നതിനുള്ള അനുമതി നല്‍കുമെന്നാണ് സൂചന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss