|    Jun 19 Tue, 2018 11:44 pm

ജില്ലയില്‍ വീണ്ടും മണല്‍വാരല്‍ നിരോധനം; നിര്‍മാണ മേഖലയില്‍ വന്‍ പ്രതിസന്ധിക്കു സാധ്യത

Published : 2nd February 2016 | Posted By: SMR

കണ്ണൂര്‍: ജില്ലയില്‍ മണല്‍ വാരുന്നതിനുള്ള പാരിസ്ഥിതികാനുമതി ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തതിനാല്‍ ജില്ലയിലെ എല്ലാ നദികളിലെയും കടവുകളിലെയും മണല്‍ വാരല്‍ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ ഉത്തരവിട്ടു. ജില്ലയിലെ മുഴുവന്‍ കടവുകളും അടച്ചുപൂട്ടി സീല്‍ ചെയ്ത് താക്കോല്‍ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുകയും കലക്ടറേറ്റില്‍ അടിയന്തിരമായി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
പാമ്പുരുത്തി ദ്വീപ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നല്‍കിയ അപ്പീലിന്‍മേലാണ് ഹരിത ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. വളപട്ടണം പുഴയിലെ മണല്‍വാരല്‍ നിര്‍ത്തിവയ്ക്കണമെന്നും ജലനിരപ്പിനു കീഴില്‍ മണല്‍ വാരല്‍ രാജ്യത്ത് നിയമവിരുദ്ധമാണെന്നുമാണു കോടതി ചൂണ്ടിക്കാട്ടിയത്. ഇതേത്തുടര്‍ന്ന് പാമ്പുരുത്തി ദ്വീപിനു സമീപത്തെ മൂന്നു പഞ്ചായത്തുകള്‍ക്ക് നോട്ടീസയയ്ക്കാനും ഉത്തരവിട്ടിരുന്നു.
എന്നാല്‍, ജില്ലയിലെ കടവുകളില്‍ ജലനിരപ്പിനു താഴെ മണല്‍ വാരാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു ജില്ലയിലെ എല്ലാ കടവുകളിലെയും മണല്‍ഖനനം നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ ഉത്തരവിറക്കിയതെന്നാണു സൂചന. നേരത്തേ പരിസ്ഥിതി ആഘാത പഠനം നടത്തുകയോ സാന്റ് റിപോര്‍ട്ട് നല്‍കുകയോ ചെയ്യാതെ മണല്‍ ഖനനം പാടില്ലെന്ന വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാര്‍ച്ച് 27 മുതല്‍ ജില്ലയില്‍ മണല്‍ വാരല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് കടവുകളില്‍ നിന്നു സാന്റ് റിപോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരി അഞ്ചിനാണു വീണ്ടും നിരോധനം നീക്കി ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത്.
സംസ്ഥാന എന്‍വയണ്‍മെന്റ് ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റി (എസ്ഇഐഎഎ)യുടെയും മന്ത്രിസഭാ യോഗ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് മണല്‍വാരല്‍ പുനരാരംഭിച്ചത്. കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊളച്ചേരി, നാറാത്ത്, പാപ്പിനിശ്ശേരി പഞ്ചായത്തുകളിലെ കടവുകളില്‍ മണല്‍ ഖനനം പുനരാരംഭിച്ചതിനെതിരേ പാമ്പുരുത്തി നിവാസികള്‍ വീണ്ടും ഹരിത ട്രൈബ്യൂണലിനെ സമീപിച്ചതോടെയാണ് വീണ്ടും സ്‌റ്റേ അനുവദിച്ചത്. കലക്ടറുടെ നടപടി ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് അട്ടിമറിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിരുന്നത്. അതേസമയം, ഒന്നര വര്‍ഷത്തോളം പരിശ്രമിച്ചാണ് പാരിസ്ഥിതികാനുമതി ലഭിച്ചതെന്നും ഹരജിക്കാര്‍ ദ്വീപിനു ചുറ്റുമുള്ള മണല്‍വാരലിനെ മാത്രം എതിര്‍ത്തിരുന്നെങ്കില്‍ ഇത്തരമൊരു സ്റ്റേ വരില്ലെന്നും കലക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു.
കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ കടവുകള്‍ സീല്‍ ചെയ്തു. ഇതോടെ ജില്ലയില്‍ നിര്‍മാണ മേഖലയില്‍ വീണ്ടുമൊരു പ്രതിസന്ധിക്കാണു കളമൊരുങ്ങുന്നത്. മണലില്ലാത്തതിനാല്‍ കെട്ടിടനിര്‍മാണ മേഖല സ്തംഭിക്കുന്നത് നിരവധി പേരുടെ തൊഴിലിനെ ബാധിക്കും. മണല്‍ ലഭ്യത കുറയുന്നതോടെ ഇ-മണല്‍ ലഭ്യമാക്കാനുള്ള സാധ്യത കൂടി ഇല്ലാതായാല്‍ വീട് നിര്‍മാണം പോലുള്ള ആവശ്യങ്ങളും നിലയ്ക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss