|    Sep 23 Sun, 2018 6:35 am
FLASH NEWS

ജില്ലയില്‍ ‘വിമുക്തി’ പദ്ധതിക്ക് ഫെബ്രുവരി ഒന്നിനു തുടക്കം

Published : 24th January 2017 | Posted By: fsq

 

കല്‍പ്പറ്റ: മദ്യവര്‍ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്ന് ഉപയോഗം പൂര്‍ണമായി ഇല്ലാതാക്കാനും ലക്ഷ്യമിട്ട് രൂപം നല്‍കിയ സംസ്ഥാന ലഹരിവര്‍ജന മിഷന്‍ ‘വിമുക്തി’യുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫെബ്രുവരി ഒന്നിനു പനമരത്ത് തുടക്കം. വിദ്യാര്‍ഥികളെയും പൊതുജനങ്ങളെയും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന് കുടുംബശ്രീ, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സ്റ്റുഡന്റ് പോലിസ്, എന്‍എസ്എസ്, ലൈബ്രറി കൗണ്‍സില്‍, സന്നദ്ധ-വിദ്യാര്‍ഥി- യുവജന- മഹിളാ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുക, നിലവില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉപയോഗത്തിനെതിരേ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുക, മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് ജീവിതത്തില്‍ തിരിച്ചടിയേല്‍ക്കേണ്ടിവന്നവരെ ഉള്‍പ്പെടുത്തി ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ പ്രതേ്യക പരിപാടികള്‍ നടത്തുക, ഹെല്‍പ് ലൈനുകളും കോള്‍ സെന്ററുകളും സ്ഥാപിക്കുക, ആദിവാസി മേഖലകളില്‍ പ്രത്യേക ഇടപെടലുകള്‍ നടത്തുക, മദ്യവര്‍ജന കോ-ഓഡിനേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കുക തുടങ്ങിയ പരിപാടികളാണ് മിഷന്‍ ലക്ഷ്യമാക്കുന്നത്. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കാനായി മ്യൂസിക് കൂട്ടായ്മകള്‍, ഫഌഷ് മോബ്, റോഡ് ഷോകള്‍, സൈക്കിള്‍ റാലികള്‍, മാരത്തണ്‍, ഡോക്യുമെന്ററി-ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, കളരി, കരാത്തേ, യോഗ എന്നിവ ഉള്‍പ്പെടുത്തിയുള്ള പരിപാടികള്‍, വിദ്യാലയങ്ങളില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ രൂപീകരണം, സ്‌കൂളുകളില്‍ നിലവിലുള്ള ‘ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍’ പദ്ധതി ശക്തിപ്പെടുത്തല്‍, സെമിനാറുകള്‍, കമ്മ്യൂണിറ്റി പ്രൊജക്റ്റുകള്‍, സംവാദം തുടങ്ങിയവയുടെ സംഘാടനം, രക്ഷിതാക്കള്‍ക്കായി പ്രതേ്യക പരിപാടികള്‍, സാമൂഹിക മാധ്യമങ്ങളിലൂടെ കാംപയിന്‍ തുടങ്ങിയവയും നടത്താന്‍ നിര്‍ദേശമുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ചെയര്‍മാനും ജില്ലാ കലക്ടര്‍ ഡോ. ബി എസ് തിരുമേനി കണ്‍വീനറുമായ കമ്മിറ്റിയാണ് ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ത്രിതല പഞ്ചായത്തുകളില്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന പ്രസിഡന്റ് ചെയര്‍മാനായും സെക്രട്ടറി കണ്‍വീനറായും വാര്‍ഡ് തലത്തില്‍ പൗരമുഖ്യന്‍ ചെയര്‍മാനായും വാര്‍ഡ് മെംബര്‍ കണ്‍വീനറായുമുള്ള കമ്മിറ്റികള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.  ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി ഒന്നിനു രാവിലെ 11ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം ഐ ഷാനവാസ് എംപി, എംഎല്‍എമാരായ ഒ ആര്‍ കേളു, സി കെ ശശീന്ദ്രന്‍, ഐ സി ബാലകൃഷ്ണന്‍ പങ്കെടുക്കും. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് പനമരം പഞ്ചായത്ത് ഹാളില്‍ നടന്ന യോഗം ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍, വൈസ് പ്രസിഡന്റ് കെ കുഞ്ഞായിഷ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയന്തി രാജന്‍, ഡെപ്യൂട്ടി കലക്ടര്‍ കെ ജയപ്രകാശ്, എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സജി, ഡിവൈഎസ്പി കെ സി ഹരിഹരന്‍, ജനമൈത്രി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഗസ്റ്റിന്‍ ജോസഫ് പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss