|    Oct 23 Tue, 2018 2:51 pm
FLASH NEWS

ജില്ലയില്‍ വരള്‍ച്ച രൂക്ഷം : അണക്കെട്ടുകളും പുഴകളും വറ്റി വരണ്ടു

Published : 15th January 2017 | Posted By: fsq

 

പാലക്കാട്:ജില്ലയില്‍ കുടിവെള്ളക്ഷാമവും വരള്‍ച്ചയും അതിരൂക്ഷമായതോടെ അണക്കെട്ടുകളും പുഴകളും വറ്റിവരണ്ടു . മഴയും വെള്ളവുമില്ലാതെ ഇനി വൈദ്യതിക്ഷാമം കൂടി രൂക്ഷമായാല്‍ ജനജീവിതം ഏറെ ദുഷ്‌കരമാവും. ഇനിയുള്ള വെള്ളമെങ്കിലും സൂക്ഷിച്ചില്ലെങ്കില്‍ കുടിവെള്ളം മുട്ടുമെന്ന് ജില്ലാ ഭരണസംവിധാനം തന്നെ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. മലമ്പുഴയില്‍ നിന്നുള്ള വെള്ളം കൃഷിക്ക് ഉപയോഗിക്കരുതെന്ന അപൂര്‍വമായ ഉത്തരവും ഇറക്കേണ്ടി വന്നിരിക്കയാണ്. നിലവില്‍ ഭാരതപ്പുഴയിലേക്ക് പത്തുദിവസത്തേക്ക് മലമ്പുഴ അണക്കെട്ട് തുറന്നു വിട്ടിട്ടുണ്ട്. കുടിവെള്ള പദ്ധതികള്‍ക്കുവേണ്ടിയാണിത്. അതിനിടെ, തടയണകളില്‍ നിന്നും മറ്റും നടക്കുന്ന ജലചൂഷണം തടയേണ്ടതുണ്ട്. ഹരിതകേരളം പദ്ധതിയിലൂടെ കിണറുകള്‍ റീചാര്‍ജ് ചെയ്യാനും കുളങ്ങള്‍ വൃത്തിയാക്കി ജലം സംഭരിച്ചുവയ്ക്കാനുമൊക്കെയുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. പുഴകളെ മാത്രം ആശ്രയിക്കുന്ന അട്ടപ്പാടി മേഖലയില്‍ കുടിവെള്ള പ്രതിസന്ധി രൂക്ഷമായി തുടങ്ങി. മലമ്പുഴ അണക്കെട്ടില്‍ നിന്ന്  പാലക്കാട് നഗരസഭയിലും സമീപത്തെ ആറ് പഞ്ചായത്തുകളിലേക്കുമാണ് കുടിവെള്ളം എത്തുക. എന്നാല്‍ ജില്ലയുടെ മറ്റ് ഭാഗങ്ങള്‍ അതിരൂക്ഷമായ വരള്‍ച്ചയിലേക്കാണ് നീങ്ങുന്നത്. 27 ദിവസത്തേക്ക് ഭാരതപ്പുഴയിലേക്ക് വെള്ളം തുറന്നു വിടാനാണ് തീരുമാനം. മുന്‍ വര്‍ഷങ്ങളിലും ഭാരതപ്പുഴയിലേക്ക് വെള്ളം നല്‍കിയിരുന്നെങ്കിലും ഇത് വരള്‍ച്ച  രൂക്ഷമായ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായിരുന്നു. മാസം രണ്ട് ദശലക്ഷം ഘനമീറ്റര്‍ കുടിവെള്ളമാണ് മലമ്പുഴയില്‍ നിന്ന് നല്‍കുന്നത്. പറമ്പിക്കുളം – ആളിയാര്‍ പ്രകാരം ഈ ജലവര്‍ഷത്തില്‍ ലഭിക്കേണ്ട വെള്ളത്തിന്റെ പകുതി മാത്രമേ ഇതുവരെ ലഭിച്ചിരുന്നുള്ളൂ..മലമ്പുഴ ഉള്‍പ്പെടെ ഏഴ് അണക്കെട്ടുകളാണ് ജില്ലയിലുള്ളത്. ഇവയിലെ വെള്ളത്തിന്റെ സ്ഥിതി അതീവ ഗുരുതരമാണ്. സംഭരണശേഷിയുടെ ഏഴയലത്തു പോലും വെള്ളമില്ല. മിക്ക അണക്കെട്ടുകളിലെയും ജലനിരപ്പ് കരുതല്‍ ശേഖരത്തോട് അടുത്തു കഴിഞ്ഞു. മാത്രമല്ല, മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ കുറവാണ്. 13.70 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള ചുള്ളിയാറില്‍ കഴിഞ്ഞ ഞായറാഴ്ച 1.28 ദശലക്ഷം  ഘനമീറ്റര്‍ വെള്ളം മാത്രമേയുള്ളു. 70.82 ദശലക്ഷം  ഘനമീറ്റര്‍ ശേഷിയുള്ള കാഞ്ഞിരപ്പുഴയില്‍ 57.4204 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഉള്ളത്. 2.26 ദശലക്ഷം  ഘനമീറ്റര്‍ ശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ വെറും 64.45 ദശലക്ഷം  ഘനമീറ്റര്‍ വെള്ളം മാത്രമാണുള്ളത്. 12.128 ദശലക്ഷം ഘനമീറ്റര്‍ മാത്രം വെള്ളമാണ് മംഗലം ഡാമിലുള്ളത്. സംഭരണശേഷിയാവട്ടെ  25.494 ദശലക്ഷം  ഘനമീറ്ററും  11.33 ദശലക്ഷം  ഘനമീറ്റര്‍ ശേഷിയുള്ള മീങ്കരയില്‍ 1.69 ദശലക്ഷവും  50.914 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള പോത്തുണ്ടിയില്‍ 11.412 ദശലക്ഷം  ഘനമീറ്റര്‍ വെള്ളവുമാണുള്ളത്. 18.40 ദശലക്ഷം  ഘനമീറ്റര്‍ ശേഷിയുള്ള വാളയാര്‍  അണക്കെട്ടിലുള്ളത് 3.79 ദശലക്ഷം ഘനമീറ്ററും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss