|    Aug 23 Wed, 2017 11:28 am

ജില്ലയില്‍ വയറിളക്ക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നു ; കോളറ സ്ഥിരീകരിച്ചു

Published : 4th August 2017 | Posted By: fsq

 

പത്തനംതിട്ട: കോളറ അഥവാ ഛര്‍ദ്യാതിസാരം പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നിന്നുമാണ് കോളറ മൂലം മരണം സ്ഥിരീകരിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വയറിളക്കത്തെത്തുടര്‍ന്ന് കഴിഞ്ഞ 24ന് ചികില്‍സയിലിരിക്കെ മരിച്ച ബംഗാള്‍ കുച്ച് ബിഹാര്‍ സ്വദേശി ബിശ്വജിത് ദാസി (18)ന്റെ മരണം കോളറ മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.    കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലാണ് കോളറ സ്ഥിരീകരിച്ചത്. വള്ളിക്കോട് ഒരു വീട്ടില്‍ ആയിരുന്നു ബിശ്വജിത് ദാസ് താമസിച്ചിരുന്നത്. 23ന് രാത്രി 10ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം 24ന് വെളുപ്പിന് മരിക്കുകയായിരുന്നു. നിര്‍മാണത്തൊഴിലാളിയാണ് ബിശ്വജിത്. ഇദ്ദേഹത്തോടൊപ്പം താമസിക്കുന്ന മറ്റൊരാള്‍ ബംഗാളില്‍നിന്ന് കുറച്ചു ദിവസം മുമ്പ് മടങ്ങി വന്നിരുന്നു. ഇദ്ദേഹത്തിന് വയറിളക്കം പിടിപ്പെട്ടിരുന്നു. ട്രെയിനില്‍ നിന്നും വിവിധ സറ്റേഷനുകളില്‍ നിന്നും മറ്റും ഭക്ഷണസാധനങ്ങള്‍ വാങ്ങി കഴിച്ചതിനെത്തുടര്‍ന്നാണ് ഇതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ആ സുഹൃത്തില്‍ നിന്നാണ് ബിശ്വജിത്തിന് വയറിളക്കം പിടിപ്പെട്ടിരിക്കുക എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ബിശ്വജിത് അടക്കം 14 പേരാണ് വള്ളിക്കോട്ടെ വീട്ടില്‍ താമസിച്ചിരുന്നത്. ഇവരെല്ലാം ഇപ്പോള്‍ ഇവിടെ നിന്ന് താമസം മാറി. ഏഴുപേര്‍ കാഞ്ഞിരപ്പള്ളിയിലെ മറ്റൊരു നിര്‍മാണ സ്ഥലത്താണെന്നും ഏഴുപേര്‍ തിരികെ ബംഗാളിലേക്കു പോയതായുമാണ് കരാറുകാരന്‍ അറിയിച്ചിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക