|    Oct 17 Wed, 2018 6:09 pm
FLASH NEWS

ജില്ലയില്‍ റെഡ് അലര്‍ട്ട്

Published : 10th August 2018 | Posted By: kasim kzm

പാലക്കാട്: ആളപായമില്ലെന്ന ഏക ആശ്വാസം മാത്രം. പക്ഷേ, ആയിരങ്ങള്‍ ഇരുട്ടിവെളുക്കുമ്പോഴേക്കും വഴിയാധാരമായി. ധരിച്ചിരുന്ന വസ്ത്രമല്ലാതെ മറ്റൊന്നും ഇനിയവര്‍ക്കില്ല. ശക്തമായ മഴയും മലമ്പുഴഡാമില്‍ നിന്നു കുത്തിയൊലിച്ച് വന്ന വെള്ളത്തിലും നഗരസഭാ പരിധിയിലെ മുന്ന്, നാല് വാര്‍ഡുകളിലെ 150ലധികം കുടുംബങ്ങളുടെ ജീവിതമാണ് തകര്‍ന്നത്.
അര്‍ധരാത്രിയാരംഭിച്ച മലവെള്ളപ്പാച്ചില്‍ ശംഖുവാര തോടിനെയും കല്‍പ്പാത്തിപുഴയെയും മുക്കിക്കളഞ്ഞ ശേഷം ഇരുകരകളിലുമുള്ള നിര്‍ധന കുടുംബ—ങ്ങളുടെ വീടിനെയും നക്കിത്തുടച്ചു. ചെങ്കല്ലും മണ്‍ക്കട്ടയും കൊണ്ട് നിര്‍മിച്ച നിരവധി വീടുകള്‍ വെള്ളത്തില്‍ കുതിര്‍ന്ന് തകര്‍ന്നുകൊണ്ടിരിക്കുകയാണ്.
പലതും തകര്‍ച്ചാഭീഷണിയിലുമാണ്. ഇനി വെള്ളമൊഴിഞ്ഞാലും ഈ വീടുകളില്‍ ആശങ്കയേതുമില്ലാതെ കഴിയാനുമാവില്ല. കല്‍പ്പാത്തി, കുന്നുംപുറം, അയ്യപുരംവെസ്റ്റ് വാര്‍ഡുകളിലാണ് നാശനഷ്ടം കൂടുതലും. കൈയ്യില്‍ കിട്ടിയതുമായി പുറത്തിറങ്ങിയ പലരും കണ്‍മുന്നില്‍ തങ്ങളുടെ വീട് തകരുന്നത് കാണേണ്ടിവന്നു. ഉറക്കത്തില്‍ കൈകുഞ്ഞുങ്ങളെയും വൃദ്ധരെയും കൊണ്ട് പുറത്തിറങ്ങിയവര്‍ പിന്നീട് കണ്ടത് ഹൃദയഭേദകമായ കാഴ്ച. മിനുട്ടുകള്‍ക്ക് മുന്നേ തങ്ങള്‍ സമാധാനത്തോടെ കഴിഞ്ഞിരുന്ന വീട് കണ്‍മുന്നില്‍ മുങ്ങി.
പൂര്‍ണമായും മുങ്ങിയ വീടുകളില്‍ നിന്ന് അടുക്കള സാധനങ്ങളടക്കം ഒലിച്ചുപോയി. വിലപ്പിടിപ്പുള്ള സ്വര്‍ണാഭരണങ്ങളും ഫ്രഡ്ജും വാഷിങ് മെഷീനും മറ്റ് ഇലക്ട്രോണിക് സാധനങ്ങളും വെള്ളം കൊണ്ടുപോയി. ജൈനിമേട് റെയില്‍വെ ട്രാക്കിന്റെ ഒരുവശത്ത് നിന്ന് നോക്കിയാല്‍ പ്രളയം നഗരത്തെ തകര്‍ത്തത് എങ്ങിനെയെന്ന് കാണാനാവും.
പാലക്കാട് നഗരസഭയിലെ മൂന്ന്, നാല് വാര്‍ഡുകളിലെ ശംഖുവാരത്തോടിന്റെ ഇരുകരയിലുമുള്ള കുമാരസ്വാമി കോളനി, സുന്നത്ത് ജമാഅത്ത് പള്ളിലൈന്‍, ജൈനിമേട്, കുഞ്ഞന്‍ബാവകോളനിവാസികളുടെ വീടുകളാണ് ഏറെയും പൂര്‍ണമായും വെള്ളത്തിലായത്. പലരുടെയും ബന്ധുക്കളുടെ വീടും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss