|    Aug 21 Mon, 2017 4:25 am
FLASH NEWS

ജില്ലയില്‍ മൂന്ന് ക്ഷീരസോണുകള്‍ അനുവദിച്ചു: മന്ത്രി കെ രാജു

Published : 4th August 2017 | Posted By: fsq

 

കോട്ടയം: ക്ഷീരോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനു പ്രത്യേക പദ്ധതികള്‍ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 50 ക്ഷീര സോണുകള്‍ അനുവദിച്ചതില്‍ ജില്ലയിലെ ഉഴവൂര്‍, കടുത്തുരുത്തി, വൈക്കം മേഖലകളെ ഉള്‍പ്പെടുത്തിയതായി മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. ഈ മൂന്നു ക്ഷീരസോണുകള്‍ക്കും പ്രത്യേക പദ്ധതികളും ആനുകൂല്യങ്ങളും ലഭിക്കും. രൂക്ഷമായ വരള്‍ച്ച റിപോര്‍ട്ട് ചെയ്തിട്ടും ക്ഷീരോല്‍പ്പാദനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 17 ശതമാനം വര്‍ധനയുണ്ടായി. ഇതോടെ ക്ഷീരോല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത നേടാന്‍ കേരളത്തിനു വേണ്ടത് 13 ശതമാനത്തിന്റെ മാത്രം വര്‍ധനയാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഈ കുറവ് പരിഹരിച്ച് സ്വയം പര്യാപ്തത കൈവരിക്കുമെന്നാണ് പ്രതീക്ഷ. ശക്തമായ കാര്‍ഷിക അടിത്തറയുള്ള കോട്ടയം പാലുല്‍പ്പാദനത്തില്‍ 10ാം സ്ഥാനത്താണെന്നും ഈ സ്ഥിതിക്കു മാറ്റംവരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഉഴവൂര്‍ ബ്ലോക്കിലെ ക്ഷീര സംഗമം കുമ്മണ്ണൂര്‍ മംഗളാരം ചര്‍ച്ച് പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷീര മേഖലയിലെ മാറ്റങ്ങളും സാധ്യതകളും പഠിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചത് ക്ഷീര മേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചാണ്. ഇതിന്റെ പേരില്‍ കര്‍ഷകരോ ക്ഷീര സംഘങ്ങളോ ജീവനക്കാരോ യാതൊരു വിധത്തിലുമുള്ള ആശങ്ക വച്ചുപുലര്‍ത്തേണ്ടതില്ല. ഓരോ ജില്ലയിലെയും ക്ഷീര സംഘങ്ങള്‍, ക്ഷീര കര്‍ഷകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരെ നേരില്‍കണ്ട് തെളിവെടുപ്പു നടത്തിയാവും കമ്മിറ്റി റിപോര്‍ട്ട് സമര്‍പ്പിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അധ്യക്ഷത വഹിച്ച മോന്‍സ് ജോസഫ് എംഎല്‍എ ക്ഷീര സംഘങ്ങളുടെ ഓട്ടോമേഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ക്ഷീര വര്‍ധിനി പദ്ധതിയുടെ രണ്ടാംഘട്ട ധനസഹായവും അദ്ദേഹം വിതരണം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക