|    May 28 Sun, 2017 10:37 am
FLASH NEWS

ജില്ലയില്‍ മൂന്നിടങ്ങളില്‍ തീപ്പിടിത്തം; വന്‍ നാശനഷ്ടം

Published : 6th February 2016 | Posted By: SMR

കോട്ടയം: വേനല്‍ കനത്തതോടെ തീപ്പിടിത്തം വ്യാപകമാവുന്നു. ഇന്നലെ മൂന്നിടങ്ങളിലാണു തീപ്പിടിത്തം ഉണ്ടായത്. ഏതാനും ദിവസം മുമ്പ് മൂലവട്ടം റെയില്‍വേ ഓവര്‍ ബ്രിഡ്ജിനു സമീപത്തും, ഈരാറ്റുപേട്ട തേവരുപാറ ഡംപിങ് യാര്‍ഡിനും തീപിടിച്ചിരുന്നു. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജ് വളപ്പിലും കഴിഞ്ഞ ദിവസം മേലുകാവിലുമാണു തീപ്പിടിത്തമുണ്ടായത്.
ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജ് വളപ്പില്‍ തീപ്പിടിത്തമുണ്ടായി. എംബിബിഎസ് കോളജ് മുറ്റത്തെ ഉണങ്ങിയ പുല്ലിനാണു തീപ്പിടിച്ചത്. ഇന്നലെ വൈകീട്ട് 6.45നാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനാണ് തീ ആളിപ്പടര്‍ന്നത് കണ്ട് എല്ലാവരെയും വിവരമറിയിച്ചത്. സംഭവമറിഞ്ഞ് അഗ്നി ശമന സേനയെത്തിയപ്പോള്‍ വിദ്യാര്‍ഥികളും, എയ്ഡ് പോസ്റ്റിലെ പോലിസും, സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് തീ അണച്ചു. തക്ക സമയത്ത് തീ അണക്കാന്‍ സാധിച്ചതിനാല്‍ സമീപത്തെ മരക്കൂട്ടങ്ങളിലും, കെട്ടിടങ്ങളിലും തീപ്പിടിത്തം ഒഴിവായി. രോഗിയുടെ കൂട്ടിരിപ്പുകാര്‍ തീ കെടുത്താതെ സിഗററ്റ് ഇട്ടതാണ് തീ പിടിക്കാന്‍ കാരണമെന്ന് കരുതുന്നതായി പോലിസ് പറഞ്ഞു.
കോട്ടയം എറ്റുമാനൂര്‍ ഇന്റസ്ട്രിയല്‍ എസ്റ്റേറ്റിലെ കമ്പിനിക്കാണ് ഇന്നലെ തീപ്പിടിത്തമുണ്ടായത്. സമയോജിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി. എറ്റുമാനൂര്‍ ഇന്റസ്ട്രിയല്‍ എസ്റ്റേറ്റില്‍ മിഡാസിനു സമീപമുള്ള ടെക്സ്റ്റയില്‍സ് ബാഗുകളുടെ പ്രിന്റിങ് യൂനിറ്റിലാണ് (ഗാലന്റ് പോളിമേഴ്‌സ്) തീ പിടിച്ചത്. കമ്പനിയിലെ മൂന്ന് യന്ത്രങ്ങളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടായതാണ് തീ പിടിക്കാന്‍ കാരണമെന്ന് അഗ്നിശമന സേന പറഞ്ഞു.
ഇന്നലെ വൈകീട്ട് 5.45നാണ് സംഭവം. വേഗം തീപിടിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാണ് ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. തീപ്പിടിച്ച ഉടന്‍ തന്നെ മിഡാസിലേയും ഇവിടെ സ്ഥാപിച്ചിരുന്നതുമായ തീ ശമിപ്പിക്കുന്ന ഡിസ്ട്രക്ഷന്‍ ഫ്യൂഷന്‍ ഉപയോഗിച്ച് ജീവനക്കാര്‍ തീ നിയന്ത്രിച്ചതിനാലും, വൈദ്യുതി ഓഫ് ചെതതിനാലും വന്‍ അപകടമാണ് ഒഴിവായത്. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടം വിലയിരത്തുന്നു. കോട്ടയം അഗ്നി ശമന സേനയുടെ സ്റ്റേഷന്‍ ഓഫിസര്‍ എസ് കെ ബിജുമോന്റ നേതൃത്വത്തിലുള്ള സംഘ സംഭവ സ്ഥലത്തെത്തി തീ അണച്ചു.
മേലുകാവ് പാലാ റോഡില്‍ കുരിശുങ്കലിനു സമീപം വ്യാഴാഴ്ച ഉച്ചയോടെയുണ്ടായ തീപ്പിടിത്തത്തില്‍ വന്‍ കൃഷിനാശം. അഞ്ചേക്കറോളം സ്ഥലം പൂര്‍ണമായി കത്തി നശിച്ചു. കാരിയാങ്കല്‍ സെബിന്‍, വേലിയ്ക്കാത്ത് സണ്ണി, പാറപ്ലാക്കല്‍ കുഞ്ഞൂഞ്ഞ്, പാറപ്ലാക്കല്‍ മൈക്കിള്‍ എന്നിവരുടെ പുരയിടങ്ങളിലാണ് അഗ്‌നിബാധയുണ്ടായത്. റബര്‍, വാഴ, തെങ്ങ്, മറ്റ് മരങ്ങള്‍ മുതലായവ കത്തി നശിച്ചു. നാട്ടുകാരുടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day