|    Oct 24 Tue, 2017 9:50 am
FLASH NEWS

ജില്ലയില്‍ മഴ ശക്തമായതോടെ കാര്‍ഷികമേഖല സജീവമായി

Published : 14th July 2016 | Posted By: SMR

പാലക്കാട്:  മഴ പ്രതീക്ഷിച്ച് വിത്തെറിഞ്ഞ് കാത്തിരുന്ന പച്ചക്കറി കര്‍ഷകരുടെ മനസ്സിനെ കുളിരണിയിപ്പിച്ചു കൊണ്ട് മഴ കനത്തു. ജില്ലയുടെ പ്രധാന കാര്‍ഷിക പ്രദേശമായ കിഴക്കന്‍ മേഖലയിലെ പച്ചക്കറി കര്‍ഷര്‍ കാലവര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ നിലമൊരുക്കിയിരുന്നു. എന്നാല്‍ തുടക്കത്തില്‍ ലഭിച്ച മഴ പിന്നീടുള്ള ദിവസങ്ങളില്‍ ലഭിക്കാതായതോടെ ആശങ്കയായി.
സംസ്ഥാനത്തിന്റെ മിക്ക പ്രദേശങ്ങളിലേക്കും ആവശ്യമായ പച്ചക്കറിയുടെ നല്ലൊരു ഭാഗം ഉല്‍പാദിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന പഞ്ചായത്തുകളാണ് വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ എന്നിവ. പൂര്‍ണമായും മഴവെള്ളത്തെ ആശ്രയിച്ചാണ് പ്രദേശങ്ങളില്‍ കൃഷിയിറക്കുന്നത്. മഴയ്ക്കു മുന്‍പ് വെള്ളം അധികം ആവശ്യമില്ലാതെ ചെയ്യാവുന്ന വെണ്ട, കപ്പ, വഴുതിന തടുങ്ങിയ പച്ചക്കറിക്കൃഷികള്‍ പ്രദേശത്ത് ആരംഭിച്ചിരുന്നു. മഴപെയ്തു തുടങ്ങയതോടെ പച്ചമുളക്, തക്കാളി, പയര്‍, കോവയ്ക്ക, കയ്പ്പക്ക പാവല്‍, മത്തന്‍, കുമ്പളം, ഉഴുന്ന് തുടങ്ങിയ പച്ചക്കറിക്കൃഷിയാണ് നൂറുകണക്കിന് ഏക്കര്‍ സ്ഥലത്ത് സജീവമാകുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ടണ്‍ കണക്കിന് പച്ചക്കറികള്‍ വേലന്താവളം മൊത്ത വിപണിയിലെത്തുമ്പോള്‍ പ്രദേശത്ത് ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളുടെ വില വളരെ താഴുന്ന സ്ഥിതിയാണുള്ളത്. അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള വിഷാംശമുള്ള പച്ചക്കറികള്‍ നിയന്ത്രിക്കുമെന്ന പുതിയ സര്‍ക്കാരിന്റെ പ്രഖ്യാപനത്തോടെ തങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് വിപണിയില്‍ ന്യായമായ വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശത്തെ കര്‍ഷകര്‍. കിഴക്കന്‍ മേഖലയിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ വില്‍ക്കാനുള്ള ഏക വിപണി വേലന്താവളം മൊത്ത വിപണിയാണ്. കഴിഞ്ഞ തവണ പച്ചക്കറി വിലയിടിഞ്ഞതോടെ ടണ്‍ കണക്കിന് പച്ചക്കറികള്‍ പുഴയില്‍ ഒഴുക്കികളയേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് കര്‍ഷകര്‍. ഈ സാഹചര്യത്തിന് ഇത്തവണയെങ്കിലും മാറ്റം വരുമെന്ന ശുഭപ്രതീക്ഷയിലാണ് പ്രദേശത്തെ കര്‍ഷകര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക