|    Oct 20 Fri, 2017 9:01 am
FLASH NEWS

ജില്ലയില്‍ മഴ ലഭ്യതയില്‍ 31 ശതമാനം കുറവ് ; ജലസംഭരണികളില്‍ ജലനിരപ്പ് ഉയരുന്നില്ല

Published : 8th August 2017 | Posted By: fsq

 

പാലക്കാട്: സംസ്ഥാനത്ത് ലഭ്യമായ തെക്കു-പടിഞ്ഞാറന്‍ മഴയില്‍ 24 ശതമാനം കുറവ് വന്ന സാഹചര്യത്തില്‍ വരള്‍ച്ചാ സാധ്യത കണക്കിലെടുത്ത്  ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം എഡിഎം എസ് വിജയന്റെ അധ്യക്ഷതില്‍ കലക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലയില്‍ നിലവിലുളള ഡാമുകളിലെ ജലശേഖരം സംബന്ധിച്ച് യോഗം വിലയിരുത്തി. മലമ്പുഴയില്‍ കഴിഞ്ഞ വര്‍ഷം ഈ സമയത്തെ അപേക്ഷിച്ച്  20 ശതമാനം ജലം കുറവുള്ളതായി ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു. പറമ്പിക്കുളത്ത് 60 ശതമാനത്തോളം മഴക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 217.32 മില്യണ്‍ക്യുബിക്ക് മീറ്റര്‍ ജലമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ നിലനിന്നിരുന്ന 341.36 മില്യണ്‍ ക്യുബിക്ക് മീറ്ററിന്റെ സ്ഥാനത്ത്് മൂന്നിലൊന്നില്‍ താഴെ മാത്രം ജലമാണ് അവശേഷിക്കുന്നത്. ജൂണ്‍ അവസാനം മുതല്‍ ആഗസ്ത്് ആദ്യവാരം വരെയുള്ള കണക്കില്‍ ജില്ലയിലെ മഴയുടെ ലഭ്യതയില്‍  31 ശതമാനം കുറവ് വന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഭൂഗര്‍ഭ ജലനിരപ്പില്‍ അപകടകരമായ കുറവില്ലെങ്കിലും തുടര്‍ന്നും മഴയുടെ ലഭ്യതയില്‍ കുറവ് വന്നാല്‍  ജലനിരപ്പിനെ ബാധിക്കുമെന്ന് ഭൂഗര്‍ഭ ജലവിഭാഗം അധികൃതര്‍ അറിയിച്ചു. നിലവിലെ തടയണകളില്‍ മൂന്ന് മാസത്തേക്കുള്ള ജലശേഖരമുണ്ടെന്ന് വാട്ടര്‍അതോറിറ്റി വിഭാഗം അറിയിച്ചു. ഒന്നാംപുഴയില്‍ തടയണ നിര്‍മിച്ച് തമിഴ്—നാട് ജലം കടത്തുന്നുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകാര്യാലയം , വനംവകുപ്പ്, പോലിസ്, ജലസേചന വകുപ്പ് അധികൃതര്‍ പരിശോധന നടത്തുമെന്ന്  യോഗം അറിയിച്ചു. ജില്ലയില്‍ ഇതുവരെ 33,413 ഹെക്ടറിലാണ് നെല്‍കൃഷി ഇറക്കിയിരിക്കുന്നത്. 35,485 ഹെക്ടറിലാണ് സാധാരണ നെല്‍കൃഷി ഇറക്കുക. വിളവെടുപ്പ് പൂര്‍ത്തിയായാല്‍ മാത്രമെ വരള്‍ച്ച എത്രത്തോളം ബാധിച്ചുവെന്ന് വ്യക്തമാക്കാന്‍ സാധിക്കുകയുള്ളുവെന്ന് കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക