|    Oct 16 Tue, 2018 1:15 pm
FLASH NEWS

ജില്ലയില്‍ മഴക്കെടുതി തുടരുന്നു

Published : 19th September 2017 | Posted By: fsq

 

കോട്ടയം: രണ്ടുദിവസമായി തിമിര്‍ത്തുപെയ്ത മഴയ്ക്ക് അല്‍പ്പം ശമനമായെങ്കിലും കെടുതികള്‍ തുടരുകയാണ്. കനത്ത മഴയില്‍ വെള്ളം പൊങ്ങിയ പേരൂര്‍ തെള്ളകം പുഞ്ചപാടശേഖരത്തു നീന്താനിറങ്ങിയയാള്‍ മുങ്ങിമരിച്ചു. പേരൂര്‍ നടയ്ക്കല്‍ എന്‍ കെ ശശി(55)യാണ് മരിച്ചത്. പേരൂര്‍ കണിയാപറമ്പ് ഭാഗത്ത് തിങ്കളാഴ്ച രാവിലെ 8.30നായിരുന്നു സംഭവം. അഗ്‌നി രക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ഏഴു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ വൈകീട്ട് നാലോടെ പാടത്തിന്റെ അടിവശത്തു പുല്ലിലും ചെളിയിലും കുരുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെയും മീനിച്ചിലാറ്റില്‍ നിന്നുള്ള വെള്ളമെഴുക്കിനെയും തുടര്‍ന്ന് പാടത്ത് 12 അടിയോളം വെള്ളമുയര്‍ന്നിരുന്നു. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മലവെള്ളപ്പാച്ചിലില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ പല സ്ഥലങ്ങളിലെയും ഗതാഗതം സുഗമമായിട്ടില്ല. ജില്ലയുടെ ചില ഭാഗങ്ങളില്‍ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വീടുകള്‍ തകര്‍ന്നു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പോലിസും ഫയര്‍ഫോഴ്‌സും ഉള്‍പ്പെടെ ജില്ലാ ഭരണകൂടം മഴക്കെടുതി നേരിടുന്നതിന് ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. മഴക്കെടുതിയില്‍ ഇതുവരെ 29 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് ഔദ്യോഗികമായി കണക്കാക്കിയിട്ടുള്ളത്. കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള കണക്കുകള്‍പ്രകാരം വീടുകള്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട് 4.81 ലക്ഷത്തിന്റെയും കൃഷി നശിച്ചതിന്റെ പേരില്‍ 24.56 ലക്ഷത്തിന്റെയും നാശനഷ്ടമാണുണ്ടായിട്ടുള്ളത്. കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം നഗരമധ്യത്തില്‍ രണ്ടു സ്ഥലങ്ങളിലാണ് വീടിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണത്. കോട്ടയം വൈഡബ്ല്യുസിഎയ്ക്കു പിന്‍വശത്ത് മറ്റീത്ര തോപ്പിലുള്ള തരകന്‍ വീട്ടില്‍ ബിനുവിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ മുകളിലേക്കാണ് വന്‍മതില്‍ ഇടിഞ്ഞുവീണത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. 32 അടി ഉയരമുള്ളതായിരുന്നു മതില്‍. താമസക്കാരെ നേരത്തെ ഒഴിപ്പിച്ചിരുന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. ഞായറാഴ്ച പെയ്ത കനത്തമഴയില്‍ മതിലില്‍ പലഭാഗത്തായി വിള്ളലുകള്‍ രൂപപ്പെട്ടിരുന്നു. ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ആര്‍ഡിഒ, വെസ്റ്റ് പോലിസ്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ കോളനിയില്‍ താമസിക്കുന്ന തുമ്പുങ്കല്‍ പി കെ മോഹനന്റെ വീട് സമീപത്തെ കല്‍ക്കെട്ട് ഇടിഞ്ഞുവീണാണ് ഭാഗികമായി തകര്‍ന്നത്. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയായിരുന്നു സംഭവം. മോഹനന്റെ മകനും ഭാര്യയും കുഞ്ഞും കിടന്നുറങ്ങിയ മുറിയുടെ മുകളിലേക്കാണു കല്‍ക്കെട്ട് ഇടിഞ്ഞുവീണത്. ഇതോടൊപ്പം വീടിന്റെ ഒരുഭാഗം പൂര്‍ണമായും വീടിനുള്ളിലേക്ക് പതിച്ചു. ശബ്ദം കേട്ട് ഉറങ്ങിക്കിടന്നവര്‍ പെട്ടെന്ന് ഓടിമാറിയതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. റവന്യൂ, പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. ഈരാറ്റുപേട്ട: ശക്തമായ മഴയില്‍ കനത്ത നാശനഷ്ടം. നിരവധി വീടുകളുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു. പലയിടങ്ങളിലും മരങ്ങള്‍ ഒടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പനയ്ക്കപാലം പരിയാത്ത് കെ വസന്തകുമാരിയുടെ വീടിന്റെ സംരക്ഷണഭിത്തിയാണ് തകര്‍ന്ന് വീട് അപകടാവസ്ഥയിലായത്. 15 അടി ഉയരത്തിലുള്ള ഭിത്തി എട്ടടിയോളം ഇടിഞ്ഞ് മീനച്ചിലാറ്റില്‍ പതിച്ചിരിക്കുകയാണ്. ഈരാറ്റുപേട്ട മാളിയേക്കല്‍ അബ്ദുല്ലയുടെയും ഈരാറ്റുപേട്ട മറ്റയ്ക്കാട് കിഴക്കേപുരയ്ക്കല്‍ സുമാദേവിയുടെയും വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞ്് അപകടാവസ്ഥയിലാണ്. മറ്റയ്ക്കാട് അരയത്തിനാല്‍ പാലത്തിനു സമീപത്തെ വന്‍ മരം കടപുഴകി ആറ്റിലേയ്ക്കു പതിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി: ശക്തമായ മഴയില്‍ ചങ്ങനാശ്ശേരി താലൂക്കിലെയും താഴ്ന്ന പ്രദേശങ്ങള്‍ ഒട്ടുമുക്കാലും വെള്ളത്തിനടിയിലായി. ഈ പ്രദേശങ്ങളിലേക്കുള്ള ബസ് സര്‍വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്. ഏറെ തിരക്കുള്ള ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ ആവണി ഭാഗത്തു റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ദുരിത പൂര്‍ണമായിട്ടുണ്ട്. പടിഞ്ഞാറന്‍ പ്രദേശങ്ങളായ പൂവം, നക്രപുതുവേല്‍, എസി കോളനി, കോമഞ്ചിറ, പെരുന്ന കിഴക്കു, വാഴപ്പള്ളി പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളായ പറാല്‍, വെട്ടിത്തുരുത്തു തുടങ്ങിയ ഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കുറിച്ചിയുടെ താഴ്ന്ന പ്രദേശങ്ങളിലും ചില കോളനികളിലും വെള്ളം കയറി. എന്നാല്‍, ദുരിതാശ്വാസ ക്യാംപുകള്‍ ഇതുവരെയായും ആരംഭിച്ചിട്ടില്ല. എരുമേലി: എരുമേലിയിലെ പലയിടങ്ങളിലും വൈദ്യുതി വിതരണം പോലും പുനസ്ഥാപിക്കാനായിട്ടില്ല. എരുമേലി ടൗണിലെ വൈദ്യുതി വിതരണം നിര്‍ത്തിവച്ചാണ് വിവിധ പ്രദേശങ്ങളിലെ ലൈനുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. കൂടുതലായും കിഴക്കന്‍ മലയോരമേഖലയിലാണ് വൈദ്യുതി തകരാറുകള്‍ ഇനിയും പരിഹരിക്കാനുളളത്. എലിവാലിക്കരയില്‍ ഒരു കിലോമീറ്ററോളം വൈദ്യുതിലൈനുകള്‍ തകര്‍ന്ന നിലയിലാണ്. ട്രാന്‍സ്‌ഫോമറും വൈദ്യുതി പോസ്റ്റുകളും മരങ്ങള്‍ വീണ് തകര്‍ന്നിരുന്നു. മൂക്കന്‍പെട്ടി, മൂലക്കയം, എയ്ഞ്ചല്‍വാലി പ്രദേശങ്ങളില്‍ വൈദ്യുതി പോസ്റ്റുകളും ലൈനുകളും കൃഷികളും നശിച്ചു. കിഴക്കന്‍ മേഖലയിലെ പാലങ്ങളില്‍നിന്നും വെളളമിറങ്ങിയതോടെ ഗതാഗതം പഴയപടിയായി. ഇന്നലെയും മഴ ശക്തമായി തുടര്‍ന്നിരുന്നെങ്കില്‍ സ്ഥിതി ഭീകരമാവുമായിരുന്നു. പ്രളയത്തിന് സമാനമായ അവസ്ഥയിലായിരുന്നു നാട്. ഉരുള്‍പൊട്ടല്‍ സാധ്യത ഭയന്ന് കഴിയുകയായിരുന്നു മലയോരവാസികള്‍. മഴയ്ക്ക് ഇന്നലെ ശമനമായതും വെയില്‍ തെളിഞ്ഞതും ആശ്വാസമായി. അതേസമയം, ഇനിയും കാലവര്‍ഷം കലിതുളളിയെത്തുമെന്നാണ് കാലാവസ്ഥാ റിപോര്‍ട്ടുകള്‍. ശക്തമായ കാറ്റും ഇടയ്ക്കിടെയെത്തി നീണ്ടുനിന്നത് മൂലം വനത്തിലും നാട്ടിലും നിരവധി മരങ്ങള്‍ കടപുഴകിയതിനൊപ്പം വെളളക്കെട്ട് രൂപപ്പെട്ട് തകര്‍ച്ചയിലായിരിക്കുകയാണ് റോഡുകളും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss