|    Nov 22 Thu, 2018 1:44 am
FLASH NEWS

ജില്ലയില്‍ മരിച്ചത ് 10 പേര്‍

Published : 28th August 2018 | Posted By: kasim kzm

കല്‍പ്പറ്റ: കാലവര്‍ഷത്തിനിടെ വയനാട്ടില്‍ 10 അപകടമരണങ്ങള്‍. ഉരുള്‍പൊട്ടിയും മണ്ണും ചുമരും ഇടിഞ്ഞും ഒഴുക്കില്‍പ്പെട്ടും കിണറ്റില്‍ വീണുമാണ് ഇത്രയും പേര്‍ മരിച്ചത്. വെണ്ണിയോട് പുഴയില്‍ ജീവനൊടുക്കിയ നാലംഗ കുടുംബത്തെക്കൂടി ഉള്‍പ്പെടുത്തിയാല്‍ മരിച്ചവരുടെ എണ്ണം 14 ആവും.
ആഗസ്ത് നാലിനു രാത്രിയാണ് വെണ്ണിയോട് പുഴയില്‍ ചുണ്ടേല്‍ ആനപ്പാറ കല്ലുരുട്ടിപ്പറമ്പില്‍ നാരായണന്‍കുട്ടി (45), ഭാര്യ ശ്രീജ (40), മകള്‍ സൂര്യ (11), മകന്‍ സായൂജ് (9) എന്നിവര്‍ മരിച്ചത്. നാരായണന്‍കുട്ടിയും ഭാര്യയും കുട്ടികള്‍ക്കൊപ്പം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പുഴക്കരയിലുണ്ടായിരുന്ന വാനിറ്റി ബാഗില്‍നിന്നു ലഭിച്ച കുറിപ്പ് വ്യക്തമാക്കുന്നത്. സായൂജിന്റെ മൃതദേഹം കുടുംബം പുഴയില്‍ ഇറങ്ങിയതെന്നു കരുതുന്ന വെണ്ണിയോട് പുഴക്കടവില്‍നിന്നു 13 കിലോമീറ്റര്‍ മാറി വിളമ്പുകണ്ടം കഴുക്കലോടി ബദിരൂര്‍ കയത്തില്‍ 23നു രാവിലെയാണ് കണ്ടെത്തിയത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ നേരത്തേ കണ്ടെടുത്തിരുന്നു.
മണ്ണിടിഞ്ഞു രണ്ടു മരണങ്ങളാണ് ജില്ലയിലുണ്ടായത്. എട്ടിനു രാത്രി വൈത്തിരിയില്‍ മണ്ണിടിഞ്ഞു തൊളിയത്തറ ജോര്‍ജിന്റെ ഭാര്യ ലില്ലി(65)യും ഒമ്പതിനു ഉച്ചയോടെ കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ഇടിഞ്ഞ മണ്ണില്‍ പുതഞ്ഞ് മൂപ്പൈനാട് വാറന്‍കോടന്‍ ഷൗക്കത്തലി(35)യും മരിച്ചു.
ഉരുള്‍പൊട്ടലില്‍ രണ്ടു ജീവനുകളാണ് പൊലിഞ്ഞത്. ഒമ്പതിനു പുലര്‍ച്ചെ മാനന്തവാടി മക്കിമലയിലായിരുന്നു ഉരുള്‍പൊട്ടല്‍. മംഗലശേരി റസാഖ് (40), ഭാര്യ സീനത്ത് (37) എന്നിവരാണ് മരിച്ചത്. ചുമര്‍ ഇടിഞ്ഞു സുല്‍ത്താന്‍ ബത്തേരി കുപ്പാടി മൂന്നാംമൈല്‍ ലക്ഷംവീട് കോളനിയിലെ ജലജ മന്ദിരത്തില്‍ മോഹനന്‍ പിള്ളയുടെ ഭാര്യ രാജമ്മ(58)യാണ് മരിച്ചത്. 12നു രാവിലെയായിരുന്നു ഈ സംഭവം.
കെട്ടഴിഞ്ഞ പശുക്കിടാവിന്റെ പിന്നാലെ പോവുന്നതിനിടെയാണ് അയല്‍വാസിയുടെ വീടിന്റെ ചുമരിടിഞ്ഞ് രാജമ്മയുടെ ദേഹത്തുവീണത്.
ഒഴുക്കില്‍പ്പെട്ടും കിണറില്‍ വീണുമാണ് മറ്റു മരണങ്ങള്‍. 14നു തലപ്പുഴ കമ്പിപ്പാലത്ത് പുഴയില്‍പ്പെട്ട് ദ്വാരക പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥി ലിജിന്‍ പോള്‍ (22) മരിച്ചു. കമ്പിപ്പാലത്തിനു രണ്ടു കിലോമീറ്റര്‍ മാറി നാല്‍പ്പത്തിയാറാം മൈലില്‍ പുഴക്കരയില്‍ 18നു വൈകീട്ട് അഞ്ചോടെയാണ് ലിജിന്റെ മൃതദേഹം കണ്ടെത്തിയത്. തലപ്പുഴ ഗവ. യുപി സ്‌കൂള്‍ അധ്യാപകന്‍ ജിജി എസ് പോളിന്റെയും തലപ്പുഴ പാരിസണ്‍ തേയിലത്തോട്ടം ആശുപത്രി നഴ്‌സ് ലിസിയുടെയും മകനാണ് ലിജിന്‍. 16നു സുല്‍ത്താന്‍ ബത്തേരി പഴുപ്പത്തൂര്‍ കൈവെട്ടമൂല ആന്റിയാംപറമ്പില്‍ രാജന്‍ (65) കിണറ്റില്‍ വീണുമരിച്ചു. രാത്രി വീടിനു സമീപത്തെ പൊതുകിണറിലാണ് വീണത്. 24നു നിരവില്‍പുഴയിലെ വ്യാപാരി കണികുളത്ത് സ്റ്റീഫന്റെ ഭാര്യ സാലി (48) കിണറ്റില്‍ വീണു മരിച്ചു.
അന്ന് ഉച്ചകഴിഞ്ഞു മൂന്നോടെ കടയില്‍നിന്നു വീട്ടിലെത്തിയ സ്റ്റീഫന്‍ വിളിച്ചിട്ടും കാണാത്തതിനെ തുടര്‍ന്നു അന്വേഷിച്ചപ്പോഴാണ് കിണറ്റില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ സാലിയെ കണ്ടത്. തിരുവോണദിവസം കോറോത്ത് ചക്കാലക്കൊല്ലി കോളനിയിലെ ശശി(32)യും തലപ്പുഴ യവനാര്‍കുളത്ത് കാവുങ്ങല്‍ പണിയ കോളനിയിലെ രാജനും മരിച്ചു. കോറോം മുടവന്‍കൊടി പുഴയില്‍ ഒഴുക്കില്‍പ്പെട്ടായിരുന്നു ശശിയുടെ മരണം. രാജനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss