|    Nov 17 Sat, 2018 8:27 pm
FLASH NEWS

ജില്ലയില്‍ മരണം നാലായി; 10,949 പേരെ പുനരധിവസിപ്പിച്ചു

Published : 11th August 2018 | Posted By: kasim kzm

കല്‍പ്പറ്റ: രണ്ടുദിവസം തിമിര്‍ത്തു പെയ്ത മഴയില്‍ ജില്ല ദുരിതക്കയത്തില്‍. മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയും ഇതുവരെ ദമ്പതികളടക്കം നാലുപേര്‍ മരിച്ചു. മാനന്തവാടി തലപ്പുഴയ്ക്ക് സമീപം മക്കിമലയില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് മംഗലശ്ശേരി വീട്ടില്‍ റസാഖ് (40), ഭാര്യ സീനത്ത് (32), വൈത്തിരി പോലിസ് സ്‌റ്റേഷനടുത്തുള്ള ലക്ഷംവീട് കോളനിയിലെ തോളിയിലത്തറ ജോര്‍ജിന്റെ ഭാര്യ ലില്ലി (62), വെള്ളാരംകുന്നില്‍ മണ്ണിടിച്ചലില്‍പ്പെട്ട് മൂപ്പൈനാട് കടല്‍മാട് സ്വദേശി വാറങ്ങോട്ട് ഷൗക്കത്തലി (33) എന്നിവരാണ് മരിച്ചത്.
വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലെ 133 ദുരിതാശ്വാസ ക്യാംപുകളിലായി 2,744 കുടുംബങ്ങളില്‍ നിന്നു 10,949 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ 245.37 മില്ലിമീറ്റര്‍ മഴ ലഭിച്ചു. മണ്‍സൂണില്‍ ഇതുവരെ 2670.56 മില്ലിമീറ്റര്‍ മഴ ലഭിച്ചതായാണ് കണക്ക്. 20 വീടുകള്‍ പൂര്‍ണമായും 536 വീടുകള്‍ ഭാഗികമായും നശിച്ചു. ജില്ലയില്‍ ഇതുവരെ മഴക്കെടുതിയില്‍ ഒമ്പതു ജീവന്‍ നഷ്ടപ്പെട്ടു. 23 പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ റിസര്‍വോയറിലെ ജലനിരപ്പ് 775.6 എംഎസ്എല്‍ ആണ്.
കാരാപ്പുഴയില്‍ 758.2 എംഎസ്എല്‍ രേഖപ്പെടുത്തി. ദുരിതബാധിത പ്രദേശങ്ങളില്‍ ഊര്‍ജിത രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ജില്ലയിലെ പോലിസ്, ഫയര്‍ഫോഴ്‌സ്, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പം സൈന്യവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു. കലക്ടറേറ്റിലും മൂന്നു താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍, സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. അടിയന്തര വൈദ്യസഹായം ആവശ്യമായി വരുന്നവര്‍ 9747707079, 9746239313, 9745166864 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. ദേശീയ ദുരന്തനിവാരണ സേന, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് (ഡിഎസ്‌സി), നാവികസേന എന്നിവയുടെ 150 സൈനികര്‍ അടങ്ങിയ സംഘം ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി ജില്ലയിലുണ്ട്. കൂടാതെ ജില്ലയിലെ ഫയര്‍ ആന്റ് റസ്‌ക്യു സംഘവും പോലിസും സമയോചിത ഇടപെടല്‍ നടത്തുന്നു. മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു കലക്ടര്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ പേരും പങ്കാളികളാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss