|    Apr 20 Fri, 2018 4:22 pm
FLASH NEWS

ജില്ലയില്‍ മണ്ണെടുപ്പിന് നിയന്ത്രണം

Published : 1st March 2016 | Posted By: SMR

കോട്ടയം: ജില്ലയില്‍ മണ്ണെടുപ്പിന് നിയന്ത്രണം ഏര്‍പ്പടുത്തിയതായി ജില്ലാ മജിസ്‌ട്രേറ്റുകൂടിയായ ജില്ലാ കലക്ടര്‍ യു വി ജോസ്. വരള്‍ച്ചയും അന്തരീക്ഷ മലിനീകരണവും കുടിവെള്ള ക്ഷാമവും വര്‍ഷകാലത്ത് മണ്ണിടിച്ചിലും അപകടങ്ങളും ഉണ്ടാവുന്നതിനുള്ളസാധ്യത ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നിരോധനം. ഒരു വ്യക്തിക്ക് വീട് വയ്ക്കുന്നതിനോ ഫഌറ്റ് നിര്‍മിക്കുന്നതിനോ 3002 വിസ്തീര്‍ണ്ണത്തില്‍ കുറവായ കച്ചവട ആവശ്യത്തിനുള്ള കെട്ടിടം പണിയുന്നതിനോ സാധാരണ മണ്ണ് ഖനനം ചെയ്യുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല. എന്നാല്‍ ഇ തിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നു നല്‍കുന്ന കെട്ടിട നിര്‍മാണ പെ ര്‍മിറ്റ് ആവശ്യമാണ്.
ഈ ആവശ്യങ്ങള്‍ക്കല്ലാതെ മണ്ണ് ഖനനത്തിന് അഞ്ച് ഹെക്ടറില്‍ താഴെ സംസ്ഥാന പരിസ്ഥിതി വകുപ്പിന്റേയും അഞ്ച് ഹെക്ടറിനു മുകളില്‍ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന്റെയും രേഖാമൂലമായ അനുമതി ആവശ്യമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കെട്ടിടത്തിന് പെര്‍മിറ്റു നല്‍കുമ്പോള്‍ കെട്ടിട നിര്‍മാണ ആവശ്യത്തിന് മണ്ണ് നീക്കം ചെയ്യേണ്ടതുണ്ടെങ്കില്‍ അത് കെട്ടിട നിര്‍മാണ പെര്‍മിറ്റിനുള്ള അപേക്ഷയില്‍ ഉടമ പ്രത്യേകം കാണിച്ചിരിക്കണം.
കെട്ടിട നിര്‍മാണത്തിനായി മാറ്റുന്ന മണ്ണ് വാഹനങ്ങളില്‍ നീക്കം ചെയ്യണമെങ്കില്‍ നിര്‍ബന്ധമായും ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നും ലാന്റ് ഡെവലപ്‌മെന്റ് പെര്‍മിറ്റ് വാങ്ങണം. ലാന്റ് ഡെവലപ്‌മെന്റ് പെര്‍മിറ്റില്‍ നീക്കം ചെയ്യേണ്ട മണ്ണിന്റെ അളവും അതിരുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ എന്‍ജിനീയര്‍ രേഖപ്പെടുത്തിയിരിക്കണം. വില്ലേജ് ഓഫിസറുടേയും ജിയോളജിസ്റ്റിന്റെയും എന്‍ഒസി ഉണ്ടെങ്കില്‍ മാത്രമേ ലാന്റ് ഡെവലപ്‌മെന്റ് പെര്‍മിറ്റ് അനുവദിക്കുകയുള്ളൂ.
ലാന്റ് ഡെവലപ്‌മെന്റ് പെര്‍മിറ്റും ബില്‍ഡിങ് പെര്‍മിറ്റും ഉള്ളവര്‍ക്കേ ജിയോളജിസ്റ്റ് മണ്ണ് വാഹനങ്ങളില്‍ കടത്തുവാനുള്ള പെര്‍മിറ്റ് അനുവദിക്കൂ. ഖനനം ചെയ്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് കെട്ടിട നിര്‍മാണ സൈറ്റില്‍ നിന്നും നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന റോയല്‍റ്റി മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ അടച്ച് ആവശ്യമായ കടത്തു പാസ്സ് വാങ്ങിയിരിക്കണം. മണ്ണുകൊണ്ടു പോവുന്ന ഓരേ വാഹനത്തിലും (ട്രിപ്പിലും) മണ്ണ് കയറ്റിയ സമയം, തിയ്യതി എത്തിച്ചേരുന്ന സ്ഥലം, സമയം എന്നിവ കൃത്യമായി രേഖപ്പെടുത്തിയ പാസ്സുകള്‍ ഉണ്ടായിരിക്കണം. ഈ രേഖപ്പെടുത്തലുകള്‍ക്കു മുകളില്‍ പാസ് ഉടമ സെല്ലോ ടേപ്പ് പതിച്ചിരിക്കുകയും വേണം. ഇപ്രകാരം ഉള്ള പാസ്സുകള്‍ മാത്രമേ നിയമപ്രകാരമുള്ള പാസ് ആയി പരിഗണിക്കുകയുള്ളൂ.
മണ്ണിന് പെര്‍മിറ്റ് ലഭിച്ച് റോയല്‍റ്റി അടച്ചശേഷം പിന്നീട് അടയാളപ്പെടുത്തിയ ഏരിയയില്‍ നിന്നോ സമീപത്തു നിന്നോ കൂടുതല്‍ ഖനനം നടത്തുന്നതായോ, കടത്താന്‍ ശ്രമിച്ചതായോ, കടത്തിയതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ അനധികൃത ഖനനത്തിന് ശിക്ഷാനടപടികള്‍ സ്വീകരിക്കും. ജെസിബി മുതലായ എര്‍ത്ത് എസ്‌കവേറ്ററുകള്‍ ഉപയോഗിച്ചുള്ള സാധാരണ മണ്ണ് ഖനനം പൊതുജനാരോഗ്യത്തിനും സൈ്വര്യ ജീവിതത്തിനും ഹാനികരമായതിനാല്‍ പൊതുജന താല്‍പര്യം മുന്‍നിര്‍ത്തി രാവിലെ ആറ് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് ഖനനത്തിനുള്ള സമയം. ഈ സമയ പരിധിയ്ക്കുള്ളിലല്ലാതെ മണ്ണ് ഖനനം നടത്തിയാല്‍ പൊതുജനാരോഗ്യത്തിന് ഹാനികരമായ പ്രവൃത്തി ആയി കണക്കാക്കി 1973 ലെ ക്രിമിനല്‍ നടപടി നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കും. പരിസ്ഥിതി വകുപ്പില്‍ നിന്നും അനുമതി കിട്ടിയ ഖനന പ്രവര്‍ത്തനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.
മണ്ണ് നീക്കം ചെയ്യുന്നതിനുള്ള വാഹനഗതാഗതം ജില്ലയിലൊട്ടാകെയായി രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ്. വാഹനങ്ങളില്‍ ഓവര്‍ ലോഡ് പാടില്ല. പൊടി ശല്യം ഒഴിവാക്കുന്നതിന് പടുതകൊണ്ട് ശരിയായി മൂടിയശേഷം മാത്രമേ ലോഡു കൊണ്ടുപോകുവാന്‍ പാടുള്ളൂ. ഗാര്‍ഡന്‍ നെറ്റ് ഉപയോഗിക്കുവാന്‍ പാടില്ല. റവന്യൂ രേഖകളില്‍ നിലം ആയി രേഖപ്പെടുത്തപ്പെട്ട സ്ഥലത്ത് ഈ മണ്ണ് നിക്ഷേപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനം പിടിച്ചെടുക്കുകയും കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണം നിയമം 2008 പ്രകാരം നിയമ നടപടിയും സ്വീകരിക്കും. പൊതുഅവധി ദിവസങ്ങളില്‍ മണ്ണ് ഖനനവും മണ്ണ് കടത്തിക്കൊണ്ടു പോവുന്നതും പാടില്ലാത്തതാണ്.
പൊതുവായതും അടിയന്തര പ്രാധാന്യമുള്ളതുമായ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കു മണ്ണു കൊണ്ടു പോവുന്നതിന് ബന്ധപ്പെട്ട വകുപ്പ് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കണം. വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തി ല്‍ പരിശോധനയ്ക്കു ശേഷം ജില്ലാ കലക്ടര്‍ ആവശ്യമായ ഇളവുകള്‍ നല്‍കി പ്രത്യേക ഉത്തരവ് നല്‍കുന്നതുമാണ്. നിയന്ത്രണ നടപടികള്‍ ജില്ലാ പോലിസ് വിഭാഗം, മൈനിങ് ആന്റ് ജിയോളജി വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ ഡിവിഷണല്‍ ഓഫിസര്‍ മുതല്‍ വില്ലേജ് ഓഫിസര്‍ വരെയുള്ള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഉറപ്പു വരുത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss