|    Jun 20 Wed, 2018 9:35 am

ജില്ലയില്‍ ഭൂമി സംബന്ധിച്ച റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും

Published : 1st December 2016 | Posted By: SMR

കാസര്‍കോട്: ജില്ലയിലെ മുഴുവന്‍ വില്ലേജുകളിലും ഭൂമി സംബന്ധിച്ച റീസര്‍വെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ ജീവന്‍ബാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഒന്നാം ഘട്ടമെന്ന നിലയില്‍ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്. ഇതിനായി ഓരോ വില്ലേജുകളിലും പ്രത്യേകം ക്യാംപുകള്‍ സംഘടിപ്പിക്കും. തുടക്കത്തില്‍ ഈമാസം ഏഴിന് ഓരോ താലൂക്കിലെയും ഓരോ വില്ലേജുകളായ ഹൊസ്ദുര്‍ഗ്, കിനാനൂര്‍, തളങ്കര, എന്‍മകജെ  എന്നിവിടങ്ങളില്‍ വിവരം ശേഖരിക്കാന്‍ ക്യാംപ് സംഘടിപ്പിക്കും. ക്യാംപുകളില്‍ ഓരോ വ്യക്തിയും തന്റെ പേരിലുള്ള ഭൂമിയുടെ ആധാരം ആധാരം, ബാങ്കില്‍ പണയം വച്ചവരാണെങ്കില്‍ ബാങ്കില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ്,  നികുതി അടച്ച രശീതും, പ്രത്യേകം തയ്യാറാക്കിയ ഫോമും പൂരിപ്പിച്ച് നല്‍കണം. ഇതിനുള്ള ഫോറങ്ങള്‍ താലൂക്ക് ഓഫിസ്, വില്ലേജ് ഓഫിസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയും വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.  ജില്ലയില്‍ മുമ്പ് റീസര്‍വേ നടത്തി റിക്കാഡുകള്‍ തയ്യാറാക്കിയത് 1928-30 കാലഘട്ടത്തിലാണ്. അതിന് ശേഷം ഭൂമിയിലെ കൈവശം സംബന്ധിച്ചും അവകാശം സംബന്ധിച്ചും മാറ്റങ്ങള്‍ വില്ലേജ് രേഖകളില്‍ കാലാകാലങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല. ഇതുമൂലം ഭൂമി സംബന്ധിച്ചുള്ള അവകാശ തര്‍ക്കങ്ങളും അതിര്‍ത്തി തര്‍ക്കങ്ങളും കൂടി വരികയാണ്. ഇത് പരിഹരിക്കുന്നതിന് ഭൂമി സംബന്ധിച്ച രേഖകള്‍ കാലാകാലങ്ങളില്‍ പുതുക്കി തയ്യാറാക്കേണ്ടതുണ്ട്. ജില്ലയില്‍ ഇത്തരത്തിലുള്ള റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ വേണ്ട വിധത്തില്‍ നടന്നിട്ടില്ല. റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തില്‍ ജില്ലയിലെ ഭൂമി സംബന്ധമായ വിഷയങ്ങള്‍ക്ക് പരിഹാരം കാണാന്‍ രണ്ടാഴ്ച മുമ്പ് കാസര്‍കോട്ട് റവന്യൂപ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍, ലാന്റ് റവന്യൂ കമ്മീഷണര്‍ എ ടി ജയിംസ്, റവന്യൂ ജോയിന്റ് കമ്മീഷണര്‍ പത്മകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ച യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റീസര്‍വെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ജില്ലയില്‍ കാസര്‍കോട് താലൂക്കില്‍ 34, മഞ്ചേശ്വരം താലൂക്കില്‍ 48, ഹൊസ്ദുര്‍ഗില്‍ 31, വെള്ളരിക്കുണ്ടില്‍ 15 എന്നിങ്ങനെ 128 വില്ലേജുകളാണുള്ളത്. അടുത്തകാലത്തായി 11 വില്ലേജുകളില്‍ റീസര്‍വെ പൂര്‍ത്തിയായിട്ടുണ്ട്. കാസര്‍കോട് താലൂക്കിലെ മധൂര്‍, പുത്തൂര്‍, പടഌ ഷിറിബാഗിലു, കൂഡ്‌ലു വില്ലേജുകളിലും മഞ്ചേശ്വരം താലൂക്കിലെ മൊഗ്രാല്‍, കോടിബയല്‍, മുളിഞ്ചെ, ഇച്ചിലംപാടി, കോയിപ്പാടി, കണ്ണൂര്‍ എന്നീ വില്ലേജുകളിലാണ് റീസര്‍വ്വേ പൂര്‍ത്തിയായത്. ഇവിടങ്ങളില്‍ നിന്നെല്ലാം ഏകദേശം 2000 വീതം പരാതികള്‍ സര്‍വെക്ക് ശേഷം ലഭിച്ചിരുന്നു. ബാക്കി വരുന്ന 117 വില്ലേജുകളിലാണ് ഇനി റീസര്‍വെ പ്രവര്‍ത്തനം നടക്കുന്നത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ ലളിതമായ രീതിയിലാണ് അപേക്ഷ ഫോറം തയ്യാറാക്കിയിട്ടുള്ളത്. ഓരോ ക്യാംപുകളില്‍ നാലോ അഞ്ചോ കൗണ്ടറുകള്‍ സ്ഥാപിച്ച് ജനങ്ങളെ ക്യുവില്‍ നിര്‍ത്തി ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കുമെന്നും ഈ അവസം മുഴുവന്‍ സ്ഥല ഉടമകളും പരമാവധി ഉപയോഗിക്കണമെന്നും കലക്്ടര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss