|    Apr 22 Sun, 2018 8:18 pm
FLASH NEWS

ജില്ലയില്‍ ഭൂമി റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവുന്നു

Published : 21st March 2017 | Posted By: fsq

 

കാസര്‍കോട്: ജില്ലയിലെ ഭൂ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. സംസ്ഥാന സര്‍ക്കാരിന്റെ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 10 വില്ലേജുകളിലെ 8000 ഹെക്ടര്‍ ഭൂമിയിലെ റിസര്‍വേക്കാണ് തുടക്കമാവുന്നത്. ഇതിനായി കഴിഞ്ഞ ദിവസം 400 ഉദ്യോഗസ്ഥര്‍ ജില്ലയില്‍ എത്തി. സര്‍വെയും ഭൂരേഖയും വകുപ്പിലെ ഉദ്യോഗസ്ഥരാണ് റീസര്‍വെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ജില്ലയിലെത്തിയത്. ഡെപ്യൂട്ടി ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, അസി. ഡയറക്ടര്‍മാര്‍, സൂപ്രണ്ടുമാര്‍, ഡ്രാഫ്റ്റ്‌സ്മാന്‍, സര്‍വ്വെയര്‍ എന്നീ തസ്തികകളിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.
ആദ്യഘട്ടത്തില്‍ റീ സര്‍വെ നടക്കുന്ന ജില്ലയിലെ 10 വില്ലേജുകളിലും ക്യാംപ് ഓഫിസുകള്‍ തുറന്നിട്ടുണ്ട്. ഇന്നും നാളെയുമായി പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ സര്‍വ്വെ ടീമിന് പരിശീലനം നല്‍കുമെന്ന് സര്‍വെ കോഓര്‍ഡിനേറ്റര്‍ പി മധുലിമായ പറഞ്ഞു.
വ്യാഴാഴ്ച മുതല്‍ ഓരോ ഉദ്യോഗസ്ഥരും അവരവര്‍ക്ക് നിയോഗിക്കപ്പെട്ട വില്ലേജുകളില്‍ റീസര്‍വേ പ്രവര്‍ത്തനം ആരംഭിക്കും. ഹൊസ്ദുര്‍ഗ്, ചിത്താരി, അജാനൂര്‍, പള്ളിക്കര ഒന്ന്, രണ്ട്, കീക്കാന്‍, പിലിക്കോട്, മാണിയാട്ട്, നോര്‍ത്ത് തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ എന്നീ പത്ത് വില്ലേജുകളിലെ റിസര്‍വേയാണ് ആദ്യം നടക്കുക. ജില്ലയിലെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഞായറാഴ്ച രാവിലെ കാഞ്ഞങ്ങാട് റെസ്റ്റ് ഹൗസില്‍ ക്യാംപ് ഓഫിസ് തുറന്ന് സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഉദ്യോഗസ്ഥരെ സംഘങ്ങളായി തിരിച്ച് ഓരോ വില്ലേജിന്റെയും ചുമതലകള്‍ നല്‍കി.
പത്ത് വില്ലേജിലെ സംഘത്തിന് സഞ്ചരിക്കാന്‍ ഓരോ വാഹനവും വിട്ടുനല്‍കിയിട്ടുണ്ട്. താമസത്തിനായി കാഞ്ഞങ്ങാട് നഗരസഭയുടെ ചെമ്മട്ടംവയല്‍ വനിതാ ഹോസ്റ്റല്‍ റവന്യു വകുപ്പ് വാടകക്കെടുത്തിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കൈവശമുള്ള കെട്ടിടങ്ങളിലും താമസ സൗകര്യമൊരുക്കിയിട്ടുണ്ട്.
നാലുമാസത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. കലക്ടര്‍ അധ്യക്ഷനായ ജില്ലാസമിതിയാണ് സര്‍വേയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുക. ആധുനിക ശാസ്ത്ര സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന സര്‍വേ സംബന്ധിച്ച് ഉണ്ടാവുന്ന പരാതികള്‍ വാര്‍ഡ് തലസമിതികള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. ഹെഡ് സര്‍വേയര്‍ തീര്‍പ്പുകല്‍പ്പിച്ച് സര്‍വേ റിക്കോര്‍ഡുകള്‍ കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തും.
തീരാത്തവ പഞ്ചായത്തുതല സമിതികളും ജില്ലാതല സമിതികളും പരിഗണിക്കും. അധികം ഭൂമി കൈവശമുള്ളത് സമിതികള്‍ പരിശോധിക്കും. റീസര്‍വേ പ്രവര്‍ത്തനത്തിന് വേണ്ടി തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളിലെ 265 സര്‍വേയര്‍, 49 ഹെഡ് സര്‍വേയര്‍, 89 ഡ്രാഫ്റ്റ്‌സ്മാന്‍, 16 ഹെഡ് ഡ്രാഫ്റ്റ്‌സ്മാന്‍, 10 സൂപ്രണ്ടുമാര്‍ എന്നിവരാണ് ജില്ലയിലേക്ക് മാറ്റിയത്.
സ്വകാര്യ വ്യക്തികളുടെയും സര്‍ക്കാറിന്റെയും ഭൂമി തിരിച്ചറിയാന്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റവന്യൂ-സര്‍വെയും ഭൂരേഖയും വകുപ്പ് കേരള ലാന്റ് ഇന്‍ഫര്‍മേഷന്‍ മിഷനുമായി സഹകരിച്ച് റീസര്‍വെ നടത്തുന്നത്. ഇത് വിവിധ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. സംസ്ഥാനത്ത് 2012 ഒക്‌ടോബറില്‍ ഭാഗികമായി നിര്‍ത്തിവച്ച റീസര്‍വെ പ്രവര്‍ത്തനങ്ങളാണ് ഇതോടെ പുനരാരംഭിക്കുന്നത്.
ഇതിനായി കഴിഞ്ഞ മാസങ്ങളില്‍ ഓരോ വ്യക്തികളില്‍ നിന്നും ഭൂരേഖകള്‍ ഓരോ വില്ലേജിലും ക്യാംപ് നടത്തി ശേഖരിച്ചിരുന്നു. ജില്ലയില്‍ മുമ്പ് റീസര്‍വേ നടത്തി റിക്കാഡുകള്‍ തയ്യാറാക്കിയത് 1928-30 കാലഘട്ടത്തിലാണ്.
അതിനു ശേഷം ഭൂമിയിലെ കൈവശം സംബന്ധിച്ചും അവകാശം സംബന്ധിച്ചും മാറ്റങ്ങള്‍ വില്ലേജ് രേഖകളില്‍ കാലാകാലങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല. കാസര്‍കോട് താലൂക്കില്‍ 34 വില്ലേജുകളും, മഞ്ചേശ്വരം താലൂക്കില്‍ 48, ഹൊസ്ദുര്‍ഗില്‍ 31, വെള്ളരിക്കുണ്ടില്‍ 15 എന്നിങ്ങനെ 128 വില്ലേജുകളാണുള്ളത്.
അടുത്തകാലത്തായി 11 വില്ലേജുകളില്‍ റീസര്‍വ്വെ പൂര്‍ത്തിയായിട്ടുണ്ട്. കാസര്‍കോട് താലൂക്കിലെ മധൂര്‍, പുത്തൂര്‍, പട്‌ള, ഷിറിബാഗിലു കൂഡ്‌ലു വില്ലേജുകളിലും മഞ്ചേശ്വരം താലൂക്കിലെ മൊഗ്രാല്‍, കൊടിബയല്‍, മുളിഞ്ചെ, ഇച്ചിലംപാടി, കോയിപ്പാടി, കണ്ണൂരു എന്നീ വില്ലേജുകളിലാണ് റീസര്‍വേ പൂര്‍ത്തിയായത്.  ബാക്കി വരുന്ന 117 വില്ലേജുകളിലാണ് ഇനി റീസര്‍വെ പ്രവര്‍ത്തനം നടക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss