|    Apr 26 Thu, 2018 6:27 pm
FLASH NEWS

ജില്ലയില്‍ ഭക്ഷ്യസുരക്ഷാ പരിശോധന നിര്‍ജീവമാവുന്നു

Published : 21st March 2016 | Posted By: SMR

പത്തനംതിട്ട: ജില്ലയില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന നിര്‍ജീവമാവുന്നു. ഇതോടെ ജില്ലയിലെ ഒട്ടുമിക്ക ഹോട്ടലുകളിലും തട്ടുകടകളിലും ആരോഗ്യത്തിന് ഹാനീകരമാവുന്ന രീതിയിലുള്ള ഭക്ഷണ സാധനങ്ങളുടെ വില്‍പ്പനയും സജീവമായി. ആറു മാസത്തിന് മുമ്പ് സംസ്ഥാന ഭക്ഷ്യസുരക്ഷാ മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ ക്രീയാത്മകമായ രീതിയില്‍ നടന്നു വന്നിരുന്ന പരിശോധനകള്‍ ജില്ലയിലെ വന്‍കിട ലാബുകളുടെയും പ്രമുഖ ഹോട്ടലുകളുടെയും ഷട്ടറുകള്‍ക്ക് പൂട്ടു വീണതോടെയാണ് നിര്‍ജീവമായത്.
കഴിഞ്ഞ ദിവസം അടൂരിലെ കെഎസ്ആര്‍ടിസിക്ക് ബസ് സ്‌റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന പ്രമുഖ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥതയെ തുര്‍ന്ന് പ്രാഥമിക ശുശ്രൂഷയ്ക്ക് വിധേയരാവേണ്ടി വന്നു. ഹോട്ടലില്‍ നിന്നു പഴകിയ ഭക്ഷണം കഴിച്ചതാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് ഇവരെ ചികില്‍സിച്ച ഡോക്ടര്‍ പറഞ്ഞു. ഈ ഹോട്ടലിനെ കുറിച്ച് തന്നെ നിരവധി പരാതികളും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. ഈ ഹോട്ടലിലെ ശുചിമുറിയുടെ അവസ്ഥയും പരിതാപകരമാണ്.
കടകളിലും ഹോട്ടലുകളിലുമെല്ലാം ഭക്ഷ്യ വസ്തുക്കള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലാവാരം ഉറപ്പിക്കാനായി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തുടനീളം നടത്തി വന്നിരുന്ന മിന്നല്‍ പരിശോധനയും നിലച്ചു. ഇതിനായി ജില്ലകള്‍ തോറും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിരുന്നു. ഭക്ഷ്യ വസ്തുക്കള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം,ഹോട്ടലുകളിലും,ജ്യൂസ് പാര്‍ലറിലും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം എന്നിവയെല്ലാം ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
വേനല്‍ക്കാലമായതോടെ പടര്‍ന്ന് പിടിക്കുന്ന മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകളും ഇതോടെ നിലച്ചു.
ശുദ്ധ ജലത്തിന്റെ അഭാവമുള്ളതിനാല്‍ ഐസ്‌ക്രീമുകളും ജ്യൂസുകളുമെല്ലാമുണ്ടാക്കാന്‍ വേനല്‍കാലത്ത് വന്‍ തോതില്‍ ഗുണനിലവാരമില്ലാത്ത വെള്ളം ഉപയോഗിക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ജലപരിശോധനയ്ക്കായി വിവിധ അസോസിയേഷനുകളും സംഘടനകളും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുമുണ്ട്. ഇവയില്‍ മിക്കതും തെരുവോര ജ്യൂസ് പാര്‍ലറുകള്‍ക്കും പെട്ടിക്കടകള്‍ക്കുമെതിരായാണ്.
ഇതിന് പുറമെ വാട്‌സ് ആപ്പിലൂടെയും മറ്റും പഴവര്‍ഗങ്ങള്‍ മൂപ്പെത്താനും പഴുപ്പിക്കാനുമെല്ലാം വന്‍ തോതില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിന്റെ തെളിവുകളും ജില്ലയില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുള്ളതായി ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഏകദേശം ആയിരം കിലോ മാങ്ങ പാകമാവാന്‍ 150 കിലോവരെ കാല്‍സ്യം കാര്‍ബണേറ്റ് വരെ പലരും ഉപയോഗിക്കുന്നുണ്ട്. ഇത് വലിയ ആരോഗ്യപ്രശ്‌നമാണ് കുട്ടികളിലും മുതിര്‍ന്നവരിലുമെല്ലാം ഉണ്ടാക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഴങ്ങള്‍ എത്തിക്കുന്ന മൊത്തക്കച്ചവട ശാലയുടെ വെയര്‍ഹൗസുകളിലും പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss