|    Oct 19 Thu, 2017 6:32 pm
FLASH NEWS

ജില്ലയില്‍ പോലിസ് വുമണ്‍ ഫ്രണ്ട്‌ലി ആവണം: അഡ്വ. നൂര്‍ബിന റഷീദ്

Published : 11th January 2017 | Posted By: fsq

 

കാസര്‍കോട്്: ജില്ലയിലെ പോലിസ് വുമണ്‍ ഫ്രണ്ട്‌ലി ആകണമെന്ന് വനിതാകമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാകമ്മീഷന്‍ സിറ്റിങില്‍ പോലിസിനെതിരെ ലഭിച്ച പരാതികള്‍ പരിഗണിച്ച് സംസാരിക്കുകയായിരുന്നു അവര്‍. പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രണ്ട് പരാതികളാണ് വനിതാ കമ്മീഷനു മുന്നില്‍ എത്തിയത്. സമന്‍സ്, വാറന്റ്് എന്നിവയുമായി പ്രതികളെ പിടികൂടാനായി വീടുകളിലെത്തുന്ന പോലിസുദ്യോഗസ്ഥര്‍ വനിതകളോട് മോശമായി പെരുമാറി എന്നാണ് വനിതാകമ്മീഷനു മുന്നില്‍ എത്തിയ പരാതികള്‍. ഓഫിസുകളില്‍ വനിതകള്‍ക്കെതിരെ സഹപ്രവര്‍ത്തകരില്‍ നിന്ന് മാനസികമായ പീഢനങ്ങള്‍ ഉണ്ടാകുന്നതായി രണ്ട് പരാതികള്‍ വനിതാകമ്മീഷനു മുന്നില്‍ വന്നു. രണ്ട് സര്‍ക്കാര്‍ ഓഫിസുകളിലെ മേലുദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരെ വരുതിക്കു നിര്‍ത്താന്‍ മാനസിക പീഢനങ്ങള്‍ ഉണ്ടാക്കുന്നു എന്നായിരുന്നു പരാതി. കമ്മീഷന് പരാതി അയച്ചിട്ട് സിറ്റിങില്‍ ഹാജരാവാത്ത പരാതിക്കാരുടെ എണ്ണം ഏറി വരികയാണ്. പൂര്‍ണമേല്‍വിലാസം ഇല്ലാത്ത പരാതികളും കമ്മീഷനിലേക്ക് എത്തുന്നുണ്ട്. പരാതിക്കാര്‍ പരാതികള്‍ പൂര്‍ണ്ണമാക്കണമെന്നും സിറ്റിങില്‍ ഹാജരാവാന്‍ ശ്രദ്ധിക്കണമെന്നും അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു. സിറ്റിങില്‍ 53 പരാതികള്‍ പരിഗണിച്ചു. 24 പരാതികള്‍ തീര്‍പ്പാക്കി. 12 പരാതികളില്‍ പോലിസ് റിപോര്‍ട്ടും  നാല് പരാതികളില്‍ ആര്‍ഡിഒയുടെ റിപോര്‍ട്ടും ആവശ്യപ്പെട്ടു. നാല് പരാതികള്‍ കൗണ്‍സലിങിനും ഒമ്പത് പരാതികള്‍ അടുത്ത അദാലത്തിലേക്കും മാറ്റി. സിറ്റിങില്‍ ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു, എഡിഎം കെ അംബുജാക്ഷന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി കെ ശോഭ, അഡ്വ. റാണി, വനിതാ സിവില്‍ പോലിസ് ഓഫിസര്‍മാരായ ടി പി സുധ, പി ശാന്ത സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക