|    Oct 17 Wed, 2018 4:44 pm
FLASH NEWS

ജില്ലയില്‍ പാര്‍ട്ടി ഓഫിസുകള്‍ക്കു നേരെ അക്രമം

Published : 31st October 2017 | Posted By: fsq

 

കണ്ണൂര്‍: കാര്യമായ രാഷ്ട്രീയ സംഘര്‍ഷം ഇല്ലാതിരുന്നിട്ടും ജില്ലയില്‍ പലയിടത്തും പാര്‍ട്ടി ഓഫിസുകള്‍ക്കു നേരെ അക്രമം. തളിപ്പറമ്പ്, മേലൂര്‍, മമ്മാക്കുന്ന് ഭാഗങ്ങളിലാണ് ഓഫിസുകള്‍ ആക്രമിക്കപ്പെട്ടത്. കോണ്‍ഗ്രസ് ഓഫിസായി പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ് പട്ടുവം കൂത്താട്ടെ രാജീവ്ഭവന് ഒരുസംഘം തീയിട്ടു.ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. പരേതനായ കോണ്‍ഗ്രസ് നേതാവ് കപ്പച്ചേരി നാരായണന്‍ നല്‍കിയ 10 സെന്റ് ഭൂമിയില്‍ അഞ്ച് സെന്റിലാണ് രാജീവ് ഭവന്‍ നിര്‍മിക്കുന്നത്. നിര്‍മാണപ്രവൃത്തി പൂര്‍ത്തിയാവുന്ന കെട്ടിടത്തില്‍ താല്‍ക്കാലികമായി കോണ്‍ഗ്രസ് ഓഫിസ് പ്രവര്‍ത്തിച്ചുവരികയാണ്. പഞ്ചായത്ത് സേവാകേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ താല്‍ക്കാലിക വാതില്‍ തകര്‍ത്ത് അകത്തുകടന്നാണ് തീയിട്ടത്. മര ഉരുപ്പടികളും ഫര്‍ണിച്ചറുകളും കത്തിനശിച്ചു. സമീപത്തെ വീട്ടിലെ നായ നിര്‍ത്താതെ കുരച്ചുകൊണ്ടിരുന്നതിനെ തുടര്‍ന്ന് വീട്ടുടമ നോക്കിയപ്പോഴാണ് ഓഫിസില്‍ നിന്നു തീയുയരുന്നത് കണ്ടത്. ഉടന്‍ സമീപവാസികളെ വിവരം അറിയിച്ച് തീയണച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. യുഡിഎഫ് പടയൊരുക്കത്തിന്റെ പ്രചരണാര്‍ഥം മുള്ളൂല്‍ വായനശാലയ്ക്കു സമീപം അധികാരക്കടവ്, കൂത്താട്ട്-കടുക്കുന്ന്, കുഞ്ഞിമതിലകം എന്നിവിടങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്. പതാകയും ബോര്‍ഡുകളും പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ രാജീവന്‍ കപ്പച്ചേരിയുടെ വീട്ടുവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. തളിപ്പറമ്പ് പോലിസില്‍ പരാതി നല്‍കി. തലശ്ശേരിക്കു സമീപം ധര്‍മടം മേലൂരിലും കാടാച്ചിറ മമ്മാക്കുന്നിലും സിപിഎം ഓഫിസുകള്‍ ആക്രമിച്ചു. മമ്മാക്കുന്ന് കളപ്പുരമുക്കില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ സ്മാരക മന്ദിരത്തിന് നേരെ പുലര്‍ച്ചെ രണ്ടോടെയാണ് ആക്രമണം. ഓടിട്ട ഇരുനില വാടക കെട്ടിടത്തിനു താഴെ നിലയില്‍ ഫര്‍ണിച്ചര്‍ സ്ഥാപനവും മുകളില്‍ സിപിഎം ഓഫിസും അഴീക്കോടന്‍ സ്മാരക സ്‌പോര്‍ട്‌സ് ക്ലബുമാണ് പ്രവര്‍ത്തിക്കുന്നത്. ക്ലബിന്റെയും സിപിഎം ഓഫിസിന്റെയും വാതിലുകള്‍ തകര്‍ത്ത് ടെലിവിഷന്‍, കസേര, മേശ, ഫാന്‍, കസേരകള്‍ തുടങ്ങിയവ തകര്‍ത്ത് പുറത്തിട്ട നിലയിലാണ്. അക്രമത്തിനു പിന്നില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. പോലിസില്‍ പരാതി നല്‍കി. മമ്മാക്കുന്നില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ അകലെയുള്ള മേലൂരിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിന് നേരെയും ആക്രമണമുണ്ടായി.  ഇരുനില കെട്ടിടത്തിന് മുകളിലാണ് പാര്‍ട്ടി ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഓഫിസ് വാതില്‍ തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജനല്‍ച്ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയായിരുന്നു. ഒമ്പതോളം ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. ധര്‍മടം പോലിസില്‍ പരാതി നല്‍കി. പാനൂരിനടുത്ത് പൊയിലൂര്‍ കേളോത്ത് പവിത്രന്‍ സ്മാരക സ്തൂപം തകര്‍ത്തു. സിപിഎം പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് മലം കൊണ്ടിടുകയും ചെയ്തു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് സംഭവം. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസാണെന്ന് ആരോപിച്ച സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അക്രമങ്ങളില്‍ പ്രതിഷേധിച്ചു. ജനരക്ഷയാത്രയ്ക്ക് ശേഷം സംഘപരിവാരം തുടര്‍ച്ചയായി അക്രമം നടത്തുകയാണെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. പഴയങ്ങാടിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ പ്രചരണാര്‍ഥം സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകളും നശിപ്പിച്ചു. പഴയങ്ങാടി, വെങ്ങര പ്രദേശങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളാണ് നശിപ്പിച്ചത്. പഴയങ്ങാടി പോലിസില്‍ പരാതി നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss