|    Apr 30 Sun, 2017 10:13 pm
FLASH NEWS

ജില്ലയില്‍ പതിനായിരം ഏക്കര്‍ നെല്‍കൃഷി ഉണക്കഭീഷണിയില്‍

Published : 30th November 2016 | Posted By: SMR

തൃശൂര്‍: ചിമ്മിനി ഡാമിലെ വെള്ളമെത്താത്തതു മൂലം ജില്ലയിലെ പതിനായിരത്തോളം ഏക്കറിലെ നെല്‍കൃഷി ഉണക്കഭീഷണിയില്‍. കര്‍ഷകര്‍ ആശങ്കയിലായി. അടിയന്തിര നടപടിക്കായി മന്ത്രിതല നിര്‍ദ്ദേശം ലഭിച്ചു ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇറിഗേഷന്‍-കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അനക്കമില്ല. വിതച്ചതും വിളവെടുക്കാനായതുമായ ഏനാമാവ്, അടാട്ട്, പറപ്പൂര്‍ മേഖലയിലെ 30ഓളം പടവുകളിലെ കൃഷിയാണു വെള്ളമില്ലാതെ ഉണങ്ങുന്നത്. ഡാമില്‍ നിന്നു വെള്ളമെത്തിക്കാനും അനുബന്ധ സൗകര്യങ്ങല്‍ ഒരുക്കാനും മന്ത്രിതല നിര്‍ദ്ദേശം ലഭിച്ച് ഒരാഴ്ച്ച പിന്നിട്ടിട്ടും നടപടിയില്ലാത്തതില്‍ രോഷാകുലരായ കര്‍ഷകര്‍ കലക്ട്രേറ്റ് ഉപരോധമടക്കമുള്ള സമരത്തിനു തയ്യാറെടുക്കുകയാണ്. കോള്‍ചാലുകളിലെ ചണ്ടിയും കുളവാഴയും നീക്കി വെള്ളമെത്തിക്കാനുള്ള സൗകര്യം ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെ കോള്‍കര്‍ഷക സംഘം ഭാരവാഹികളും കര്‍ഷകരും കഴിഞ്ഞയാഴ്ച്ചയാണ് ജലസേചന വകുപ്പ് ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയറെ ഉപരോധിച്ചത്. ഉപ്പുവെള്ളം കയറാതിരിക്കാനും കോളിലെ വെള്ളം കടലിലേക്ക് ഒഴുകുന്നത് തടയാനുമുള്ള ബണ്ടുകള്‍ നിര്‍മിക്കാനുള്ള തുക ഉടന്‍ അനുവദിക്കുമെന്ന കൃഷി മന്ത്രി വി എസ് സുനില്‍കുമാറിന്റെ ഉറപ്പിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. ജലസേചന-കൃഷിവകുപ്പ് മന്ത്രിമാരുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ചണ്ടിവാരല്‍ അടക്കമുള്ള പ്രവൃത്തികള്‍ക്കും മുന്‍വര്‍ഷത്തെ കുടിശ്ശിക തീര്‍ക്കുന്നതിനും നടപടിയെടുത്തിരുന്നു. ടെന്‍ഡറിനുള്ള സാമ്പത്തിക അനുമതി കൈമാറുന്നതിനായി ജലസേചന വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയറേയും തലസ്ഥാനത്തേക്ക് വിളിപ്പിക്കുകയും ചെയ്തു. ടെന്‍ഡര്‍ എടുക്കാന്‍ ആളില്ലെന്ന കാരണം പറഞ്ഞ് ഉദ്യോഗസ്ഥരും കരാറുകാരും ഒത്തുകളിക്കുകയാണെന്നാണ് കര്‍ഷക സംഘങ്ങളുടെ ആരോപണം. അടുത്ത ദിവസങ്ങളില്‍ വെള്ളമെത്തിയില്ലെങ്കില്‍ സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് കര്‍ഷകരുടേയു ം തൊഴിലാളികളുടേയും തീരുമാനം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day