|    Mar 24 Fri, 2017 11:34 pm
FLASH NEWS

ജില്ലയില്‍ പണിമുടക്ക് പൂര്‍ണം

Published : 3rd September 2016 | Posted By: SMR

കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന അഖിലേന്ത്യാ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം.
സര്‍ക്കാര്‍ വാഹനങ്ങളും ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. റവന്യൂ ടവര്‍, നഗരസഭാ കാര്യാലയം, വിവിധ സര്‍ക്കാര്‍ സ്‌കൂളുകള്‍, നഗരത്തിലെയും വിവിധ പഞ്ചായത്തുകളിലെയും സ്വകാര്യ വ്യാപാര സ്ഥാപനങ്ങളും കെഎസ്ആര്‍ടിസി, കെഎസ്ഇബി, ദേശീയ-സ്വകാര്യ ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കുചേര്‍ന്നു. കുമരകത്ത് ഹൗസ് ബോട്ടുകളും കായലിലിറങ്ങിയില്ല. കലക്ടറേറ്റില്‍ 10 ശതമാനത്തില്‍ താഴെയായിരുന്നു ഹാജര്‍. എംജി സര്‍വകലാശാല പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. ഓഫിസിന്റെയും വിവിധ പഠനവകുപ്പുകളും പ്രവര്‍ത്തിച്ചില്ല. കോട്ടയം മെഡിക്കല്‍ കോളജ് ഓഫിസുകളുടെ പ്രവര്‍ത്തനവും മുടങ്ങി. കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയവരടക്കം മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നതിനാല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും യാത്രക്കാരുടെ എണ്ണം കുറവായിരുന്നു.
പണിമുടക്കിന് അഭിവാദ്യമര്‍പ്പിച്ച് സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. തിരുനക്കര മോട്ടോര്‍ തൊഴിലാളി ഓഫിസ് പരിസരത്തു നിന്നാരംഭിച്ച പ്രകടനം നഗരംചുറ്റി തിരുനക്കര സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥന്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. അഡ്വ. വി കെ സന്തോഷ് കുമാര്‍, അഡ്വ. വി ബി ബിനു, വി കെ കൃഷ്ണന്‍, സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, പി ജെ വര്‍ഗീസ്, എം കെ പ്രഭാകരന്‍, പി കെ ആനന്ദക്കുട്ടന്‍, അനിയന്‍ മാത്യു, പ്രസ്‌ക്ലബ് പ്രസിഡന്റ് എസ് മനോജ് സംസാരിച്ചു.
ജില്ലയിലെ വിവിധ പ്രദേശങ്ങളായ ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, മുണ്ടക്കയം, എരുമേലി, പാലാ, വൈക്കം, തലയോലപ്പറമ്പ് എന്നിവടങ്ങില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. എന്നാല്‍ കോട്ടയം നഗരത്തില്‍ കടകള്‍ പൂര്‍ണമായും അടഞ്ഞു കിടന്നെങ്കില്‍ ഇരുചക്ര വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. കെഎസ്ആര്‍ടിസി ബസ്സുകളും സ്വകാര്യ ബസ്സുകളും സര്‍വീസ് നടത്തിയില്ല. സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ കോട്ടയം നഗരത്തില്‍ പ്രകടനവും നടത്തി. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.
ഈരാറ്റുപേട്ടയില്‍ കേരള സ്റ്റേറ്റ് കെട്ടിട നിര്‍മാണ തൊഴിലാളി യൂനിയന്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശിയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രകടനം നടത്തി. ചങ്ങനാശ്ശേരി സെന്‍ട്രല്‍ ജങ്ഷനില്‍ നടത്തിയ ധര്‍ണ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പ്രഫ. എം ടി ജോസഫ് ഉദ്ഘാടനം ചെയ്തു.
എഐടിയുസി ജില്ലാ കൗണ്‍സിലംഗം കെ ടി തോമസ് അധ്യക്ഷത വഹിച്ചു. എരുമേലിയില്‍ കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകള്‍ ഒന്നും സര്‍വീസ് നടത്തിയില്ല. സര്‍ക്കാര്‍ ഓഫിസുകളും സ്‌കൂളുകളും ബാങ്കുകളും കടകളും അടഞ്ഞു കിടന്നു. എരുമേലി, മുക്കൂട്ടുതറ, കണമല പോലിസ് പിക്കറ്റിങ് ഏര്‍പ്പെടുത്തിയിരുന്നു. ആശുപത്രികളും പ്രവര്‍ത്തിച്ചു.

(Visited 32 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക